കവർസ്റ്റോറി
ഒരു സ്വവർഗാനുരാഗിയുടെ ക്യാമറക്കാഴ്‌ചകൾ

സുനിൽ ഗുപ്‌ത / അർജുൻ രാമചന്ദ്രൻ
Published on Jun 08, 2026, 02:25 PM | 12 min read
അർജുൻ രാമചന്ദ്രൻ: ഫോട്ടോഗ്രഫി ആത്മകഥാപരമായ കഥ പറയാൻ ഉപയോഗിക്കുന്നത് അത്ര പതിവില്ല, കാരണം അത് പൊതുവിൽ പുറത്തേക്ക് നോക്കുന്ന ഉപാധിയാണ്. ഇത് ഒരു ബോധപൂർവമായ തെരഞ്ഞെടുപ്പായിരുന്നോ? താങ്കൾ ആത്മകഥാംശമുള്ള സൃഷ്ടികൾ ചെയ്യാൻ തീരുമാനിച്ചതാണോ, അതോ അത് സംഭവിച്ചുപോയതോ?
സുനിൽ ഗുപ്ത: ഓ, ഇല്ല, അത് സംഭവിച്ചുപോയതല്ല. മറ്റുള്ളവരെപ്പോലെ തന്നെയാണ് ഞാനും തുടങ്ങിയത്, ഫോട്ടോഗ്രഫി ഒരു പ്രൊജക്‌റ്റ് ആയി മറ്റെവിടെയോ സംഭവിക്കുന്ന ഒന്നാണെന്ന് കരുതി. നിങ്ങൾ ഒരു പ്രൊജക്റ്റ് ചിന്തിക്കുകയും അങ്ങോട്ട് പോകുകയും വേണം. എന്നാൽ, ഞാൻ ആർട്ട് സ്‌കൂളിൽ പോയപ്പോൾ കാര്യങ്ങൾ മാറി. കലാചരിത്രം അഞ്ച് വർഷം പഠിച്ചതിൽപിന്നെ എനിക്കങ്ങനെ ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല. പൂർണമായും ഒറ്റപ്പെട്ട് നിന്നുകൊണ്ട് കലാപ്രവർത്തനം നടത്താൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. അതിന് മറ്റെന്തിനോടെങ്കിലും ബന്ധമുണ്ടായിരിക്കണം. കൂടാതെ, 80-‐കളിലെ ഒരു പോസ്റ്റ് മോഡേൺ, പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിലാണ് ഞാൻ പഠിച്ചിറങ്ങിയത്. അതുകൊണ്ട് എനിക്ക് പുതിയ ഒരുകൂട്ടം റഫറൻസുകളുടെ ആവശ്യമുണ്ടായിരുന്നു, എന്റെ പക്കൽ അങ്ങനെയൊന്ന് ഇല്ലായിരുന്നു. സംസ്‌കാരത്തിൽ, പ്രാഥമികമായി ഒരുവിധത്തിലും ഒരു ഗേ ഇന്ത്യൻ പുരുഷൻ ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് കാര്യമായി ഒന്നും പറയപ്പെടുന്നുണ്ടായിരുന്നില്ല, തീർച്ചയായും അതിനെക്കുറിച്ച് കലകളൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ (ഇന്ത്യയിലും പുറത്തും) ഞാൻ കണ്ടുമുട്ടുന്ന ഗേ ആയ കുറച്ച് ആളുകൾ ചിത്രങ്ങളിൽ വരാൻ ആഗ്രഹിച്ചില്ല. അത് എനിക്കൊരു പ്രശ്നമായിരുന്നു.
അതുകൊണ്ട് ഏറ്റവും യുക്തിസഹവും ധാർമികവുമായ കാര്യം, എന്നെത്തന്നെ ഉപയോഗിക്കുക എന്നതായിരുന്നു, അങ്ങനെയാണ് ഞാൻ തുടങ്ങിയത്. ഞാൻ എപ്പോഴും സന്നിഹിതനായിരിക്കുന്നതുകൊണ്ടും എനിക്ക് എപ്പോഴും സമ്മതം നൽകാൻ കഴിയുന്നതുകൊണ്ടും ഞാൻ എളുപ്പമുള്ള വിഷയമായിരുന്നു. അങ്ങനെയാണ് അത് ആരംഭിച്ചത്.
സുനിൽ ഗുപ്‌ത
? താങ്കളുടെ കൃതികൾ പൂർണമായും ക്വിയർ സംസ്‌കാരത്തെക്കുറിച്ചല്ലല്ലോ, അല്ലേ. അങ്ങനെയെങ്കിൽ, താങ്കൾ ഏത് കഥയാണ് പറയേണ്ടതെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്. എന്താണ് ആ പ്രക്രിയ.
= സാധാരണ, ഒരു കാര്യം മറ്റൊന്നിലേക്ക് വഴിവയ്‌ക്കും. ദീർഘകാല പ്രൊജക്റ്റുകളുടെ കാര്യമെടുത്താൽ, ഒരേസമയം പലത് സമാന്തരമായി നടക്കാറുണ്ട് എന്നാണ് എന്റെ അനുഭവം. ഒരു പരമ്പര എന്റെ വിശാലകുടുംബ പശ്ചാത്തലത്തെക്കുറിച്ചാണ്. എന്റെ അച്ഛന്റെ ഭാഗത്തുള്ള കുടുംബം പടിഞ്ഞാറൻ യുപിയുടെ മധ്യത്തിലുള്ള ഒരു ചെറിയ ഗ്രാമപ്രദേശത്താണ്. പക്ഷെ ഞാൻ അങ്ങോട്ട് അധികം പോകാറില്ല. കഴിയുമ്പോഴെല്ലാം ഞാൻ അവിടെ പോകുമ്പോൾ, ആ കഥയിലേക്ക് കുറച്ചുകൂടി ചിത്രങ്ങൾ ചേർക്കും. എനിക്ക് ഒരു വർഷം മുഴുവനും അല്ലെങ്കിൽ രണ്ട് വർഷം മുഴുവനും അവിടെ താമസിച്ച് അത് ചെയ്യാൻ കഴിയില്ല. എന്റെ സാഹചര്യങ്ങളിൽ അത് സാധ്യമല്ല. അങ്ങനെയാണ് പ്രൊജക്റ്റുകൾ ഇടവിട്ടിടവിട്ട് മുന്നോട്ടുപോകുന്നത്. അതിനാൽ, പല കാരണങ്ങൾകൊണ്ടും രണ്ടോ മൂന്നോ കാര്യങ്ങൾ ഒരേസമയം നടക്കുന്നത് സൗകര്യപ്രദമാണ്. പ്രൊജക്റ്റുകൾക്കിടയിലുള്ള ഒഴിവുസമയങ്ങളിൽ, നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനോ അതിനെക്കുറിച്ച് ചിന്തിക്കാനോ കഴിയും. സാധാരണയായി, ഒരു പരമ്പര ഒരു തീർപ്പിലേക്ക് എത്തുമ്പോൾ അത് മറ്റ് ചില കഥകളിലേക്ക് വഴിതുറക്കും. അടിസ്ഥാനപരമായി ഇത് ഗവേഷണം പോലെ ചോദ്യങ്ങളുടെ ഒരു പരമ്പരയാണ്. നിങ്ങൾക്കറിയാമല്ലോ, നിങ്ങൾ ഒരു പിഎച്ച്ഡി വിദ്യാർഥിയല്ലേ? എനിക്കൊരു ഗവേഷണ ചോദ്യം (research question) ഉണ്ട്, ഞാൻ അത് ഫോട്ടോഗ്രഫിയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു, എന്നിട്ട് അത് കൂടുതൽ ചോദ്യങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെയാണ് അത് സംഭവിക്കുന്നത്.
? അച്ഛന്റെ ഗ്രാമത്തെക്കുറിച്ചുള്ള താങ്കളുടെ പരമ്പര എന്നെ ആകർഷിച്ചിരുന്നു. താങ്കളുടെ മറ്റ് കൃതികൾ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്, എന്നാൽ ഇത് തികച്ചും ഒരു ഗ്രാമീണ ഇടമാണ്. താങ്കൾ സ്വന്തം ഭൂതകാലത്തിലേക്ക് തിരിച്ചുപോവുകയാണല്ലോ. അത് എങ്ങനെയായിരുന്നു. താങ്കൾ അന്താരാഷ്‌ട്ര നഗരജീവിതങ്ങളിൽ ആയിരുന്നപ്പോൾ അറിയാതിരുന്ന എന്തെങ്കിലും കുടുംബത്തെക്കുറിച്ച് കണ്ടെത്താൻ കഴിഞ്ഞോ.
= വളരെയധികം കാര്യങ്ങൾ. ഒന്നാമതായി, അവർ യഥാർഥത്തിൽ അവിടെനിന്നുള്ളവരല്ല. ഏകദേശം 300 വർഷം മുമ്പ് മാത്രമാണ് അവർ അവിടെ താമസമാക്കിയത്. അവർ കിഴക്കൻ യുപിയിൽ നിന്നാണ് വന്നത്. അവിടെ എന്തോ കടുത്ത കലഹമുണ്ടായി. മിക്ക ആളുകളും കൊല്ലപ്പെട്ടു. അങ്ങനെ, ഒരാൾ രക്ഷപ്പെട്ട് പടിഞ്ഞാറിലേക്ക് താമസം മാറി. അതാണ് ഈ പ്രത്യേക വംശാവലിയുടെ ഉറവിടം. പിന്നീട്, അവർ ആ ഭൂമി കൈവശപ്പെടുത്താൻ തുടങ്ങി എന്നുതോന്നുന്നു. അത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് വ്യക്തമല്ല. അവർ യഥാർഥത്തിൽ ബനിയകൾ ആണ്. എന്നാൽ എന്തുകൊണ്ടോ അവർ അവിടുത്തെ പ്രാദേശിക ജന്മിമാരായി മാറി.
പിന്നീട്, 20-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, അവരിൽ പകുതിപേർ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ചു, മറ്റേ പകുതി സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. അതിനാൽ, രാഷ്‌ട്രീയപരമായി കോൺഗ്രസ് ചായ്‌വുള്ളതായിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ അത് തീർത്തും ബിജെപി ആയി മാറിയിരിക്കുന്നു.
ഞാൻ ഒരുതരം എൻജിഒ ക്യാമ്പസിലാണ് താമസിച്ചിരുന്നത്. ഞാൻ അവരുടെ പ്രവർത്തനം നിരീക്ഷിക്കുകയായിരുന്നു. അവരും ഞാനും എല്ലാം അവിടെ ഉണ്ടായതിന്റെ കാരണം, ചരിത്രപരമായി അത് ക്ഷാമത്തിനും കടുത്ത ദാരിദ്ര്യത്തിനും സാധ്യതയുള്ള ഒരു സ്ഥലമാണ് എന്നതാണ്. അവിടുത്തെ ജന്മി സമ്പ്രദായം അപ്പോഴും നിലനിന്നിരുന്നു.
രജ്പുത്തുകൾ ആ കൂട്ടത്തിന്റെ തലപ്പത്തായിരുന്നു. അത്ര നല്ല സാമ്പത്തിക സ്ഥിതിയിൽ അല്ലെങ്കിലും അവർ അവിടെത്തന്നെ ഉണ്ടായിരുന്നു. എന്റെ സ്വന്തം ഗ്രാമത്തേക്കാൾ ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ പഠിച്ചത് രാജസ്ഥാനിൽ നിന്നാണ്. എന്റെ സ്വന്തം ഗ്രാമത്തിൽ, ഞാൻ ആരാണെന്ന് അവർ തിരിച്ചറിഞ്ഞതിനാൽ ആളുകൾ എന്നെ സ്വാഗതം ചെയ്‌തു, പക്ഷേ രാജസ്ഥാനിൽ സമൂഹം അതീവ ശ്രേണീകൃതമായിരുന്നു. ഈ ഗ്രാമത്തിൽ 50-ൽ അധികം ജാതികളുണ്ട്, അവർ തമ്മിൽ കൂടിക്കലരില്ല.
എന്നാൽ പുറത്തുനിന്ന് നോക്കിയാൽ അത് വ്യക്തമല്ല. നിങ്ങൾ ഒരു ചിത്രം എടുത്താൽ അതിൽനിന്ന് ഇങ്ങനെയൊന്ന് ഉള്ളതായി മനസ്സിലാക്കാൻ കഴിയില്ല. ഈ ഗ്രാമത്തെക്കുറിച്ചും എല്ലാ ജാതികളെക്കുറിച്ചും ഞാൻ വലിയൊരു വിശദമായ പ്രോജക്റ്റ് ചെയ്‌തു, പക്ഷേ ഞാൻ അത് അവിടെനിന്നല്ലാത്ത ആളുകൾക്ക് കാണിച്ചപ്പോൾ, "ഈ ആളുകളെല്ലാം ഒരുപോലെയാണല്ലോ’ എന്നായിരുന്നു അവരുടെ പ്രതികരണം. "ദോത്തി’ ഉടുത്ത കുറച്ച് ആളുകളുള്ള ഗ്രാമീണ ഇന്ത്യ മാത്രമായിരുന്നു അവർക്കത്. അവർക്ക് ഒരാളെ മറ്റൊരാളിൽ നിന്ന് തിരിച്ചറിയാൻ കഴിയില്ല. ഒരു ഗുജ്ജറിനെ ജാട്ടിൽനിന്ന് തിരിച്ചറിയാൻ അവർക്ക് കഴിയില്ല. ആരാണ് ജന്മി, ആരാണ് തൊഴിലാളി എന്നും അവർക്ക് തിരിച്ചറിയാൻ കഴിയില്ല. കാരണം അവരെല്ലാം കാഴ്‌ചയിൽ വളരെ സാമ്യമുള്ളവരാണ്. നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരേയൊരു കൂട്ടർ രജപുത് മാത്രമാണ്, കാരണം അവർ ഒരു ജോലിയും ചെയ്യുന്നില്ല. അതിനാൽ, അവർ എപ്പോഴും വെറുതെ ഇരിക്കുകയാണ്. ഫോട്ടോഗ്രഫിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ പ്രശ്നമായി മാറി. അത് ഫലം കണ്ടില്ല. ഡോക്യുമെന്ററി ഫോട്ടോഗ്രഫിക്ക് പരിമിതികളുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഈ ആളുകൾ ഇന്നയിന്ന കാര്യങ്ങൾ ചെയ്യുന്നവരാണെന്ന് വിശദീകരിക്കാൻ ധാരാളം എഴുത്തുകുത്തിന്റെ ആവശ്യമാണ്.
ഫോട്ടോ: സുനിൽ ഗുപ്‌ത (അൺടൈറ്റിൽഡ് )
? താങ്കളുടെ ഒരു പരമ്പരയിൽ പ്രീ-റാഫേലൈറ്റ് റഫറൻസ് ഉണ്ടല്ലോ. ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് മരിച്ചപ്പോൾ, തത്വചിന്തകൻ സ്ലാവോയ് ഷീഷെക്ക് (Slavoj Zizek) അദ്ദേഹത്തെ ഒരു പ്രീ-റാഫേലൈറ്റ് എന്ന് വിളിക്കുകയുണ്ടായി. സ്ലാവോയ് ഷീഷെക്കിന്റെ വായന തികച്ചും കൗതുകകരമാണ്. പ്രീ-റാഫേലൈറ്റുകൾ അവാന്റ്-ഗാർഡിനും (avant-garde) കിച്ചിനും (kitsch) ഇടയിലുള്ള ഒരു അതിർത്തിയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവാന്റ്-ഗാർഡ് ചെയ്യാൻ അവർ ആ കിച്ച് രൂപം ഉപയോഗിച്ചു. വാസ്‌തവത്തിൽ, താങ്കളുടെ കൃതികളിലും അതാണ് സംഭവിച്ചതെന്ന് തോന്നുന്നു. അവിടെ ആ കിച്ച് പുറംമോടിയുണ്ട്, പക്ഷേ അതിൽ എന്തോ ഒരു പാകപ്പിഴയുമുണ്ട്. ആ കോഡിങ് ആ പരമ്പരയെ മുന്നോട്ടുകൊണ്ടുപോകുന്നു. എന്താണ് താങ്കളെ അത് പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്. താങ്കൾക്ക് കലാചരിത്രത്തിൽ വിദ്യാഭ്യാസം ഉണ്ടായിരുന്നു, എന്നാൽ താങ്കൾ ഇത് ചെയ്യുമ്പോൾ അത്തരം വായനകൾ മനസ്സിലേക്ക് വന്നിരുന്നോ.
= ലണ്ടനിൽ വച്ച് നടന്ന പ്രീ-റാഫേലൈറ്റ് ചിത്രങ്ങളുടെ ഒരു ചരിത്രപരമായ പ്രദർശനം കണ്ടതാണ് ഇതിന് പ്രേരണയായത്. ഞാൻ അവയെല്ലാം പുസ്‌തകങ്ങളിൽ മാത്രമേ കണ്ടിരുന്നുള്ളൂ, അതിനാൽ യഥാർഥത്തിൽ അവ എങ്ങനെയുണ്ടെന്ന് ഞാൻ വിലമതിച്ചിരുന്നില്ല. അവ തികച്ചും അസാധാരണവും വളരെ വിശദാംശങ്ങൾ ഉള്ളതും വർണാഭമായതും ശ്രദ്ധേയവുമാണ്. ആ സമയത്ത് ഞാൻ ഡൽഹിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഒരു ക്വിയർ ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി ഞാൻ മാറി. കോളേജിൽനിന്ന് പുറത്തിറങ്ങിയ വളരെ ചെറുപ്പക്കാരായ ആളുകൾ എന്നോട് സൗഹൃദം സ്ഥാപിച്ചിരുന്നു. ഞാൻ അവരുമായി ഇടപഴകുകയും അവരിലൂടെ ഈ പുതിയ തലമുറ എന്താണ് ചെയ്യുന്നതെന്ന് കേൾക്കുകയും ചെയ്‌തു. ലൈംഗികതയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒരു വലിയ മാറ്റം വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
എന്റെ തലമുറയ്‌ക്കും തൊട്ടുപിന്നാലെ വന്നവർക്കും നിലവിലെ സാമൂഹികനില മാറ്റാൻ കഴിഞ്ഞിരുന്നില്ല. അത് സാധ്യമാണെന്നുപോലും അവർ കരുതിയിരുന്നില്ല. അത് അസംഭവ്യമായി തോന്നി. ചില ഒറ്റപ്പെട്ട ഗ്രൂപ്പുകൾ ഉണ്ടാകും, പക്ഷേ അത് ഒരിക്കലും വിജയിച്ചില്ല. "ഓ, ഇത് ഇന്ത്യയാണ്, ഇവിടെയുള്ളതൊക്കെ കാലാതീതമാണ്’ എന്നൊരു തോന്നലുണ്ടായിരുന്നു. അതുകൊണ്ട് അവർ ഈ വസ്‌തുതയ്‌ക്ക് ചുറ്റും അവരുടെ ജീവിതം രൂപപ്പെടുത്തി.
എന്നാൽ ഗ്രാജ്വേറ്റ് സ്‌കൂളിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ തലമുറ (2000-‐ങ്ങളുടെ മധ്യത്തിൽ അവർക്ക് ഇരുപതുകളായിരിക്കും) പുതിയ ഉദാരവൽക്കരണ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളൂ. തങ്ങളുടെ സ്വാതന്ത്ര്യം നേടാനും ലെസ്ബിയൻ, ഗേ ആയി പരസ്യമായി ജീവിക്കാനും അവർക്ക് താൽപ്പര്യമുണ്ടായിരുന്നു. അവർക്കത് ഇപ്പോൾ ചെയ്യണമായിരുന്നു. എന്നേക്കും കാത്തിരിക്കാൻ അവർ ആഗ്രഹിച്ചില്ല. ഇത് മാറ്റമില്ലാത്തതാണെന്ന് അവർ കരുതിയില്ല. ഇത് മാറ്റാൻ കഴിയുമെന്നും ഇപ്പോൾ മാറ്റണമെന്നും അവർ കരുതി. അങ്ങനെ അവർ ആർട്ടിക്കിൾ 377 മാറ്റാൻ വളരെ സജീവമായി ശ്രമിച്ചു.
ഞാൻ 2005-ൽ ഡൽഹിയിൽ എത്തി. 2009 ആയപ്പോഴേക്കും കാര്യങ്ങൾക്ക് മാറ്റം വന്നു. ആ കാലഘട്ടത്തിലാണ് ഞാൻ അവരെ കണ്ടുമുട്ടിയത്. നിലവിലെ അവസ്ഥയോടുള്ള ആ ധാർമികമായ അസ്വസ്ഥതയും പ്രീ-റാഫേലൈറ്റുകളുടെ രൂപത്തിലുള്ള അതിന്റെ ഇംഗ്ലീഷ് പതിപ്പും തമ്മിൽ ഒരു സമാന്തരബന്ധം ഞാൻ കണ്ടു.
അവരും അതിജീവിച്ചത് ഒരു വിക്ടോറിയൻ സാമൂഹിക കാപട്യത്തിലൂടെയായിരുന്നു, അതെല്ലാം മുഖം രക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു. തങ്ങൾ ശരിക്കും എന്താണ് ചെയ്‌തതെന്ന് ആരും പറഞ്ഞിരുന്നില്ല. ഇന്ത്യയും അതുപോലെ തോന്നി. അതായത്, എന്റെ അച്ഛൻ ഒക്കെ പറഞ്ഞത്, "നീ വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുക, ബാക്കിയുള്ള സമയം നിന്റെ ഇഷ്ടം’ എന്നാണ്. ആർക്കും ഇതൊന്നും വിഷയമായിരുന്നില്ല.
ഈ രണ്ട് കാര്യങ്ങളാണ് പ്രചോദനമായത്. ഞാൻ ഇന്ത്യയിൽവച്ച് എന്റെ പാത്രങ്ങളെ (subject) കണ്ടുമുട്ടി, എന്നിട്ട് യു കെയിൽ വച്ച് ആ പ്രദർശനം കണ്ടു. ഞാൻ തിരിച്ചുവന്ന് ഇത് രണ്ടും ഒരുമിച്ച് കൊണ്ടുവരണമെന്ന് ചിന്തിച്ചു. അപ്പോൾ, അപ്രതീക്ഷിതമായി എനിക്കൊരു അവസരം ലഭിച്ചു. ഫോട്ടോഗ്രഫിയിൽ എപ്പോഴും ഏതെങ്കിലും അവസരം വന്നുചേരും. ഡൽഹിയിലെ ഒരു പ്രദർശനത്തിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടു. എനിക്ക് കാണിക്കാൻ പാകത്തിന് ഒരു സൃഷ്ടിയും ഉണ്ടായിരുന്നില്ല. അതിനാൽ പ്രദർശനത്തിന്റെ ഭാഗമായി ഞാൻ ഒരു സ്റ്റുഡിയോ സ്ഥാപിക്കാൻ തീരുമാനിച്ചു.
ഫോട്ടോയ്‌ക്ക് പശ്ചാത്തലമായി ഉപയോഗിക്കാൻ ഒരു ഇടം ഞാൻ തയ്യാറാക്കി, അവിടെ ഒരു ഷേസ് ലോഞ്ചും കൊണ്ടുവച്ചു. ആളുകളോടുതന്നെ മോഡലുകൾ ആകാമോ എന്ന് ചോദിച്ചു, പലരും സമ്മതിച്ചു. അടുത്ത ദിവസം ഞാൻ ചില പ്രിന്റുകൾ ഉണ്ടാക്കി, ഞങ്ങൾ അവ പ്രദർശിപ്പിച്ചു. അങ്ങനെയാണ് ആ പരമ്പര ഉണ്ടായത്.
ആ ചിത്രങ്ങളിൽ ഒന്ന് ഒരു പ്രീ-റാഫേലൈറ്റ് ചിത്രത്തിന് സമാനമായി തോന്നി. ഡൽഹിയിലെ എന്റെ പ്രേക്ഷകർക്ക് അത് മനസ്സിലാകുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞാൻ ബാക്കി ചിത്രങ്ങൾ ഉണ്ടാക്കുകയും ഞങ്ങൾ അത് പ്രദർശിപ്പിക്കുകയും ചെയ്‌തപ്പോൾ (അതിന്റെ ആദ്യ പ്രദർശനം 2009-ൽ ഡൽഹിയിലായിരുന്നു) ആളുകൾ നല്ല രീതിയിൽ പ്രതികരിച്ചു. എങ്ങനെയോ, ആർട്ട് സ്‌കൂളുകളിൽ പഠിച്ചിട്ടില്ലാത്ത ആളുകൾപോലും ഈ ചിത്രങ്ങളോട് പ്രതികരിച്ചു.
‘ദെ ന്യൂറാഫേലൈറ്റ്‌സ്’ ഫോട്ടോ: സുനിൽ ഗുപ്‌ത
? താങ്കളുടെ കമീഷൻ ചെയ്‌ത പ്രൊജക്റ്റുകൾ എങ്ങനെയാണ് സംഭവിച്ചത്. ഒരു അവസരം ലഭിക്കുമ്പോൾ, അതുവച്ച് എന്ത് ചെയ്യണമെന്ന് ചിന്തിക്കുകയാണോ, അതോ മനസ്സിൽ ഒരു ആശയംവച്ച് അത് ഏറ്റെടുക്കാൻ സാധ്യതയുള്ള ക്ലയന്റുകളെ തേടുകയാണോ പതിവ്.
= അത് സാഹചര്യങ്ങൾക്കനുസരിച്ചിരിക്കും. ഈ കമീഷനുകൾ പല രീതിയിൽ സംഭവിക്കാറുണ്ട്. പ്രീ-റാഫേലൈറ്റ് പരമ്പരയുടെ കാര്യത്തിൽ, ഞാൻ ആകസ്മികമായി ഒരു ചിത്രം ഉണ്ടാക്കി ആദ്യത്തേത് ചില ആളുകളെ കാണിച്ചു. അതിലൊരാൾ ചോദിച്ചു, അതിന് സമാനമായി പത്തെണ്ണം കൂടി ഉണ്ടാക്കാൻ കമീഷൻ ചെയ്‌താൽ എങ്ങനെയുണ്ടാകും എന്ന്. അങ്ങനെ, കമീഷൻ ഇല്ലാതെ ചെയ്‌ത ഒരൊറ്റ ചിത്രത്തിലൂടെയാണ് ആ പ്രൊജക്റ്റ് വന്നത്. ഒരാൾ എവിടെയോ എന്റെയൊരു ചിത്രം കണ്ടു, എന്നിട്ട് അവർക്ക് അതിനെ വിപുലീകരിച്ചു കാണണം എന്ന് തോന്നി.
എന്റെ ആദ്യത്തെ ഇന്ത്യൻ പരമ്പരയായ ‘എക്‌സൈൽസ്' ലണ്ടനിലെ ഫോട്ടോഗ്രാഫേഴ്സ് ഗാലറിക്ക് വേണ്ടി കമീഷൻ ചെയ്‌തതാണ്. ‘ബോഡി പൊളിറ്റിക്‌സ്' എന്ന പേരിൽ ശരീരത്തെക്കുറിച്ചുള്ള ഒരു പ്രദർശനം അവർ ആസൂത്രണം ചെയ്യുകയായിരുന്നു. എന്നെയും ഇന്ത്യൻ ഗേ സമൂഹത്തിലുള്ള എന്റെ താൽപ്പര്യത്തെയും അവർക്കറിയാമായിരുന്നു. അതിനാൽ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സ്‌പോൺസർ ചെയ്യാമെന്ന് പറഞ്ഞു. ആ സാമ്പത്തിക അവസരം ഉപയോഗിച്ച് ഡൽഹിയിലേക്ക് തിരിച്ചുപോയി ‘എക്‌സൈൽസ്' ചെയ്യണമെന്ന് ഞാൻ കരുതി. അതാണ് അവിടെ ചെയ്‌തത്.
ചിലപ്പോൾ, കമീഷൻ ചെയ്യുന്ന ആൾക്കും എനിക്കും സാന്ദർഭികമായി ഒരേ താൽപ്പര്യം ഉണ്ടായിവരും, അതിൽനിന്നൊരു അവസരം ഉണ്ടാകും. മ്യൂസിയങ്ങളുടെയും ഗാലറികളുടെയും കളക്ടർമാരുടെയും കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. അവർ കലാകാരന്മാരെ അവരുടെ സ്റ്റുഡിയോകളിൽ സന്ദർശിക്കാൻ ഗവേഷണ യാത്രകൾ നടത്താറുണ്ട്. ഡൽഹിയിൽ ഇത് ഒരു പ്രതിഭാസമായി മാറി: എല്ലാ തണുപ്പുകാലത്തും പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നും യൂറോപ്പിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള ആർട്ട് ലോകത്തുള്ളവരുടെ സന്ദർശക സംഘങ്ങൾ ഉണ്ടാകും. ഒരു കൊമേഴ്സ്യൽ ഗാലറിയുമായി എനിക്ക് ബന്ധമുണ്ടായിരുന്നതുകൊണ്ട് ഞാൻ ആ പട്ടികയിൽ ഇടംപിടിച്ചു. അവർ എന്റെ പേര് നിർദേശിക്കും, ആ ആളുകളിൽ ചിലർ എന്നെ വന്നു കാണുകയും കൃതികളെക്കുറിച്ച് രണ്ടുമൂന്ന് മണിക്കൂർ സംസാരിക്കുകയും ചെയ്യും. പിന്നീട് അവരെക്കുറിച്ച് കേൾക്കുകയേയില്ല.
ഒരിക്കൽ വന്നത് പാരീസിലെ പോംപിഡൂ സെന്ററിൽ നിന്നുള്ള ചില ഫ്രഞ്ചുകാരായിരുന്നു. അവർ എന്നെ കമീഷൻ ചെയ്‌താൽ ഞാൻ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ഞാൻ അവർക്ക് വിശ്വസനീയമായ ഒരു മറുപടി നൽകേണ്ടിയിരുന്നു, അതിൽ ഫ്രാൻസും ഉൾപ്പെടണം. എന്റെ ഇന്ത്യൻ ഭാഗവും അതിൽ ഉൾപ്പെടേണ്ടതുണ്ടായിരുന്നു. ഒരു മാസത്തേക്ക് ഞാൻ അങ്ങോട്ട് പോകണമെന്ന് അവർ നിർദേശിച്ചു. അതിനാൽ ഒരു മാസത്തിനുള്ളിൽ ആദ്യംമുതൽ ചെയ്യേണ്ട ഒന്നായിരുന്നു അത്. അതായിരുന്നു പരിമിതികൾ. ചായ കുടിക്കുന്നതിനിടയിൽ, ഞാൻ എങ്ങനെ ഇത് കൈകാര്യം ചെയ്യും, ഒരു നിർദേശം മുന്നോട്ടുവയ്‌ക്കും എന്ന് ചിന്തിക്കാൻ ശ്രമിച്ചു.
ഓരോ പ്രൊജക്റ്റും അൽപ്പം വ്യത്യസ്‌തമാണ്. എവിടെനിന്നാണ് ഒരു സാധ്യത വരാൻ പോകുന്നതെന്ന് പറയാൻ കഴിയില്ല. എനിക്കൊരു വിചിത്രമായ ജീവിതമാണ്. ഒരിക്കലും ഒരു ജോലി ഉണ്ടായിരുന്നില്ല. നാളെ എന്ത് സംഭവിക്കുമെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ എന്തെങ്കിലും സംഭവിക്കും. എന്തെങ്കിലും സംഭവിക്കുമെന്ന് എനിക്കൊരു വിശ്വാസമുണ്ട്. എന്തെങ്കിലും വിൽക്കും അല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും ഓഫറുമായി വരും. വിശ്വാസം കൈവിടാതെയിരുന്നാൽ മതി.
? താങ്കളുടെ കൃതികളിൽ ഇതിന് വിപരീതമായതും ഉണ്ട്. ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോൾ ഫോട്ടോഗ്രഫിയെ ഒരുതരം വ്യക്തിപരമായ തെറാപ്പിയായി ഉപയോഗിക്കുന്ന രീതി. ഫോട്ടോഗ്രഫിക്ക് എഴുത്തിനെപ്പോലെ ഒരു ഒതുക്കമുണ്ട്. സിനിമ, തിയറ്റർ തുടങ്ങിയ കലാരൂപങ്ങളിൽ ഈ രണ്ട് അറ്റങ്ങളും സാധ്യമല്ല. കാണാൻ ഒരു പൊതുജനം ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന കലകളാണ് ഇവ. ഫോട്ടോഗ്രഫി നിങ്ങൾക്ക് വ്യക്തിപരമായി ചെയ്യാം, അല്ലെങ്കിൽ വലിയൊരു സദസ്സിന് മുന്നിൽ ചെയ്യാം.
= ഞാൻ വളർന്നത് 70-‐കളിലെ രാഷ്‌ട്രീയ സാഹചര്യത്തിലാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ആദ്യകാല ഫെമിനിസത്തിൽ, വ്യക്തിപരം എന്നത് രാഷ്‌ട്രീയപരമായിരുന്നു (The personal is political). അടുത്തിടെ പുറത്തിറങ്ങിയ അരുണ റോയിയുടെ പുസ്‌തകത്തിന്റെ തലക്കെട്ടും അതാണ്. അതുകൊണ്ട് എനിക്ക് അതിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. യഥാർഥത്തിൽ, ഇതെല്ലാം സംഭവിക്കുന്നതിന് മുമ്പ്, അറുപതുകളിൽ ഇന്ത്യയിൽ വളരുമ്പോൾ, പ്രധാനമായും ബോളിവുഡ് സിനിമകൾ കണ്ടപ്പോൾ, അതായിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നത് എന്ന് കരുതി. പക്ഷേ, സിനിമാനിർമാണത്തിൽ ഭാഗമാകാൻ കഴിയുന്ന ഒരിടത്തും ഞാൻ എത്തിയില്ല. അതൊരിക്കലും ഒരു ഓപ്ഷനായിരുന്നില്ല. അങ്ങനെ എൺപതുകളുടെ അവസാനം ഞാൻ ചില ടെലിവിഷൻ ഷോർട്ട് മൂവികൾ നിർമിക്കുന്നതിൽ ഭാഗമായി. നാൽപ്പത് ലക്ഷം ആളുകൾ നമ്മളുടെ ഒരു കൃതി കാണുക എന്നത് ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്.
എന്നാൽ സത്യം പറഞ്ഞാൽ, ടെലിവിഷന്റെ നിർമാണപ്രക്രിയ എനിക്ക് ഇഷ്ടപ്പെട്ടില്ല. പ്രൊഡ്യൂസർമാരും മറ്റും എല്ലാവരോടും അലറും. എല്ലാവരും തങ്ങളാണ് ഏറ്റവും പ്രധാനമെന്ന് കരുതുകയും മറ്റുള്ളവരോട് ദേഷ്യപ്പെടുകയും ചെയ്യും. ആ ജോലി അസഹ്യവും കലപിലയുമാണെന്ന് എനിക്ക് തോന്നി. കഥയുടെയും മറ്റും കാര്യങ്ങളിലും എനിക്കെന്തെങ്കിലും വിയോജിപ്പുള്ളപ്പോഴെല്ലാം അവരുടെ വഴിക്ക് മാത്രമാണ് കാര്യങ്ങൾ നടന്നത്. എന്റെ വഴി ഒരിക്കലും നടക്കില്ല. തർക്കമുണ്ടായാൽ ഞാൻ തോൽക്കും. സ്റ്റുഡിയോയും പരിപാടിയും ഒക്കെ അവരുടെ സ്വന്തം ആണല്ലോ. ഇഷ്ടമായില്ലെങ്കിൽ ഇറങ്ങിപ്പോകാം, അതായിരുന്നു അവരുടെ ഒരു ലൈൻ. ഷൂട്ടിങ് തീർക്കാൻ അവർ മറ്റൊരാളെ വിളിക്കും. ഞാൻ കഷ്ടപ്പെട്ട് ചെയ്‌തെടുത്ത ആശയത്തിന് ഒരു വിലയും ഇല്ലായിരുന്നു. അവർ നിങ്ങളെ വിലക്കെടുക്കുന്നു. അത്രയേ ഉള്ളൂ. ഒത്തുപോകുന്നില്ലെങ്കിൽ ഒരു നിമിഷംകൊണ്ട് അവർക്ക് നിങ്ങളെ പിരിച്ചുവിടാൻ കഴിയും. അതുകൊണ്ട് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുന്ന ഈ ആർട്ട് ലോകമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ടീമിനെ കണ്ടെത്തുക മാത്രം മതി. എല്ലാം നിയന്ത്രിക്കുന്ന ഒരു പ്രൊഡ്യൂസറെ കണ്ടെത്തേണ്ടിവരുന്ന അവസ്ഥ ഇവിടെയില്ല. ഫോട്ടോഗ്രാഫർമാർ ഒരുപക്ഷേ ഈ കാര്യത്തിൽ ലാളിക്കപ്പെട്ട് വഷളായവരാണ്. ഏകാകികളായിത്തന്നെ തുടരാൻ നമുക്ക് കഴിയും. മറ്റാരെയും നോക്കേണ്ടതില്ല.
‘പോർട്രെയ്‌റ്റ് ഓഫ് ആൻ ഇന്ത്യൻ വില്ലേജ്’
? കലാലോകത്ത് വ്യത്യസ്‌തമായി ചെയ്യേണ്ടത് എന്താണ് എന്നാണ് താങ്കൾ കരുതുന്നത്.
= അവസരങ്ങൾ വളരെ കുറവാണ്. അതാണ് പ്രശ്നം. നമുക്ക് കൂടുതൽ വ്യത്യസ്‌തമായ അവസരങ്ങൾ ആവശ്യമാണ്. അവ വ്യക്തികളിൽ നിന്നോ ട്രസ്റ്റുകളിൽ നിന്നോ ഫൗണ്ടേഷനുകളിൽ നിന്നോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ വരാം. താങ്കൾ തന്നെ ഒരു യൂണിവേഴ്സിറ്റിയിലാണല്ലോ, അവിടെ ഒരു ഗാലറി ഉണ്ടാവാം.
? ഇല്ല, അവിടെയില്ല.
= ചിലപ്പോൾ, യൂണിവേഴ്സിറ്റികളിൽ റെസിഡൻസികൾ ഉണ്ടാവാറുണ്ട്. ഗവേഷണം നടത്താൻ അവർ ആരെങ്കിലുമൊരാളെ ഹോസ്റ്റ് ചെയ്യും.
എന്റെ പങ്കാളിയും ഞാനും ഡൽഹിയെക്കുറിച്ച് ഒരു പുസ്‌തകം ഉണ്ടാക്കി, ഞങ്ങളുടെ ചിത്രങ്ങൾ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ശേഖരത്തിലേക്ക് എടുത്തു. അവർ അടുത്തിടെ അത് പ്രദർശിപ്പിച്ചു. അതിന് ഇപ്പോൾ ഒരു സ്ഥിരമായ ഇടം ലഭിച്ചു. നമ്മൾ ഇതുപോലെ ദീർഘകാല ഭാവിയെക്കുറിച്ചും ചിന്തിക്കണം. ഇന്ന് നിർമിക്കപ്പെടുന്ന ഈ വസ്‌തുക്കൾക്ക് ഒടുവിൽ എവിടെയാണ് സ്ഥാനം ലഭിക്കുക? ഇങ്ങനെയൊരു സ്ഥലം നമുക്കുണ്ടായിരുന്നത് ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സ് (National Archives) ആയിരുന്നു. എന്നാൽ അതിൽ എന്താണ് ഉള്ളതെന്നോ, എങ്ങനെയാണ് അതൊക്കെ കാണാൻ കഴിയുക എന്നതോ ഒരു നിഗൂഢതയാണ്. അതുകൊണ്ടാണ് നമുക്ക് വളരെ പരിമിതമായ പ്രാഥമിക ഗവേഷണങ്ങൾ മാത്രമുള്ളത്. ഞാൻ ഡൽഹിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ പോകുമായിരുന്നു. മിക്ക മ്യൂസിയങ്ങളെയും പോലെ, അവരുടെ ശേഖരങ്ങളുടെ കാറ്റലോഗുകൾ കാശുകൊടുത്ത് വാങ്ങുകയാണ് വേണ്ടത്. അതുകൊണ്ട് അവരുടെ ശേഖരത്തിൽ എന്താണ് ഉള്ളതെന്ന് ആർക്കും ഒരു പിടിയും ഇല്ലായിരുന്നു. അവർ പൊതുജനങ്ങൾക്കായി ഒന്നും പ്രസിദ്ധീകരിക്കുന്നില്ല. ഇതൊക്കെ ശരിയാക്കാൻ എന്തെല്ലാം ചെയ്യേണ്ടിയിരിക്കുന്നു. ആലോചിച്ചാൽ തലപുകഞ്ഞുപോകും.
? താങ്കൾ ആദ്യത്തെ ആർട്ട്-ഫോട്ടോ മാഗസിനുകളിൽ ഒന്നിന് തുടക്കമിട്ടെന്ന് തോന്നുന്നു. ശ്രദ്ധ കൊടുക്കേണ്ട മറ്റൊരു മേഖലയാണത്.
= ഞങ്ങളൊരു ചെറിയ ഗ്രൂപ്പ്, ഗൗരി ഗിൽ (ഒരു ഫോട്ടോഗ്രാഫർ- ആർട്ടിസ്റ്റ്), രാധിക സിങ് (ഫോട്ടോഗ്രാഫറല്ലെങ്കിലും ഫോട്ടോ ഏജൻസി നടത്തി പരിചയമുള്ളയാൾ) എന്നിവർ ചേർന്ന് ഒരു ഫോട്ടോഗ്രഫി മാഗസിൻ തുടങ്ങി. അങ്ങനെയൊരു മാഗസിൻ ഇല്ലാത്തതുകൊണ്ടാണ് ഇത് തുടങ്ങിയത്. ഫോട്ടോഗ്രഫിയെ തനതായ ഒരു മാധ്യമമായി പ്രസിദ്ധീകരിക്കുന്ന രീതി ഇല്ലാത്തതിനാൽ അതിനെക്കുറിച്ച് ഒരു വ്യവഹാരം സാധ്യമായിരുന്നില്ല. ക്യാമറകളെക്കുറിച്ച് സംസാരിക്കുന്ന വാണിജ്യ മാസികകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചിത്രങ്ങളെക്കുറിച്ച് ഒന്നുമില്ലായിരുന്നു.
ഇന്ത്യയിലെ പ്രശ്നം, നമുക്ക് എവിടെയാണ് ഈ ചർച്ച നടത്താൻ കഴിയുക എന്നതായിരുന്നു. നിങ്ങൾ കോളേജിൽ അല്ലെങ്കിൽ, എങ്ങനെ, ആരോടൊപ്പമാണ് ചർച്ച ചെയ്യുക? ആശയങ്ങൾ എങ്ങനെ പ്രചരിപ്പിക്കും? അച്ചടിച്ച ചില വസ്‌തുക്കൾ ആവശ്യമാണെന്ന് ഞങ്ങൾ കരുതി. ഇത് ഇന്റർനെറ്റിൽ ആകാമെന്ന് ആളുകൾ പറഞ്ഞു. എന്നാൽ എനിക്കും എന്റെ സഹപ്രവർത്തകർക്കും ഫോട്ടോഗ്രഫി ഒരു പ്രിന്റ് മാധ്യമമാണ്. അത് ഇന്റർനെറ്റിലും ഉണ്ട്, കാരണം അത് സൗജന്യവും ആക്‌സസ് ചെയ്യാൻ കഴിയുന്നതുമാണ്. പക്ഷേ, പേപ്പറിൽ കാണുമ്പോൾ മാത്രമേ നിങ്ങൾക്ക് അത് പിടികിട്ടുകയുള്ളൂ.
ഫോട്ടോഗ്രഫിയെ ഡിജിറ്റൽ മാധ്യമം മാത്രമായി കാണുന്നവരോട് എനിക്ക് വിയോജിപ്പുണ്ട്. ഞാൻ ഇവിടെ ഫോട്ടോഗ്രഫി പഠിപ്പിക്കാറുണ്ട്. എന്റെ വിദ്യാർഥികൾ എല്ലാവരും ഫോണിലാണ് ജീവിക്കുന്നത്. അവരെ എഴുന്നേൽപ്പിച്ച് ഒരു പുസ്‌തകം തുറന്നുനോക്കാനോ പ്രദർശനത്തിന് പോയി എന്തെങ്കിലും കാണാൻ പ്രേരിപ്പിക്കുന്നത് വലിയൊരു പ്രയത്നമാണ്. അവർ എല്ലാത്തിനെയും ഒരു പിഡിഎഫ് ആയി കാണാനാണ് ആഗ്രഹിക്കുന്നത്, സൗജന്യമായി കിട്ടിയാൽ നല്ലത്. അതുകൊണ്ട് എന്തായാലും ഞങ്ങൾ അതൊരു അച്ചടി മാഗസിൻ ആക്കാൻ തീരുമാനിച്ചു. പണം ഉണ്ടായിരുന്നില്ല; ഞങ്ങളിൽ ആർക്കും പ്രതിഫലം ലഭിച്ചിരുന്നുമില്ല. സംഭാവന നൽകിയവർക്കും പ്രതിഫലം ലഭിച്ചില്ല.കാരണം ഞങ്ങൾ ആളുകളോട് ചിത്രങ്ങളും ലേഖനങ്ങളും ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമുണ്ടായിരുന്നു. ഈ പ്രദേശത്തിന് പുറത്തുള്ളതിനെക്കുറിച്ചും ഫോട്ടോഗ്രഫി വ്യവസായത്തെക്കുറിച്ചും സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ട് ഞങ്ങൾ ഫോട്ടോഗ്രാഫർമാരെ മാത്രമല്ല, പ്രിന്റ് ഉണ്ടാക്കിയ ആളുകൾ, ക്യാമറകൾ വിറ്റവർ, വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിമുഖം ചെയ്‌തു. പണച്ചെലവ് വന്ന ഒരേയൊരു കാര്യം അച്ചടി മാത്രമായിരുന്നു.
ഗോയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സാംസ്‌കാരിക എംബസികളിൽനിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചു. അലയോങ് ഫ്രാൻസെയിൽ നിന്ന് വളരെ നല്ല രീതിയിൽ സാമ്പത്തിക പിന്തുണ കിട്ടി. അത്തരത്തിലുള്ള ഹ്രസ്വകാല ഫണ്ടിങ് ലഭ്യമായിരുന്നു. പക്ഷേ ഓരോ രണ്ട് വർഷം കൂടുമ്പോഴും പുതിയ ഫണ്ട് കണ്ടെത്തേണ്ടതുണ്ടായിരുന്നു. എല്ലാം കൂട്ടിച്ചേർക്കുക, പണം കണ്ടെത്തുക, അച്ചടി പരിശോധിക്കാൻ ഞങ്ങളിലൊരാൾ പ്രിന്ററുടെ അടുത്ത് പോവുക‐ഇവയെല്ലാം വളരെ അധ്വാനമുള്ള കാര്യമാണ്. ഞങ്ങൾ 500 അല്ലെങ്കിൽ 1000 കോപ്പികൾ മാത്രമേ ഉണ്ടാക്കിയുള്ളൂ. അത് യുവജനങ്ങൾ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ക്യാമ്പസ് കഫേകൾ പോലുള്ള സ്ഥലങ്ങളിൽ ഞങ്ങൾ തന്നെ ചെയ്‌ത് എത്തിച്ചു. പ്രേക്ഷകർ അത് പേപ്പറിൽ കാണണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ ഇത് വളരെ അധ്വാനം ആവശ്യമുള്ള ഒന്നായിരുന്നു.
മാഗസിൻ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്ന പരിമിതിയുമുണ്ടായിരുന്നു. പണം ഒരു പ്രശ്നമായിത്തുടങ്ങി. 2012-‐ഓടെ ലണ്ടനിലേക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു. ആ സമയത്തോടെ മാഗസിൻ ഏതാണ്ട് നിലച്ചുപോയി.
‘ദെ ന്യൂറാഫേലൈറ്റ്‌സ്’ ഫോട്ടോ: സുനിൽ ഗുപ്‌ത
? താങ്കൾ പിന്നീട് ക്യൂറേഷനിലേക്ക് വരികയും അതിരുകൾ താണ്ടേണ്ടതിനെ കുറിച്ചുള്ള കാഴ്‌ചപ്പാട് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്‌തു. ഒരു ഷോയിൽ തന്നെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിച്ചു കൊണ്ടുവന്നു. താങ്കളുടെ ഫോട്ടോഗ്രഫിയിലൂടെ അഭിസംബോധന ചെയ്യാൻ കഴിയാതെ വന്ന എന്തെങ്കിലുമാണോ ക്യൂറേഷനിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
= അത് തുടങ്ങിയത് സ്വാർഥമായ രീതിയിലാണ്. ഞാൻ പഠനം നിർത്തിയശേഷം ക്യൂറേറ്റർമാർ ആരും എന്നെ കാണാൻ വന്നില്ല. ഞാൻ കാത്തിരുന്നു, പക്ഷേ ആരും വന്നില്ല. ഈ രീതിയിൽ പോയാൽ സ്വയം ക്യൂറേറ്റ് ചെയ്‌തില്ലെങ്കിൽ എനിക്ക് ഒരു ഷോയും ലഭിക്കില്ലെന്ന് മനസ്സിലാക്കി. എന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ക്യൂറേഷനിൽ ഏർപ്പെട്ടത്. അതായിരുന്നു ഒരു വലിയ പ്രചോദനം. പിന്നീട്, എൺപതുകളിൽ ലണ്ടനിലെ ‘ബ്ലാക്ക് ആർട്ട്‌സ്' എന്ന പ്രസ്ഥാനവുമായി ഞാൻ ബന്ധപ്പെട്ടു. ഞങ്ങളെപ്പോലുള്ള ആളുകൾക്ക് അവസരം ലഭിക്കുന്നില്ലെന്നും, വെള്ളക്കാർക്ക് മാത്രമേ ഷോകൾ ലഭിക്കുന്നുള്ളൂ എന്നും വാദിച്ചു. അതിനെ തുടർന്നാണ് ഞാൻ ക്യൂറേഷൻ ചെയ്യാൻ തുടങ്ങിയത്.
ക്യൂറേഷൻ എന്റെ ജീവിതമാർഗമായി 14 വർഷം തുടർന്നു. ഒരു കലാചരിത്രകാരൻ എന്നതിലുപരി ഒരു കലാകാരനായിട്ടാണ് ഇത് ചെയ്‌തത്. മിക്ക ക്യൂറേറ്റർമാരും പ്രൊഫഷണൽ കലാചരിത്രകാരന്മാരാണ്. എന്നാൽ ഞാൻ അതായിരുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ട ആളുകളെ, ഇഷ്ടപ്പെട്ട കൃതികളെയാണ് ക്യൂറേറ്റ് ചെയ്‌തത്. ആളുകളുമായുള്ള ആകസ്മികമായ കണ്ടുമുട്ടലുകൾ ഞാൻ ഉപയോഗിച്ചു.
ഫോട്ടോ: സുനിൽ ഗുപ്‌ത (അൺടൈറ്റിൽഡ്)
? എൽജിബിടിക്യു (LGBTQ) സംസ്‌കാരത്തെ വിപണിയിലേക്ക് എത്തിച്ച രണ്ട് ഉപകരണങ്ങൾ ഫോട്ടോഗ്രഫിയും സിനിമയുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഇപ്പോൾ നിർമിത ബുദ്ധി വരുന്നു. അത് എങ്ങനെ ഉപയോഗിക്കപ്പെടുമെന്നാണ് താങ്കൾ കാണുന്നത്.
= ഒരു അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികൾ എപ്പോഴും അവരുടെ പേപ്പറുകൾ എഴുതാൻ എഐ ഉപയോഗിക്കുന്നുത് അൽപ്പം വിഷമിപ്പിക്കുന്ന കാര്യമാണ്.
കൃതികളെ സംബന്ധിച്ചിടത്തോളം, ഞാൻ അതിനെ മറ്റൊരു പ്രക്രിയയായിട്ടാണ് കാണുന്നത്. എന്തിനെങ്കിലും ഇത് പകരമാകുമെന്ന് കരുതുന്നില്ല, അധികമേ ആകൂ. കല ചെയ്യാൻ ഒരു രീതികൂടി. ഏതാനും വർഷങ്ങൾ കൂടുമ്പോൾ എന്തെങ്കിലും വരും, അപ്പോൾ അവർ പറയും, "ഓ, ഇത് എല്ലാത്തിനെയും മാറ്റിമറിക്കാൻ പോകുകയാണ്.’ ഫോട്ടോഗ്രഫി പെയിന്റിങ്ങിന് പകരമാകുമെന്ന് പറഞ്ഞിരുന്നു, അത് ഒരിക്കലും സംഭവിച്ചില്ല. പെയിന്റിങ് ഇപ്പോഴും ഇവിടെയുണ്ട്. എഐ ഒരു പുതിയ ഉപകരണം പോലെയായിരിക്കും. എല്ലാവരും ആവേശഭരിതരാവുകയും അത് ഒരുപാട് ഉപയോഗിക്കുകയും എന്നിട്ട് മടുക്കുകയും മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യും.
യഥാർഥത്തിൽ, മിക്ക വിദ്യാർഥികളും അനലോഗ് ഫോട്ടോഗ്രഫി ചെയ്യാൻ തിരികെ പോകാൻ ആഗ്രഹിക്കുന്നു. അവർക്ക് ഡിജിറ്റൽ വേണ്ട. അവർക്ക് നെഗറ്റീവുകൾ ഉണ്ടാക്കണം, കുറച്ച് ആളുകൾ മാത്രം ചെയ്യുന്നതുകൊണ്ടും ആവശ്യക്കാർ ഇല്ലാത്തതുകൊണ്ടും അത് വളരെ ചെലവേറിയതായി മാറിയിരിക്കുന്നു. ഞാൻ അനലോഗ് ഫോട്ടോഗ്രഫി ചെയ്യുന്നത് നിർത്തി, കാരണം അതിന് വലിയ പണച്ചെലവുണ്ട്, ഒരു റോൾ ഫിലിമിനും ഡെവലപ്‌മെന്റിനും ഏതാണ്ട് 3000 രൂപയോളം വരും. അത് ഭ്രാന്താണ്. പക്ഷേ അതാണ് വിദ്യാർഥികൾ ആഗ്രഹിക്കുന്നത്... .
(വിവർത്തനം: ആര്യ എ ടി)










0 comments