മാർക്കില്ലാത്ത മാർക്ക്ഷീറ്റ്: സിബിഎസ്ഇക്കെതിരെ സൗദിയിലെ ഇന്ത്യൻ വിദ്യാർത്ഥി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥിക്ക് മാർക്കുകൾ രേഖപ്പെടുത്താത്ത 'ശൂന്യമായ' മാർക്ക്ഷീറ്റ് നൽകിയെന്ന പരാതിയിൽ സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥി. സൗദി അറേബ്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥി നൽകിയ ഹർജിയാണ് പരമോന്നത കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർത്ഥികൾ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്ന ആശങ്കകൾക്കിടയിലാണ് കോടതിയുടെ ഇടപെടൽ. വിദ്യാർത്ഥിക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഹർജി ഫയൽ ചെയ്തത്.
പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും തന്റെ കക്ഷിക്ക് ലഭിച്ച മാർക്ക്ഷീറ്റിൽ വിഷയങ്ങൾ തിരിച്ചുള്ള മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. വിദേശത്ത് പഠിക്കുന്ന മറ്റ് പല പ്രൈവറ്റ് വിദ്യാർത്ഥികളുടെയും ഫലം ഇതുവരെ പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ മാർക്ക്ഷീറ്റുകളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഉന്നതവിദ്യാഭ്യാസ പ്രവേശനത്തെ ബാധിക്കുന്നതിനാൽ വിഷയത്തിൽ കോടതിയുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം. സിബിഎസ്ഇയുടെ മൂല്യനിർണ്ണയത്തിലും ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സേവനങ്ങളിലും വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് ഈ പുതിയ സംഭവം.
നേരത്തെ ഡൽഹിയിലെ മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിക്കും സിബിഎസ്ഇ ഇത്തരത്തിൽ മാർക്കില്ലാത്ത ശൂന്യമായ മാർക്ക്ഷീറ്റ് നൽകിയിരുന്നു. പരീക്ഷയിൽ 81 ശതമാനം മാർക്ക് നേടിയിട്ടും മാർക്ക്ഷീറ്റിൽ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെയും പരീക്ഷാ ഫലം പ്രതിസന്ധിയിലായിരിക്കുന്നത്.









0 comments