കാണാതായ യുവതിയുടെ മൃതദേഹം 26 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി; ആണ്‍സുഹൃത്ത് അറസ്റ്റില്‍

ഒഡീഷ: കെഞ്ചാർ ജില്ലയിൽ കാണാതായ 21 കാരിയുടെ മൃതദേഹം 26 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കൊലപാതകത്തിൽ യുവതിയുടെ കാമുകനായ സഹജ അൽദയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡംബി സഹി ഗ്രാമത്തിലെ അനിത മഹാകുഡ് എന്ന യുവതിയാണ് മരിച്ചത്. അന്വേഷണ സമയത്ത് തന്നെ സംശയം തോന്നുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ശേഷം പ്രതി നൽകിയ വിവരമനുസരിച്ചാണ് വനപ്രദേശത്തെ കുഴിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊല നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മെയ് 11 നാണ് യുവതി വീട്ടിൽ നിന്നും പോയത്. മൊബൈൽ ഫോൺ എടുക്കാതിരുന്നതിനാൽ എവിടെയാണെന്നുള്ളതിന് വീട്ടുകാർക്ക് ഒരു വിവരവും ലഭിക്കാതെ വന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ യുവതിക്ക് അവസാനമായി കോൾ വന്നത് സഹജ അൽദയിൽ നിന്നാണെന്ന് തെളിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തിൽ ആവർത്തിച്ച് കുത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം മോട്ടോർ സൈക്കിളിൽ കൊണ്ടുപോയി വനത്തിൽ കുഴിച്ചിടുകയായിരുന്നു.










0 comments