കനത്ത മഴ: പട്ടം ഗവ ഗേൾസ് സ്കൂളിലെ മതിൽ തകർന്നു; നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

മഴയെത്തുടർന്ന് ഇടിഞ്ഞുവീണ മതിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് വേദിയായ പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണു. ക്ലാസ് മുറികളോട് ചേർന്നുള്ള ഭാഗത്തെ മതിലാണ് തകർന്നത്. കുട്ടികൾ സ്കൂളിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ നഗരസഭയുടെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
പട്ടം ഗേൾസ് സ്കൂളിലെയും സമീപത്തെ അങ്കണവാടിയിലെയും കുട്ടികൾ ഉൾപ്പെടെ പതിവായി യാത്ര ചെയ്യുന്ന റോഡിലേക്കാണ് മതിൽ തകർന്നു വീണത്. കാലപ്പഴക്കമുള്ള മതിൽ സ്കൂൾ തുറക്കുന്നതിന് മുൻപ് പൊളിച്ച് പണിയണമെന്ന് പിടിഎ അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതിന്മേൽ അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ലെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു.
മതിലിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന വലിയ മരം മുറിച്ചു മാറ്റണമെന്നും സ്കൂൾ അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രാരംഭ നടപടികൾ എന്ന പേരിൽ ഫയൽ നീക്കിയതല്ലാതെ മരം മുറിച്ചുമാറ്റാൻ കോർപ്പറേഷൻ താല്പര്യം കാണിച്ചില്ല. കുട്ടികളുടെ സുരക്ഷയ്ക്ക് യാതൊരു വിലയും കൽപ്പിക്കാത്ത സമീപനമാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ നടപടിയിൽപ്പോലും വലിയ വീഴ്ചയുണ്ട്. സംസ്ഥാന പ്രവേശനോത്സവം നടന്ന പ്രശസ്തമായ ഈ വിദ്യാലയത്തിൽപ്പോലും ഇത്രയും വലിയ സുരക്ഷാവീഴ്ച ഉണ്ടായത് പരക്കെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.










0 comments