ad
Deshabhimani

സ്ത്രീകളെ കൂട്ടത്തോടെ തടവിലാക്കുന്നത് നിർത്തണം; താലിബാന്റെ വസ്ത്രധാരണ നിയമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ

Taliban.jpg
വെബ് ഡെസ്ക്

Published on Jun 08, 2026, 05:05 PM | 1 min read

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതും തടവിലാക്കുന്നതും ഉടനടി അവസാനിപ്പിക്കണമെന്ന് താലിബാൻ ഭരണകൂടത്തോട് ഐക്യരാഷ്ട്രസഭ.


വസ്ത്രധാരണ നിയമങ്ങളുടെ പേരിൽ നടത്തുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾ സ്ത്രീകളുടെ അന്തസ്സിനും മനുഷ്യാവകാശങ്ങൾക്കും മേലുള്ള കടുത്ത കടന്നുകയറ്റമാണെന്ന് യുഎൻ അഫ്ഗാനിസ്ഥാൻ സഹായ മിഷൻ വ്യക്തമാക്കി.


കഴിഞ്ഞ കുറച്ചാഴ്ചകളായി കാബൂൾ ഉൾപ്പെടെയുള്ള അഫ്ഗാൻ നഗരങ്ങളിൽ കടുത്ത ഇസ്ലാമിക വസ്ത്രധാരണ രീതി പാലിച്ചില്ലെന്ന് കാണിച്ച് താലിബാന്റെ ധാർമ്മിക കാര്യ മന്ത്രാലയം നിരവധി സ്ത്രീകളെയാണ് തടങ്കലിലാക്കിയത്.


കറുത്ത വസ്ത്രം ധരിച്ചില്ലെന്നും മുഖം പൂർണ്ണമായി മറച്ചില്ലെന്നും ആരോപിച്ചായിരുന്നു ഈ നടപടി. ഇത് അഫ്ഗാൻ സ്ത്രീകളെ കൂടുതൽ ഭീതിയിലേക്കും ഒറ്റപ്പെടലിലേക്കും തള്ളിവിട്ടിരിക്കുകയാണെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.


വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്നതും തടവിലാക്കുന്നതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്. ഇത് സ്ത്രീകളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു.


താലിബാൻ ഈ രീതിയിൽ നിന്ന് പിന്മാറണമെന്നും യുഎൻ ആവശ്യപ്പെട്ടു. തടവിലാക്കപ്പെടുന്ന സ്ത്രീകളെ മോചിപ്പിക്കുന്നതിനായി വൻ തുക പിഴയായും തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ ഇനി ഇത്തരം നിയമലംഘനം നടത്തില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകാൻ താലിബാൻ നിർബന്ധിക്കുന്നതായും യുഎൻ റിപ്പോർട്ടിൽ പറയുന്നു.


എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച് താലിബാൻ വക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള വസ്ത്രധാരണ രീതികൾ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ ഏജൻസികൾ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നുമാണ് താലിബാന്റെ നിലപാട്.


2021-ൽ അധികാരം പിടിച്ചെടുത്തതിന് ശേഷം പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽ സ്വാതന്ത്ര്യവും നിഷേധിച്ച താലിബാൻ, പുതിയ വസ്ത്രധാരണ നിയന്ത്രണങ്ങൾ കൂടി കടുപ്പിച്ചത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അതിജീവനത്തെ കൂടുതൽ ദുഷ്കരമാക്കിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home