'എന്റെ റസ്റ്ററന്റിൽ ഞാൻ ഇന്ത്യക്കാരെ ജോലിക്ക് എടുക്കാറില്ല'; ചര്‍ച്ചയായി യുഎസിലെ ഇന്ത്യൻ റസ്റ്ററന്റ്

ടെക്സസ്: തന്റെ സ്ഥാപനത്തിൽ ഇന്ത്യക്കാരെ ജോലിക്ക് എടുക്കില്ലെന്ന് പറഞ്ഞ ഇന്ത്യൻ വംശജയും അവരുടെ റസ്റ്ററന്‍റും സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു. ടെക്സസിലെ ന്യൂ ബ്രൗൺഫെൽസിൽ '7 മങ്ക്സ് കഫേ' (7 Monk’s Cafe) നടത്തുന്ന മുംബൈ സ്വദേശിനി രശ്മി ഭട്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. 'എന്റെ ഇന്ത്യൻ റസ്റ്റോറന്റിൽ ഞാൻ ഇന്ത്യക്കാരെ ജോലിക്ക് എടുക്കാറില്ല' എന്ന വിവാദപരമായ പ്രസ്താവനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ കയറുമ്പോൾ അവിടെയുള്ള ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരിക്കുമെന്ന് ഭൂരിഭാഗം ഉപഭോക്താക്കളും കരുതുമെന്നും, എന്നാൽ തങ്ങൾ ഒരിക്കലും ആ രീതിയിലല്ല ആളുകളെ തിരഞ്ഞെടുത്തതെന്നും രശ്മി പറഞ്ഞു. 'ഭക്ഷണത്തിന്റെ ആധികാരികത നിലനിർത്താൻ ജീവനക്കാരും അതേ പശ്ചാത്തലത്തിൽ നിന്നുള്ളവരാകണം എന്ന് ആളുകൾ പ്രതീക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ എന്റെ തുറന്നുപറച്ചിൽ പലരെയും അത്ഭുതപ്പെടുത്തിയേക്കാം' എന്ന് രശ്മി വീഡിയോയിൽ പറയുന്നു.
വംശീയതയോ സാംസ്കാരിക പശ്ചാത്തലമോ നോക്കാതെ, ജോലി ചെയ്യാനുള്ള താൽപര്യവും വിശ്വാസ്യതയും മാത്രം മാനദണ്ഡമാക്കിയാണ് താനും അമ്മയും ചേർന്ന് ജീവനക്കാരെ തിരഞ്ഞെടുത്തതെന്ന് രശ്മി വ്യക്തമാക്കി. ബിസിനസ് വളർത്തുന്നതിനൊപ്പം പ്രാദേശിക സമൂഹത്തിലുള്ളവർക്ക് തൊഴിലവസരം നൽകുകയായിരുന്നു ലക്ഷ്യം. 'ഞാനും അമ്മയും ചേർന്ന് ഈ കഫേ ആരംഭിക്കുമ്പോൾ ഒരു ഇന്ത്യൻ ടീം ഉണ്ടാക്കണമെന്നല്ല കരുതിയത്. മറിച്ച്, നിറമോ വംശമോ നോക്കാതെ ഒരു മികച്ച ടീം ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് ഹൈസ്കൂൾ-കോളേജ് വിദ്യാർഥികൾ, സിംഗിൾ മദർമാർ, വിരമിച്ചവർ എന്നിവർക്കെല്ലാം ഞങ്ങൾ അവസരം നൽകി' എന്ന് രശ്മി പറയുന്നു.
ഇവിടെ ജോലിക്ക് കയറുന്നതിന് മുൻപ് ഇന്ത്യൻ ഭക്ഷണം പോലും കഴിച്ചുനോക്കാത്ത ജീവനക്കാർ ഇപ്പോൾ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ ശുപാർശ ചെയ്യുന്ന രീതിയിലേക്ക് മാറിയതായും രശ്മി കൂട്ടിച്ചേർത്തു. കോവിഡിന് തൊട്ടുമുമ്പ് 2019-ൽ ആരംഭിച്ച റെസ്റ്റോറന്റ് നിലവിൽ പ്രദേശത്തെ ജനപ്രിയ ഭക്ഷണശാലകളിലൊന്നാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മണിക്കൂറുകൾക്കകം ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. റസ്റ്റോറന്റ് ഉടമയുടെ നയത്തെ ചിലർ പ്രശംസിക്കുമ്പോൾ, ഇന്ത്യൻ ഭക്ഷണം ഇന്ത്യക്കാർ പാകം ചെയ്താലേ അതിന്റെ യഥാർത്ഥ രുചി ലഭിക്കൂ എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ.










0 comments