മമതയ്ക്ക് തിരിച്ചടി: തൃണമൂൽ പിളർപ്പിലേക്ക്, 20 എംപിമാർ എൻഡിഎയിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് ആഘാതം സൃഷ്ടിച്ചുകൊണ്ട് പാർട്ടിയിൽ പിളർപ്പ്. തൃണമൂലിന്റെ ആകെ 28 ലോക്സഭാ എംപിമാരിൽ 20 പേർ എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.
മുതിർന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് എംപിമാർ കലാപക്കൊടി ഉയർത്തിയത്. പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' സഖ്യത്തിന്റെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ഡൽഹിയിൽ തുടരുന്നതിനിടയിലാണ് ഈ നാടകീയ നീക്കങ്ങൾ.
തങ്ങൾ ഉൾപ്പെടെയുള്ള 20 എംപിമാർ എൻഡിഎയുടെ ഭാഗമാകാനുള്ള താല്പര്യം വ്യക്തമാക്കി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഉടൻ കത്ത് നൽകുമെന്ന് കാകോലി ഘോഷ് ദസ്തിദാർ മാധ്യമങ്ങളോട് പറഞ്ഞു.
ജനവിധിയെ മാനിച്ചുകൊണ്ട് തങ്ങളുടെ ഭാവി രാഷ്ട്രീയ പാത എൻഡിഎയോടൊപ്പം ചേർക്കുന്നതാണ് ഉചിതമെന്ന് വിശ്വസിക്കുന്നതായി അവർ വ്യക്തമാക്കി.
ലോക്സഭയിൽ 20 എംപിമാരുടെ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുമെന്നും കകോലി ഘോഷ് തങ്ങളുടെ ചീഫ് വിപ്പും ശതാബ്ദി റോയ് ഡെപ്യൂട്ടി ലീഡറുമായിരിക്കുമെന്നും വിമത തൃണമൂൽ എംപി ശർമ്മിള സർക്കാർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ ആവശ്യമായ കൃത്യമായ ഭൂരിപക്ഷം (മൂന്നിൽ രണ്ട്) ഉറപ്പാക്കിയാണ് വിമതർ നീങ്ങിയിരിക്കുന്നത്. ശിവസേന മാതൃകയിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ ഡൽഹിയിലും നടക്കുന്നത്.
പശ്ചിമ ബംഗാൾ നിയമസഭയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 58 എംഎൽഎമാർ നേരത്തെ തന്നെ വിമത ബ്ലോക്ക് രൂപീകരിക്കുകയും തങ്ങളാണ് 'യഥാർത്ഥ തൃണമൂൽ' എന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചാറ്റർജിയെ നിയമിച്ച മമതയുടെ തീരുമാനത്തോടുള്ള എതിർപ്പാണ് ബംഗാളിലെ പിളർപ്പിന് കാരണമായത്.
നിയമസഭാ സ്പീക്കർ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയും നിയമസഭയിലെ പാർട്ടി ഓഫീസ് ഇവർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർലമെന്റിലും മമതയ്ക്ക് ഭൂരിപക്ഷം നഷ്ടമാകുന്നത്.
ഡൽഹിയിൽ ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ വസതിയിൽ വെച്ചാണ് വിമത എംപിമാർ യോഗം ചേർന്ന് എൻഡിഎ പ്രവേശനത്തിന് അന്തിമ രൂപം നൽകിയത്.
തൃണമൂലിലെ വിമത നീക്കം എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' സഖ്യ യോഗത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തൊട്ടടുത്ത് വെച്ച് തന്നെ തൃണമൂൽ എംപിമാർ പാർട്ടി പിളർത്തിയതായി പ്രഖ്യാപിച്ചത്.










0 comments