ad
Deshabhimani

മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ എസ്‌എഫ്‌ഐ

ആദിവാസി വിദ്യാർഥികളോട് യുഡിഎഫ് സർക്കാരിന്റെ ക്രൂരത; പ്രതിഷേധമിരമ്പി

SFI Marches to Wayanad Collectorate

വയനാട് കലക്‌ടറേറ്റിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ച് | ഫോട്ടോ: എം എ ശിവപ്രസാദ്

avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 06:45 PM | 1 min read

കൽപ്പറ്റ: ആദിവാസി വിദ്യാർഥികളോട്‌ ക്രൂരതകാട്ടി മെന്റർ അധ്യാപകരെ പിരിച്ചുവിട്ട യുഡിഎഫ്‌ സർക്കാർ നടപടിക്കെതിരെ വയനാട് കലക്‌ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി എസ്‌എഫ്‌ഐ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ്‌ പഠനപിന്തുണ ഉറപ്പാക്കുന്ന ഗോത്രവിഭാഗം മെന്റർ അധ്യാപകരെ പരിച്ചുവിട്ട നടപടി അടിയന്തരമായി തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധിച്ചത്‌.


എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്റ്റുഡന്റ്‌ സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച്‌ കലക്‌ടറേറ്റിനു മുന്നിൽ പൊലീസ്‌ തടഞ്ഞു. പിന്നാക്ക മേഖലയിൽ ജോലിയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ നിർണായക പങ്കുവഹിച്ച പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥികൾ പൊലീസ്‌ ബാരിക്കേഡിന്‌ മുകളിൽ കയറി പ്രതിഷേധിച്ചു.


എൽഡിഎഫ് സർക്കാർ നിയമിച്ച 326 ഗോത്രവിഭാഗം മെന്റർ അധ്യാപകരെയാണ്‌ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിട്ടത്‌. ജില്ലയിൽ മാത്രം 241പേർക്ക്‌ ജോലി നഷ്‌ടമായി.


ആദിവാസി വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പഠനം നടത്താനുള്ള അവസരം നിഷേധിക്കുകയാണെന്നും നൂറുകണക്കിന്‌ ആദിവാസി വിദ്യാർഥികളുടെ ഭാവിയെയാണ്‌ സർക്കാർ വെല്ലുവിളിക്കുന്നതെന്നും എസ്‌എഫ്‌ഐ ആരോപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അപർണ ഗൗരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം എസ് ആദർശ്, അബിൻ ബാബു, മുഹമ്മദ് ഷിബിലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home