ഷിഗല്ല വ്യാപനം
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം; ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ

പിണറായി വിജയൻ (ഇടത്)
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണവും പിന്തുണയും എല്ലാവരും ഉറപ്പുവരുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണം. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും പകരുന്നത്.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് എന്നതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പും സർക്കാരും രോഗ വ്യാപനം തടയാൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണം. പ്രതിരോധ മുൻകരുതലുകൾ എടുത്തു രോഗവ്യാപനത്തെ തടയാമെന്നും അദേഹം കൂട്ടിച്ചേർത്തു.










0 comments