റോഡിലേക്ക് മണ്ണിടിഞ്ഞു; മലപ്പുറം-തിരൂർ റൂട്ടിൽ ആറു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം-തിരൂർ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം–തിരൂർ സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ശനിയാഴ്ച പുലർച്ചെ മുതൽ ആറു മണിക്കൂറിലേറെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മലപ്പുറം വെസ്റ്റ് കോഡൂരിന് സമീപം വടക്കേമണ്ണയിലായിരുന്നു മണ്ണിടിച്ചിൽ. രാവിലെ പത്തരയോടെയാണ് മണ്ണും മരങ്ങളും നീക്കം ചെയ്ത് റോഡ് വീണ്ടും ഗതാഗതയോഗ്യമാക്കിയത്.
ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് റോഡരികിലെ ഏകദേശം 25 അടി ഉയരമുള്ള ഭാഗത്ത് നിന്ന് വലിയ തോതിൽ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ റോഡ് പൂർണമായും അടയുകയും മലപ്പുറം–തിരൂർ റൂട്ടിലെ വാഹനഗതാഗതം നിലയ്ക്കുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ മലപ്പുറം അഗ്നിരക്ഷാസേന, പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയും തുടർച്ചയായി ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തി. റോഡിലേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്ന നാല് മരങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് അപകടസാധ്യത പൂർണമായി ഒഴിവാക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണും മരങ്ങളും പൂർണമായി നീക്കം ചെയ്ത് രാവിലെ പത്തരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് മലപ്പുറം–തിരൂർ റൂട്ടിലെ വാഹനങ്ങൾ ചെമ്മങ്കടവ് വഴി തിരിച്ചുവിട്ടു. ഇതുമൂലം ഇതര റോഡുകളിലും വാഹനത്തിരക്ക് അനുഭവപ്പെട്ടു.
മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മലപ്പുറം പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ്, കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ നീലൻ കോഡൂർ, ഫാസിൽ കരീം, വില്ലേജ് ഓഫീസർ ടി.പി. പ്രകാശൻ എന്നിവരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് മണ്ണ് നീക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.










0 comments