പിഎം ശ്രീ പദ്ധതി
അറബിക്കടലിൽ വെള്ളമില്ലെങ്കിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ കുളം നിർമിച്ച് അതിൽ എറിഞ്ഞോളൂ; കെ ടി ജലീൽ

കെ ടി ജലീല്‍, കെ എം ഷാജി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള യുഡിഎഫ് നീക്കത്തിൽ പരിഹാസവുമായി ഡോ. കെ ടി ജലീൽ. അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാത്തതിനാൽ പിഎം ശ്രീ കടലിൽ എറിയുന്നത് മാറ്റിവെച്ചുവെന്നും പാണക്കാട് നിന്നുള്ള അറിയിപ്പാണെന്നും അദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതോടൊപ്പം വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി 251% ത്തിൽ നിന്ന് 125% ആക്കി കുറച്ചതിനാൽ, നിസ്സാര വിലക്ക് ലഭ്യമാകുന്ന വീര്യം കുറഞ്ഞ മദ്യത്തിൻ്റെ ഒരു കൃത്രിമ കുളം ഉണ്ടാക്കി പിഎം ശ്രീ അതിലേക്കെറിഞ്ഞാലും കുഴപ്പമില്ലെന്നും കെ ടി ജലീൽ പരിഹാസ രൂപേണ കുറിച്ചു.
പിഎം ശ്രീയിൽനിന്ന് പിന്മാറാനാകില്ലെന്ന യുഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അവകാശവാദം പച്ചക്കള്ളമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾവേണമെങ്കിലും പിന്മാറാമെന്ന് മുസ്ലിംലീഗ് എംപി പി വി അബ്‌ദുൾ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധ്‌രി രാജ്യസഭയിൽ മറുപടി നൽകിയതോടെയാണ് പിഎം ശ്രീയിൽനിന്ന് ഒരുകാരണവശാലും യുഡിഎഫിന് പിന്മാറാനാകില്ലെന്ന കള്ളം പൊളിഞ്ഞത്. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ എൻ ഷംസുദ്ദീനുമായിരുന്നു പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കാൻ സർക്കാർ നിർബന്ധിതരായി പിന്മാറാൻ കഴിയില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചത്.
"കേരളം പിഎം ശ്രീ ഒപ്പിടുകയോ പിന്മാറുകയോ ചെയ്‌തിട്ടുണ്ടോ? പിന്മാറിയാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെന്തൊക്കെ? കേന്ദ്രസഹായത്തിൽ കുറവുണ്ടാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണ് വഹാബ് ഉന്നയിച്ചത്. അതിനുള്ള മറുപടി ഇങ്ങനെ: 2025 ഒക്‌ടോബർ 23ന് കേരളം ധാരണപത്രത്തിൽ ഒപ്പിട്ടു. എന്നാൽ പിഎം ശ്രീ സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്നില്ല. പിന്മാറിയാൽ ആനുകൂല്യങ്ങൾ നഷ്‌ടമാകും. ധാരണപത്രത്തിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്ന് മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനസർക്കാരിനുകീഴിലെ സ്‌കൂളുകളൊന്നും പിഎം ശ്രീക്ക് വിട്ടുകൊടുത്തില്ല.
കോൺഗ്രസ് എംപി ജെബി മേത്തർക്ക് കഴിഞ്ഞദിവസം കേന്ദ്ര സഹമന്ത്രി നൽകിയ മറുപടിയിൽ ഇക്കാര്യവും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് സർക്കാർ സ്‌കൂളുകൾ പിഎം ശ്രീക്ക് വിട്ടുകൊടുത്തെന്നും മറുപടിയിൽ പറയുന്നു. ഇതോടെ വി ഡി സതീശന്റെ ബിജെപി താത്പര്യങ്ങൾ കൂടിയാണ് പുറത്തുവരുന്നത്.










0 comments