വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; രാത്രികാല യാത്രകൾക്ക് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. അതിരപ്പള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് തുറക്കില്ല. കൊല്ലം ജില്ലയിലെ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ അടച്ചു. പീച്ചി ഡാമിൽ ഇന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവ അടച്ചു. ആഗസ്ത് 4 വരെയാണ് അടച്ചത്.
പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. ബോട്ടിങ്ങിനും ആറന്മുള വള്ളസദ്യയ്ക്കും നിയന്ത്രണമുണ്ട്. ആഗസ്ത് 8 വരെയാണ് രാത്രികാല യാത്രയ്ക്ക് നിയന്ത്രണം. ആഗസ്ത് 6 വരെ ജില്ലയിലെ ക്വാറി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. കാസർകോട്ടും ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു.
ഈരാറ്റുപേട്ട വാഗമൺ റോഡിലും കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള റോഡിലും രാത്രികാല യാത്ര നിരോധിച്ചു. താമരശേരി ചുരം വഴി അവശ്യയാത്രകളല്ലാതെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ വയനാട്ടിലുള്ള വിനോദ സഞ്ചാരികൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും നിർദേശമുണ്ട്.
പാലക്കാട് ജില്ലയിൽ മലയോര മേഖലയിലും സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.










0 comments