ദുബായിൽ വാഹനാപകടം; ആറ് ഇന്ത്യക്കാർ മരിച്ചു; അഞ്ചുപേരുടെ നില ഗുരുതരം

അപകടത്തിൽപ്പെട്ട വാഹനം | Photo: X/ Dubai Police
ദുബായ്: ദുബായിലെ എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരാണ്. ഒമ്പത് പേർക്ക് പരിക്കേറ്റതായി ദുബായ് പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിന്റെ മധ്യഭാഗത്ത് പെട്ടെന്ന് നിർത്തേണ്ടിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. സുരക്ഷിത അകലം പാലിക്കാതെയും ആവശ്യമായ ശ്രദ്ധ ചെലുത്താതെയും സഞ്ചരിച്ച മിനിബസ് ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ട്രാഫിക് പട്രോൾ സംഘങ്ങളും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തിയതായി ദുബായ് പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു. അപകടത്തിൽപ്പെട്ട ഒമ്പത് പേരെയും ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്കും സഹായം നൽകി.
അതേസമയം, അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ട്രാഫിക് അപകട അന്വേഷണ വിഭാഗം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വാഹനത്തകരാർ, ഇന്ധനം തീരുക, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാൽ ഹൈവേയുടെ മധ്യഭാഗത്ത് വാഹനം നിർത്തുന്നത് അതീവ അപകടകരമാണെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. യാത്രയ്ക്ക് മുമ്പ് വാഹനങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായി വാഹനം തകരാറിലാകുകയും റോഡരികിലേക്ക് മാറ്റാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുക, സുരക്ഷിത അകലത്തിൽ മുന്നറിയിപ്പ് ത്രികോണം സ്ഥാപിക്കുക, യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക, വാഹനത്തിൽ നിന്ന് അകന്നുനിൽക്കുക, ഉടൻ പൊലീസിനെ വിവരമറിയിക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.










0 comments