എണ്ണവിപണിയിൽ പുതിയ ആശങ്ക, റഷ്യൻ സംഭരണശാലകൾക്ക് നേരെ വീണ്ടും ഉക്രെയിൻ ഡ്രോൺ ആക്രമണം

കീവ്: റഷ്യയിലെയും റഷ്യൻ അധീനതയിലുള്ള മേഖലകളിലെയും പ്രധാന എണ്ണ സംഭരണശാലകൾക്ക് നേരെ ഉക്രെയിൻ ഡ്രോൺ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായി ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പരസ്പരം സാമ്പത്തിക-സൈനിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ഡ്രോൺ യുദ്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ സൂചനയാണ് ഈ ആക്രമണങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ സംഭരണ ശാലകളും വിതരണ ശൃംഖലയും ലക്ഷ്യമാക്കപ്പെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ മാസം ആദ്യത്തിലും സമാനമായ തുടര്‍ ആക്രമണങ്ങൾ ഉണ്ടായി.
തെക്കൻ റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കടത്തു കേന്ദ്രങ്ങളിലൊന്നായ ക്രാസ്നോദർ ക്രാ മേഖലയിലെ ഗ്രുഷോവയ എണ്ണ സംഭരണശാലയ്ക്ക് നേരെയുണ്ടായ ഉക്രെയിൻ ഡ്രോൺ ആക്രമണം വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കി. ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. 130 രക്ഷാപ്രവർത്തകരും 39 അത്യാധുനിക ഉപകരണങ്ങളും മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ടുകൾ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വോൾഗോഗ്രാഡ് മേഖലയിലെ ക്രാസ്നി യാർ പ്രൊഡക്ഷൻ സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി. ഇവിടെയും വൻ തീപിടിത്തമുണ്ടായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ക്രൈമിയൻ പെനിൻസുലയിലെ സെമൈകൊലോഡെസ്കായ, ഫിയോഡോഷ്യ എന്നിവിടങ്ങളിലെ എണ്ണ ഡിപ്പോകളും ഡ്രോണുകൾ പതിച്ച് തകർന്നു. റഷ്യൻ സൈന്യത്തിന് ആവശ്യമായ ഇന്ധനം സംഭരിച്ചിരുന്നത് ഇവിടെയായിരുന്നുവെന്ന് ഉക്രെൻ ജനറൽ സ്റ്റാഫ് അറിയിച്ചു.
യാത്രാ വണ്ടിക്ക് നേരെയും ഡ്രോൺ; ഒരാൾ കൊല്ലപ്പെട്ടു
മോസ്കോയിൽ നിന്നും ക്രൈമിയയിലെ സിംഫെറോപോളിലേക്ക് വരികയായിരുന്ന യാത്രാ ട്രെയിനിന് നേരെ ഉക്രെയിൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ട്രെയിൻ ഡ്രൈവറുടെ സഹായി കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക നേതാവ് സെർജി അക്സ്യോനോവ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ക്രൈമിയയിലേക്കുള്ള എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരെ ബസുകളിലാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്.
Related News
വ്യോമാക്രമണം ശക്തമാക്കി ഇരുപക്ഷവും
തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന വ്യോമാക്രമണത്തിൽ മോസ്കോ മേഖലയും ക്രൈമിയയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് 310 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യ ഉക്രെയിന് നേരെ 155 ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിൽ 124 ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഉക്രെയിൻ വ്യോമസേന അവകാശപ്പെട്ടു.










0 comments