ad
Deshabhimani

ധവളപത്രത്തിൽ ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ ഡാറ്റകളും

V D Satheesan Dr T M Thomas Issac
avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 04:41 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ്‌ തയ്യാറാക്കിയ ധവളപത്രത്തിൽ ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ ട്രഷറി വിവരങ്ങളും ചോർത്തിയതായി മുൻധനമന്ത്രി ഡോ. തോമസ്‌ ഐസക്‌. പരസ്യപ്പെടുത്താത്ത അതത്‌ മാസ കണക്കുകൾ ധവളപത്രത്തിലുണ്ട്‌. ഇ‍ൗ വിവരങ്ങൾ എഐ ട‍ൂളിന്‌ നൽകിയത്‌ തെറ്റാണ്‌. പൊതുമണ്ഡലത്തിലുള്ള സ്ഥിതിവിവര കണക്കുകൾ മാത്രമാണ്‌ ധവളപത്രത്തിനായി ഉപയോഗിച്ചതെന്ന വാദം ഇതോടെ പൊളിഞ്ഞു. കിഫ്‌ബിയുടെ കാര്യത്തിൽ ഇപ്പോഴത്തെ സർക്കാരിന്‌ എന്തും തീരുമാനിക്കാം. എന്നാൽ നിർമാണം നടന്നുവരുന്ന കിഫ്‌ബി പദ്ധതികൾ നിർത്തിവച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും ഐസക്‌ പറഞ്ഞു.


ധവളപത്രം രണ്ടാം അധ്യായത്തിൽ അഞ്ചു വർഷക്കാലത്തെ ഓരോ മാസാവസാനത്തെയും ക്യാഷ് ബാലൻസ് നൽകിയിട്ടുണ്ട്‌. മെയ് 16-ലെ ബാലൻസ്‌ കണക്കുവരെയുണ്ട്. കേരള സർക്കാരിന്റെ എല്ലാമാസവും അവസാനമുള്ള ക്യാഷ് ബാലൻസ് ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലാണ്‌ ഉണ്ടാവുക. ധനകാര്യ വർഷാവസാനമുള്ള ക്യാഷ് ബാലൻസ് കണക്കുമാത്രമാണ്‌ പുറത്തുവിടുന്നത്‌.


കേരള ട്രഷറി സേവിങ്‌സ്‌ ബാങ്ക് കൂടിയാണ്. ട്രഷറിയിലെ മൊത്തം ഡെപ്പോസിറ്റ് കഴിഞ്ഞവർഷം 71,828 കോടി രൂപയാണ്. ഈ തുക സർക്കാരിനെ വിശ്വസിച്ച് നിക്ഷേപിച്ചതാണ്‌. അവരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ട്രഷറി സേവിങ്‌സ്‌ ബാങ്കും തകരും. അതുകൊണ്ടാണ് ഈ കണക്ക് രഹസ്യമായി സൂക്ഷിക്കുന്നത്. ഇതാണ് എഐ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ്‌ ചെയ്‌തത്.


തങ്ങളുടെ കാലത്ത്‌ ട്രഷറി ഒരിക്കലും മൈനസിൽ പോകില്ലെന്നാണ്‌ പറയുന്നത്‌. ട്രഷറി മൈനസിലായാലുള്ള പ്രതിവിധി റിസർവ് ബാങ്ക് തന്നിട്ടുണ്ട്‌. 3363 കോടി രൂപവരെ മൈനസായാൽ രണ്ടു മുതൽ നാലു ശതമാനംവരെ പലിശയ്‌ക്ക്‌ എസ്ഡിഎഫ് വായ്പയെടുക്കാം. ഇത്ര ചെറിയ പലിശയ്ക്ക് കിട്ടുന്ന തുക സംസ്ഥാനം എന്തിനു വേണ്ടെന്നുവയ്‌ക്കണം? ട്രഷറിയിലെ കമ്മി 3363 കോടി രൂപ കടന്നാൽ 2308 കോടി രൂപ വരെ വെയ്‌സ് ആൻഡ് മീൻസ് വായ്പയെടുക്കാം. വെയ്‌സ് ആൻഡ് മീൻസിന്റെ പരിധിയും കടക്കുമ്പോഴാണ് ട്രഷറി ഓവർഡ്രാഫ്റ്റ് ആകുന്നത്. അപ്പോഴും പലിശ റിപ്പോ നിരക്കിനേക്കാളും രണ്ടു ശതമാനം കൂടുതലേ ആകൂ. മികച്ച ഫിനാൻസ് എന്നാൽ വരവും ചെലവും ഒപ്പിക്കൽ മാത്രമല്ല. അങ്ങനെ വന്നാൽ വികസനവും ക്ഷേമവും നടക്കില്ല.


കിഫ്‌ബിക്ക്‌ പകരം മറ്റൊരു മികച്ച പദ്ധതി സർക്കാർ മുന്നോട്ടുവച്ചിട്ടില്ല. 66,000 കോടി രൂപയുടെ പ്രവൃത്തികളാണ്‌ ഇപ്പോൾ നടക്കുന്നത്‌. അത്‌ വേണ്ടെന്ന്‌ വയ്ക്കാനാകുമോ? സ്‌ത്രീകളുടെ സ‍ൗജന്യ യാത്ര നല്ലതാണ്‌. എന്നാൽ അതിനുള്ള ചെലവ്‌ സർക്കാർ കെഎസ്‌ആർടിസിക്ക്‌ നൽകണമെന്നും ഐസക്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home