വാരണാസി നഗരത്തിൽ മത്സ്യ-മാംസ കച്ചവടത്തിന് നിരോധനം; കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റാൻ കോർപ്പറേഷൻ

വാരണാസി: തീർത്ഥാടന നഗരമായ വാരണാസി നഗരപരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മുഴുവൻ മത്സ്യ-മാംസ കച്ചവട സ്ഥാപനങ്ങളും പൂർണ്ണമായി നിർത്തലാക്കാൻ വാരണാസി മുൻസിപ്പൽ കോർപ്പറേഷന്റെ തീരുമാനം.
നഗര ശുചീകരണവും സൗന്ദര്യവൽക്കരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള കടകളെല്ലാം നഗരത്തിന് പുറത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് നീക്കമെന്നാണ് വാദം.
ശനിയാഴ്ച മേയർ അശോക് തിവാരിയുടെ അധ്യക്ഷതയിൽ ചേർന്ന മുൻസിപ്പൽ കോർപ്പറേഷൻ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. നഗരത്തിന്റെ വികസനവും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതും ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
നഗരപരിധിക്ക് പുറത്തുള്ള പ്രാന്തപ്രദേശങ്ങളിലേക്ക് മാർക്കറ്റുകൾ കൃത്യമായ മാനദണ്ഡങ്ങളോടെ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതിക്ക് മുൻസിപ്പാലിറ്റി അംഗീകാരം നൽകി. പുനരധിവാസ പദ്ധതിയുടെ ഭാഗമായി നഗരത്തിന് പുറത്ത് അഞ്ച് പ്രധാന സ്ഥലങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്ന് മുൻസിപ്പൽ കമ്മീഷണർ അറിയിച്ചു.
നിലവിൽ വാരണാസി നഗരപരിധിയിൽ നാനൂറോളം മത്സ്യ-മാംസ കച്ചവട സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരത്തിൽ പ്രവർത്തിക്കുന്ന അനധികൃതമായ കച്ചവട സ്ഥാപനങ്ങളാകും മാറ്റുകയെന്നും ആറു മാസത്തിനുള്ളിൽ മുഴുവൻ കടകളുടെയും മാറ്റം പൂർത്തിയാക്കുമെന്നും മേയർ വ്യക്തമാക്കി.
അതേസമയം, കോർപ്പറേഷന്റെ പെട്ടെന്നുള്ള ഈ തീരുമാനം സാധാരണക്കാരായ കച്ചവടക്കാരെയും ഉപഭോക്താക്കളെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ദൈനംദിന ആവശ്യങ്ങൾക്കായി നഗരവാസികൾക്ക് ഇനിമുതൽ കിലോമീറ്ററുകൾ താണ്ടി നഗരത്തിന് പുറത്തേക്ക് പോകേണ്ടി വരുന്നത് സമയനഷ്ടത്തിനും അധിക സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്താത്ത രീതിയിലുള്ള പ്രായോഗിക നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്ന ആവശ്യവും ശക്തമാണ്.










0 comments