ആക്രമണദൃശ്യം പ്രചരിപ്പിച്ചാൽ നടപടി; മുന്നറിയിപ്പുമായി കുവൈത്ത് സൈബർ ക്രൈം വിഭാഗം

കുവൈത്ത് സിറ്റി : യുദ്ധം, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത് സൈബർ ക്രൈം വിഭാഗം. രാജ്യത്ത് താമസിക്കുന്നവരെ ലക്ഷ്യമിട്ട് വിവിധ ഭാഷകളിൽ പുറത്തിറക്കിയ അടിയന്തര മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക പ്രവർത്തനങ്ങൾ, മിസൈലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പങ്കുവയ്‌ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിന് പുറമെ വിഭാഗീയത വളർത്തുന്നതോ സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കുന്നതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതും നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള ലംഘനങ്ങൾ നടത്തുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിലുണ്ട്.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പൂർണ നിഷ്പക്ഷത പാലിക്കണം. പ്രകോപനപരമായ ഉള്ളടക്കങ്ങളിൽ ഏർപ്പെടാതിരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും സൈബർ ക്രൈം വിഭാഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക, ദേശീയ ഐക്യം സംരക്ഷിക്കുക, സാമൂഹിക സ്ഥിരത നിലനിർത്തുക എന്നിവയാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വബോധം പുലർത്തണമെന്നും സൈബർ ക്രൈം വിഭാഗം അഭ്യർഥിച്ചു.










0 comments