ബിഹാറിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 മരണം; നിരവധി പേര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
ഔറംഗബാദ്/അർവാൽ: ബിഹാറിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് ആന്ധ്രാ സ്വദേശികളായ തീർത്ഥാടകർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബിഹാറിലെ ഔറംഗബാദിൽ ദേശീയപാത 19-ൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. നിർത്തിയിട്ടിരുന്ന ഇരുമ്പ് കമ്പികൾ കയറ്റിയ ട്രക്കിന് പിന്നിലേക്ക് തീർത്ഥാടകർ സഞ്ചരിച്ച, അമിതവേഗതയിലായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള സംഗം ഗ്രാമവാസികളായ ചാവഡം ഹസ്രതയ്യ തീറ്റ (50), പത്മ (43), പുള്ളേട്ടി വെങ്കിടേശ്വരുലു (64) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ബസ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റ 18 പേരെ ഔറംഗബാദ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഗുരുതരാവസ്ഥയിലായ എട്ട് സ്ത്രീകളെ പിന്നീട് ഗയയിലെ അനുഗ്രഹ് നാരായൺ മഗധ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അർവാൽ ജില്ലയിലുണ്ടായ മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് നാല് യുവാക്കൾ മരിച്ചു. അർവാൽ-പട്ന കനാൽ റോഡിൽ അർധരാത്രിയോടെയായിരുന്നു അപകടം. പട്ന ബിഹ്ത സ്വദേശികളായ ഋഷാങ്ക് രാജ് (23), മനോജ് കുമാർ (36), രാഹുൽ കുമാർ (30), അമൻ കുമാർ (28) എന്നിവരാണ് മരിച്ചത്.
അർവാലിൽ നിന്ന് പട്നയിലേക്ക് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കനാലിലെ ജലസമ്മർദ്ദം മൂലം കാറിന്റെ വാതിലുകളും ജനലുകളും ലോക്കായതിനെ തുടർന്ന് യുവാക്കൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. കാറിന്റെ ചില്ല് തകർത്ത് നാട്ടുകാർ രക്ഷപ്പെടുത്തിയ ഡ്രൈവർ രോഹിത് നിലവിൽ അർവാൽ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു.










0 comments