ad
Deshabhimani

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ ചമച്ച് ഭീഷണി; ഡൽഹിയിൽ ഒരാൾ പിടിയിൽ

AI.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 04:17 PM | 1 min read

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ച് യുവതികളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് പണം തട്ടിയെടുക്കുന്ന സൈബർ ബ്ലാക്ക് മെയിലിംഗ് സംഘത്തിലെ പ്രധാനി ഡൽഹിയിൽ പിടിയിൽ. ഭൽസ്വ ഡയറി സ്വദേശിയായ സൗരവ് (30) എന്നയാളെയാണ് നോർത്ത് ഡൽഹി പൊലീസിന്റെ സൈബർ സെൽ വിഭാഗം അറസ്റ്റ് ചെയ്തത്.


ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി യുവതികളെ കെണിയിൽ വീഴ്ത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. മുൻപ് സമാനമായ രണ്ട് കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇയാൾ വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. മൽക്കാഗഞ്ച് സ്വദേശിയായ 19-കാരി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.


യുവതിയുടെ വാട്സാപ്പിലേക്ക് അപരിചിതനായ ഒരാൾ മോർഫ് ചെയ്ത ചിത്രം അയച്ചു നൽകുകയും തുടർന്ന് 'ലക്ഷ്യ ഗാർഗ്' എന്ന വ്യാജ പേരിൽ സ്നാപ്ചാറ്റ് വഴി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയുമായിരുന്നു. ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കാൻ 30,000 രൂപയാണ് ഇയാൾ ആദ്യം ആവശ്യപ്പെട്ടത്.


ഭയന്നുപോയ പെൺകുട്ടിയുടെ കുടുംബം ക്യുആർ കോഡ് വഴി പണം കൈമാറി. എന്നാൽ മാസങ്ങൾക്ക് ശേഷം, 2026 ഫെബ്രുവരിയിൽ ഇയാൾ വീണ്ടും ഭീഷണിയുമായി രംഗത്തെത്തുകയും സൈബർ കഫേ വഴി 10,000 രൂപ കൂടി തട്ടിയെടുക്കുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെടുകയും മറ്റ് യുവതികളുടെ ഫോൺ നമ്പറുകൾ നൽകാൻ നിർബന്ധിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.


ഇയാളിൽ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോൺ, സിം കാർഡ്, വൈഫൈ റൂട്ടർ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ മുൻപ് 2022-ലും 2023-ലും ഭാരത് നഗർ, ഷാഹ്ദര സൈബർ സ്റ്റേഷനുകളിൽ ലൈംഗിക അതിക്രമം, സ്റ്റോക്കിംഗ്, ബ്ലാക്ക് മെയിലിംഗ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് നോർത്ത് ഡൽഹി ഡിസിപി വ്യക്തമാക്കി. സമാനമായ രീതിയിൽ കൂടുതൽ യുവതികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് സൈബർ സെൽ അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home