കല കുവൈത്ത് മാതൃഭാഷാ പഠനം: രജിസ്ട്രേഷൻ തുടങ്ങി

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് സംഘടിപ്പിക്കുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. അവധിക്കാല മാതൃഭാഷാ ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരള സർക്കാരും കേരള പിഎസ്‌സിയും അംഗീകരിച്ച കണിക്കൊന്ന (സർട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സ്) എന്നിവയാണ് കല കുവൈത്ത് വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
പ്രവാസലോകത്ത് ജനിച്ചുവളരുന്ന കുട്ടികൾക്ക് മലയാള ഭാഷയും സംസ്കാരവും പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ കല കുവൈത്ത് കഴിഞ്ഞ 36 വർഷത്തിലേറെയായി പഠന പദ്ധതി സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകൾക്കായി മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പുരസ്‌കാരം നേടിയതിന്റെ ആവേശത്തിലാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ. പദ്ധതിയുടെ ഭാഗമായി കുവൈത്തിന്റെ വിവിധ മേഖലകളിലായി മൂന്നുമാസത്തോളം നീളുന്ന പ്രത്യേക അവധിക്കാല ക്ലാസുകളും സ്കൂൾ മുഖേന മലയാളം മിഷൻ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള വർഷം മുഴുവൻ നീളുന്ന തുടർപഠനവും ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവം, കലാജാഥ, മാതൃഭാഷാ സംഗമം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സാംസ്കാരിക ദൗത്യത്തിന്റെ ഭാഗമാകാൻ അധ്യാപകരെയും സന്നദ്ധ പ്രവർത്തകരെയും സംഘടന സ്വാഗതംചെയ്തു.










0 comments