ad
Deshabhimani

83-ാം വയസിൽ വീണ്ടും രാജ്യസഭയിലേക്ക്; മകൻ മന്ത്രി, മരുമകൻ എംപി; ഖാർ​ഗെയ്ക്കെതിരെ വിമർശനം

Mallikarjun Kharge

മല്ലികാർജുൻ ഖാർ​ഗെ | Photo Credit: X/Mallikarjun Kharge

വെബ് ഡെസ്ക്

Published on Jun 08, 2026, 03:34 PM | 1 min read

ന്യൂഡൽഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്കെതിരെ രൂക്ഷവിമർശനം. ഖാർ​ഗെ ഇരട്ടപ്പദവി വഹിക്കുന്നതിലും ബന്ധുക്കളെ അധികാര സ്ഥാനങ്ങളിൽ എത്തിക്കുന്നതിലുമാണ് കോൺ​ഗ്രസിനുള്ളിൽനിന്ന് തന്നെ ആക്ഷേപം ഉയരുന്നത്.


കർണാടകയിൽനിന്നാണ് ഖാർ​ഗെ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞദിവസം നാമനിർദേശപത്രിക സമർപ്പിച്ചു. കോൺ​ഗ്രസ് നേതൃസ്ഥാനം വഹിക്കുമ്പോൾ തന്നെ വീണ്ടും എംപിയാകുന്നത് ഇരട്ടപ്പദവിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.


കൂടാതെ 83 വയസുള്ള ഖാർ​ഗെ അധികാരസ്ഥാനത്ത് കടിച്ചുതൂങ്ങുകയാണെന്നും ആരോപണമുണ്ട്. കർണാടക പോലെ കോൺ​ഗ്രസിന് നിലവിൽ സ്വാധീനമുള്ള സംസ്ഥാനത്ത് രാജ്യസഭാ സ്ഥാനാർഥികളായി മറ്റുള്ളവരെ പരി​ഗണിക്കാമായിരുന്നുവെന്ന് സോഷ്യൽമീഡിയയിലൂടെ അനുഭാവികൾ പരാതിപ്പെടുന്നു.


കുടുംബാം​ഗങ്ങളെ അധികാര സ്ഥാനങ്ങളിൽ എത്തിക്കുന്ന ഖാർ​ഗെയുടെ നടപടിക്കെതിരെയും വിമർശനം ശക്തമാണ്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖാർ​ഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി കർണാടകയിലെ ​ഗുൽബർ​ഗ മണ്ഡലത്തിൽനിന്നുള്ള എംപിയാണ്.


അതേസമയം, കേരളത്തിൽ കോൺ​ഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ വഹിക്കുന്ന ഇരട്ടപ്പദവിയും ബന്ധുനിയമനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഖാർ​ഗെ പക്ഷത്തിന്റെ പ്രതിരോധം. മന്ത്രിയായ സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. കൂടാതെ സണ്ണി ജോസഫിന്റെ പേഴ്സൺ സ്റ്റാഫിൽ സഹോദരീ ഭർത്താവ്ഉ ബെന്നി തോമസിനെ ഉൾപ്പെടുത്തിയിരുന്നു. ബന്ധുനിയമനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ​ഗത്യന്തരമില്ലാതെ ബെന്നി തോമസ് കഴിഞ്ഞദിവസം രാജിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home