ad
Deshabhimani

വിദ്യാർഥികളെ യുദ്ധമുഖത്തേക്ക് തള്ളിവിടാൻ റഷ്യ; കോളേജുകൾ കേന്ദ്രീകരിച്ച് സൈനിക റിക്രൂട്ട്‌മെന്റ്

Army

Photo:NDTV

വെബ് ഡെസ്ക്

Published on Jun 08, 2026, 01:53 PM | 1 min read

മോസ്കോ : ഉക്രെയ്ൻ യുദ്ധം നീളുന്ന പശ്ചാത്തലത്തിൽ സൈനികരുടെ കുറവ് നികത്താൻ സർവ്വകലാശാലകളെയും സാങ്കേതിക കോളേജുകളെയും ലക്ഷ്യമിട്ട് റഷ്യ. വിദ്യാർഥികളെ കൂട്ടത്തോടെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായി ഇരുനൂറ്റമ്പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിൽ രാജ്യത്ത് റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ട്. കോളേജുകളിലെ ആൺകുട്ടികളിൽ രണ്ട് ശതമാനം പേരെ സൈന്യത്തിൽ ചേർക്കണമെന്ന കർശന നിർദ്ദേശം അധികൃതർ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന.


സൈന്യത്തിൽ ചേരുന്ന വിദ്യാർഥികൾക്ക് വൻ ആനുകൂല്യങ്ങളാണ് റഷ്യ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ വിദ്യാഭ്യാസം, പഠനകാലത്തെ മോശം അക്കാദമിക് റെക്കോഡുകൾ ഒഴിവാക്കി നൽകൽ, സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തി പഠനം പൂർത്തിയാക്കാനുള്ള അവസരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഓൺലൈൻ വഴിയും അല്ലാതെയും കോളേജ് അധികൃതർ വിദ്യാർഥികളെ നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായി. സൈബീരിയയിലെ ഒരു ട്രാൻസ്പോർട്ട് കോളേജ് ഡയറക്ടർ സൈന്യത്തിൽ ചേരാൻ മടിക്കുന്നവരെ പരസ്യമായി ശാസിക്കുന്ന ഓഡിയോ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഇപ്പോൾ സൈന്യത്തിൽ ചേർന്നാൽ പിന്നീട് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ഇവർ വിദ്യാർഥികളോട് പറയുന്നത്.


പരീക്ഷകളിൽ പരാജയപ്പെടുന്നവരെ ക്യാമ്പസുകളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി സൈന്യത്തിലേക്ക് തിരിച്ചുവിടുന്നതായും ആക്ഷേപമുണ്ട്. മോസ്കോയിലെ ഒരു 19 കാരൻ വിദ്യാർഥി വെളിപ്പെടുത്തിയതനുസരിച്ച്, പരീക്ഷയിൽ തോറ്റപ്പോൾ കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ സൈന്യത്തിൽ ചേരുകയെന്ന ഓപ്ഷനാണ് അധികൃതർ മുന്നോട്ടുവെച്ചത്. മനഃപൂർവ്വം പരീക്ഷകൾ ജയിക്കാൻ സർവ്വകലാശാലകൾ അനുവദിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.


റഷ്യയുടെ ഈ നീക്കം തികച്ചും അക്രമണോത്സുകമായ ഒന്നാണെന്ന് സെക്യൂരിറ്റി അനലിസ്റ്റ് നാറ്റിയ സെസ്കുരിയ വിലയിരുത്തുന്നു. രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളുടെ വെബ്‌സൈറ്റുകൾ വഴി വിദ്യാർഥികളെ സ്വാധീനിക്കാനുള്ള വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാൽ, യുദ്ധഭൂമിയിലെ ആവശ്യങ്ങൾക്കനുസരിച്ച് റഷ്യൻ നിലപാടുകളിൽ മാറ്റം വരാമെന്നതിനാൽ ഇത്തരം വാഗ്ദാനങ്ങൾ പൂർണമായി വിശ്വസിക്കാനാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലെ റഷ്യൻ നിയമപ്രകാരം ഉക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് വരെ സൈനിക കരാറുകൾക്ക് പ്രാബല്യമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home