ad
Deshabhimani

ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; ജാ​ഗ്രതാ നിർദേശവുമായി എംബസി

indian embassy in iran
വെബ് ഡെസ്ക്

Published on Jun 08, 2026, 12:59 PM | 2 min read

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കടുക്കുന്ന പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർ​ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും, മറ്റ് ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി കർശന നിർദ്ദേശം നൽകി. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച സൈനികനീക്കം നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും പശ്ചിമേഷ്യയിൽ സ്ഥിതി വഷളായി തുടരുകയാണ്. ഇസ്രയേലിന്റെ ആസൂത്രിത ഇടപെടലിലൂടെ സമാധാന ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, ഇരുപക്ഷവും വീണ്ടും ആക്രമണം കടുപ്പിച്ചു. ഇതോടെ മേഖല കടുത്ത യുദ്ധഭീതിയിലാണ്.



കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ്‌ സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു. പിന്നാലെ മേഖലയിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷമായി. 11 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തുവിട്ടു. ഇറാന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ സൈന്യം ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തന്ത്രപ്രധാനമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം തുടങ്ങി. ഊർജ്ജ മേഖലയെ ബാധിക്കാത്ത വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇപ്പോൾ തകർക്കുന്നതെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെഹിയേൽ മൈക്കൽ ലൈറ്റർ സ്ഥിരീകരിച്ചു. ഇസ്രായേൽ എയർഫോഴ്സിന്റെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ ഇയാൽ സാമിറിന്റെ നേതൃത്വത്തിലുള്ള ഉന്നത സൈനിക കമാൻഡർമാരാണ് ഈ തിരിച്ചടി തത്സമയം നിയന്ത്രിക്കുന്നത്. വ്യോമാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡ് മൊബൈൽ ഫോണുകൾ വഴി നേരിട്ട് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്.


തങ്ങളെ ഭീഷണിപ്പെടുത്തുന്ന ആർക്കെതിരെയും ഏത് മേഖലയിലും തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്ന് വ്യക്തമാക്കിയ ഇസ്രയേൽ, ഹിസ്ബുള്ളയ്ക്കും ലെബനനും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിസ്ബുള്ള ആക്രമണത്തിന് മുതിർന്നാൽ ദഹിയയിലെ അവരുടെ കമാൻഡ് സെന്ററുകൾ തകർക്കുമെന്നാണ് മുന്നറിയിപ്പ്. ലബനനിലെ ജനങ്ങൾ ഇറാന്റെ പ്രോക്സി ഗ്രൂപ്പായ ഹിസ്ബുള്ളയെ തള്ളിക്കളഞ്ഞതാണെന്നും ഇറാന്റെ ഭരണകൂടത്തെക്കൊണ്ട് എല്ലാവരും മടുത്തുവെന്നും ഇസ്രയേൽ അംബാസഡർ കൂട്ടിച്ചേർത്തു. ഏപ്രിലിലെ വെടിനിർത്തലിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ടുണ്ടാകുന്ന ഏറ്റവും ശക്തമായ സൈനിക ഏറ്റുമുട്ടലാണിത്. ഇരുപക്ഷവും പിന്മാറാൻ തയ്യാറാകാത്തതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home