ad
Deshabhimani

ഓർമ

ഓർമ്മചിരാതുകൾ‐4

ചിത്രീകരണം: ദേവപ്രകാശ്‌
avatar
വൈശാഖൻ

Published on Jun 08, 2026, 12:18 PM | 4 min read

സുകുമാരൻ

വി ശശി, ഷെരീഫ് സൗഹൃദകാലത്തെ മറ്റൊരു ഓർമ. ഞാൻ മദിരാശിയിലേക്ക് പോകുന്നത് ഇവരെ കാണാൻ മാത്രമായിരുന്നല്ലോ. അവരാണെങ്കിൽ കൂടുതൽ തിരക്കുള്ളവരായി മാറിപ്പോയിരുന്നു. ഒരു തവണ ഷെരീഫിന്റെ വീട്ടിൽ എത്തിയപ്പോൾ ഷെരീഫ് അവിടെ ഇല്ല. ആകെ നിരാശയായി. എവിടെയായാലും കണ്ടിട്ടേ പോകൂ എന്ന് വാശി തോന്നി. അക്കാര്യം പറഞ്ഞപ്പോൾ ഷെരീഫിന്റെ ശ്രീമതി ഒരു കടലാസ് തുണ്ടിൽ അവർ ഉള്ള സ്ഥലത്തിന്റെ വിലാസം കുറിച്ചുതന്നു. ഞാൻ ചുറ്റിത്തിരിഞ്ഞ് അവിടെ എത്തി. ഒരു വീടിന്റെ രണ്ടാം നില. ഞാൻ കയറിച്ചെന്നപ്പോൾ ശശി പറഞ്ഞു.

“കൃത്യം സമയം. ഊണിന് ഇല വയ്‌ക്കാൻ പോകുന്നു.”

ചിത്രീകരണം: ദേവപ്രകാശ്‌ചിത്രീകരണം: ദേവപ്രകാശ്‌

“ഊണ് കഴിക്കാൻ വന്നതല്ല ശശീ. മദിരാശി വരെ വന്നിട്ട് നിങ്ങളെ കാണാതെ മടങ്ങാൻ കഴിയില്ലല്ലോ. അതാ വന്നത്. നിങ്ങൾ വല്ല സിനിമാ ഗൂഢാലോചനയിലോ മറ്റോ ആണെങ്കിൽ ഉടൻ സ്ഥലം വിട്ടേക്കാം.”

“അതെന്താ ഗോപിയേട്ടാ ഇങ്ങനെ ഒരു വർത്തമാനം. ഗോപിയേട്ടൻ അറിഞ്ഞതുകൊണ്ട് ഒരു കുഴപ്പവും ഉള്ള കാര്യമല്ല. ഒരു ഡിസ്‌കഷൻ. അത് ഊണ് കഴിഞ്ഞ് ഞങ്ങൾ നടത്തിക്കോളാം. വരൂ.”

ഞങ്ങൾ കടന്നുചെന്നപ്പോഴേക്കും അഞ്ചാറുപേർ ഇലയുടെ മുമ്പിൽ ഇരുന്നുകഴിഞ്ഞു. ശശി എന്നെ അവർക്ക് പരിചയപ്പെടുത്തി. അവർ ആരൊക്കെയാണെന്ന് ഓർമയില്ല. രണ്ടുപേർ വിളമ്പുന്നുണ്ട്. രണ്ട് ആളില്ലാ ഇലകളിലും അവർ വിളമ്പുന്നുണ്ട്. അത് അവരുടെ ഇലകളാണ്. ഒരാൾ എന്റെ ഇലയിൽ വിളമ്പാൻ എത്തിയപ്പോൾ ശശി പറഞ്ഞു.

“ഗോപിയേട്ടാ ഇത് സുകുമാരൻ.”

സുകുമാരന്റെ ചിരി വളരെ ആകർഷണീയമായി തോന്നി.

സുകുമാരൻ പറഞ്ഞു.

ലേശം നർമഭാവത്തിൽ.

“ആശാനേ, നമുക്ക് ഇവിടെ ഒന്നും അത്ര രക്ഷയുണ്ടെന്ന് തോന്നുന്നില്ല. തിരിച്ചുപോയാലോന്നാണ് ആലോചന.”

സുകുമാരൻ അതിനുള്ളിൽ ഏതോ ചിത്രത്തിൽ അഭിനയിച്ച കാര്യം ശശി പറഞ്ഞു. ഞാൻ സുകുമാരന്റെ മുഖത്തേക്ക് നോക്കി. താടിയിലെ കുഴി ശ്രദ്ധയിൽപ്പെട്ടു. ഞാൻ പറഞ്ഞു.

“ഒരിക്കലും രക്ഷയില്ലാതെ വരില്ല. സുകുമാരൻ ഭാഗ്യശാലിയാണ്. അതിന്റെ തെളിവാണ് താടിയിലെ ആ കുഴി. എം ജി ആറിനും ഇതേപോലെ കുഴി ഉണ്ടല്ലോ.”

സുകുമാരന് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.

“എന്നാൽ ആശാൻ പറഞ്ഞതുപോലെ കുഴി രക്ഷയാകുമോ എന്ന് നോക്കാമല്ലോ.”

പിന്നീട് മലയാളത്തിൽ അതിപ്രശസ്‌തനായി തീർന്ന നടൻ സുകുമാരൻ ആയിരുന്നു അത്.

യേശുദാസ്

ഒരു തവണ ശശിയും ഷെരീഫും ഞാനും കണ്ടുമുട്ടിയപ്പോൾ ശശി പറഞ്ഞു.

“നമുക്ക് അരുണാചലം സ്റ്റുഡിയോ വരെ ഒന്ന് പോകണം.”

എന്തിനാണെന്ന ചോദ്യം അപ്രസക്തമായിരുന്നു. സിനിമാക്കാരുടെ കാര്യമല്ലേ. ഞങ്ങൾ അരുണാചലം സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെ ഒരു പാട്ടിന്റെ റെക്കോഡിങ്ങിനുള്ള തയ്യാറെടുപ്പ് നടക്കുന്നു. യേശുദാസും ദക്ഷിണാമൂർത്തി സ്വാമിയും ഓർക്കസ്ട്രയും ഉണ്ട്. ശശിക്ക് അവരെയെല്ലാം പരിചയമുള്ളതുകൊണ്ട് ഞങ്ങൾക്ക് ഇരിക്കാൻ കസേരകൾ കിട്ടി. ദക്ഷിണാമൂർത്തി സ്വാമിയുടെ വേഷം ഒരു വേഷ്ടി മാത്രമാണ്. യേശുദാസ് വെള്ള ഷർട്ടും വെള്ള പാന്റ്‌സും വെള്ള നിറമുള്ള ഷൂസും. ഫോട്ടോകളിൽ കണ്ടു പരിചയിച്ചിട്ടുള്ള സ്ഥിരം വേഷം. ശശി എന്നെ യേശുദാസിനെ പരിചയപ്പെടുത്തി. യേശുദാസ് റെക്കോഡ് ചെയ്യാൻ പോകുന്ന പാട്ടിന്റെ രണ്ടുവരി ഞങ്ങൾക്കായി പാടി.

“അഷ്ടമി പൂത്തിങ്കളെ

എൻ അനുരാഗ മലർത്തിങ്കളെ...”

ചിത്രീകരണം: ദേവപ്രകാശ്‌ചിത്രീകരണം: ദേവപ്രകാശ്‌

ആദ്യമായിട്ടായിരുന്നു ഞാൻ ഒരു ഗാനം റെക്കോഡ് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കുന്നത്. വാദ്യോപകരണങ്ങൾ വായിക്കുന്നവർ അഞ്ചോ ആറോ ഗ്രൂപ്പുകളായി അൽപ്പം അകലത്തിൽ ഇരിക്കുന്നു. സ്വാമി നിർദേശങ്ങൾ കൊടുക്കുന്നു. സ്വാമിയുടെ കയ്യിൽ ഒരു ചെറിയ ഇലത്താളം. വാദ്യോപകരണക്കാരുടെ റിഹേഴ്സൽ കഴിഞ്ഞപ്പോൾ ദക്ഷിണാമൂർത്തി സ്വാമി ഒരു കുട്ടിയോട് ക്ലാസിൽ കയറാൻ പറയുന്ന ഒരു അധ്യാപകനെ പോലെ പറഞ്ഞു.

“ദാസാ കേറടാ.”

യേശുദാസ് ഒരു ചില്ലുകൂട്ടിൽ കയറി കതകടച്ചു.

സ്വാമി ഇലത്താളം മൂന്നുതവണ അടിച്ചപ്പോൾ ഓർക്കസ്ട്ര തുടങ്ങി. സ്വാമി ഇടയ്‌ക്ക്‌ വാദ്യോപകരണങ്ങൾ വായിക്കുന്നവരുടെ നേരെ ചില ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. യേശുദാസ് പാടുന്നത് ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞില്ല. സൗണ്ട് പ്രൂഫ് കൺസോൾ ആണല്ലോ. ഒരു ചില്ലുപാളിക്ക് അപ്പുറത്ത് റെക്കോഡിങ് നിയന്ത്രിക്കുന്ന സൗണ്ട് വിദഗ്ധനെയും കാണാം. ഒടുവിൽ എല്ലാം കഴിഞ്ഞ് ആ പാട്ട് പൂർണമായും അവിടെയുള്ള വെള്ളിത്തിരയുടെ സ്‌പീക്കറിൽകൂടി ഞങ്ങൾ കേട്ടു.


അനേക വർഷങ്ങൾ കഴിഞ്ഞ് യേശുദാസിനൊപ്പം ഒരു സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ഞാൻ അഷ്ടമി പൂത്തിങ്കളിന്റെ കാര്യം പറഞ്ഞു. യേശുദാസിന് അത് ഓർമയുണ്ടായിരുന്നു. തൃശൂരിലെ ചേതന മ്യൂസിക് അക്കാദമിയുടെ വാർഷികമായിരുന്നു എന്നാണ് ഓർമ. യേശുദാസ് ആയിരുന്നു ഉദ്ഘാടകൻ. ഞാൻ മുഖ്യാതിഥിയും. ‘അഷ്ടമിപ്പൂത്തിങ്കളേ’ എന്ന ഗാനം റെക്കോഡ് ചെയ്‌തത് ഏത് ചിത്രത്തിന് വേണ്ടിയാണോ ആ ചിത്രം ഇറങ്ങിയില്ലെന്നും മറ്റൊരു ചിത്രത്തിലാണ് ആ ഗാനം ഉപയോഗിച്ചത് എന്നും യേശുദാസ് പറഞ്ഞു.

യേശുദാസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ യേശുദാസ് സീറ്റിൽനിന്നും എണീറ്റു. അദ്ദേഹത്തിന്റെ പത്നിയും കൂടെ വന്നിരുന്നു. യേശുദാസ് എന്റെ അടുത്തുവന്ന് തോളിൽ കൈവച്ചു. ഏതോ ഒരു ചടങ്ങിന് പോകേണ്ട സമയം ആയെന്നും ഇറങ്ങട്ടെ എന്നും എന്റെ ചെവിയിൽ പറഞ്ഞു. പിന്നീട് സദസ്സിനോട് പറഞ്ഞു.

“ഇത് എന്റെ ചേട്ടനാ.”

സദസ്സ് ചിരിച്ചു. യഥാർഥത്തിൽ യേശുദാസിനെക്കാൾ ആറുമാസം ഇളയതാണ് ഞാൻ എന്ന് ഞാൻ സദസ്സിനെ അറിയിച്ചു. യേശുദാസ് എന്റെ തോളിൽ പിടിച്ചുനിൽക്കുന്ന ചിത്രം പിറ്റേ ദിവസത്തെ മനോരമ പത്രത്തിന്റെ തൃശൂർ എഡിഷന്റെ മുൻപേജിൽ അടിച്ചുവന്നു. ‘എന്റെ ചേട്ടനാ’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ!!

ചിത്രീകരണം: ദേവപ്രകാശ്‌ചിത്രീകരണം: ദേവപ്രകാശ്‌

ദക്ഷിണാമൂർത്തി

റെക്കോഡിങ് കഴിഞ്ഞ് ദക്ഷിണാമൂർത്തി സ്വാമിയെ പരിചയപ്പെട്ടു. പിന്നീട് പതിറ്റാണ്ടുകൾ കഴിഞ്ഞ് പാലക്കാട് വച്ചാണ് സ്വാമിയെ കാണാൻ സാധിച്ചത്. അരുണാചലം സ്റ്റുഡിയോയിൽവച്ച് കാണുമ്പോൾ സ്വാമി ഷർട്ട് ധരിച്ചിരുന്നില്ല. കഴുത്തിൽ ഒന്നോ രണ്ടോ രുദ്രാക്ഷമാലകളും ഉണ്ടായിരുന്നു. പാലക്കാട് ജേസീസ് അവാർഡ് സമർപ്പണത്തിന് അവർ എന്നെയാണ് ക്ഷണിച്ചത്. രണ്ടായിരത്തിലോ മറ്റോ ആയിരിക്കും. ഞാൻ തൃശൂരിൽ നിന്നുമാണ് വന്നത്. ദക്ഷിണാമൂർത്തി സ്വാമി, ലാൽ ജോസ് തുടങ്ങി അഞ്ചു പേർക്കാണ് അന്ന് ജേസീസ് അവാർഡ് സമർപ്പിച്ചത്. അവാർഡ് സമർപ്പണത്തിന് മുമ്പ്‌ സ്വാമിയോട് സംസാരിച്ചു. സ്വാമിയുടെ കഴുത്തിൽ പത്തോ പതിനഞ്ചോ രുദ്രാക്ഷമാലകൾ ഉണ്ടായിരുന്നു. ശരിക്കും ആ മാലകൾക്കെല്ലാം കൂടി വലിയ ഭാരമുണ്ട് എന്ന് തോന്നിക്കും. ഞാൻ ചോദിച്ചു.

“സ്വാമി, ഈ മാലകളെല്ലാം കൂടി വലിയ ഭാരം തോന്നുന്നില്ലേ?”

സ്വാമി ചിരിച്ചു.

“ഭാരം ഉണ്ടെങ്കിൽ അത് താങ്ങാനുള്ള ആരോഗ്യവും എനിക്കുണ്ട്.”

വേഷ്ടിയും ഒരു ചെറിയ ഷാളും ആയിരുന്നു സ്വാമിയുടെ വേഷം. യാതൊരു നാട്യങ്ങളും ഇല്ലാത്ത ലളിതസ്വഭാവി. മലയാളത്തിലെ അനശ്വര ഗാനങ്ങൾ സമ്മാനിച്ച സ്വാമി ഒരു രസികനുമാണ്. അത് അറിയാവുന്നതിനാൽ ഞാൻ ചോദിച്ചു.

“ഈ ആരോഗ്യത്തിന്റെ രഹസ്യം എന്താണ് സ്വാമീ?”

സ്വാമി ചിരിച്ചു. കുലുങ്ങിച്ചിരിച്ചു എന്നുപറയാം.

“അതോ, ഈ രുദ്രാക്ഷങ്ങളും പിന്നെ ദിവസവും കുടിക്കുന്ന നാരങ്ങാവെള്ളവും.”. (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home