ad
Deshabhimani

ഫിലിപ്പീൻസിനെ വിറപ്പിച്ച് ഭൂചലനം; നാല് മരണം, 200 പേർക്ക് പരിക്ക്

earthquake philippines
വെബ് ഡെസ്ക്

Published on Jun 08, 2026, 12:17 PM | 1 min read

മനില : തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ ഫിലിപ്പീൻസിലുണ്ടായ വൻ ഭൂകമ്പത്തിൽ നാല് മരണം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തെക്കൻ നഗരത്തിലെ കെട്ടിടങ്ങൾക്കും പ്രധാന പാലത്തിനും കേടുപാടുകൾ സംഭവിച്ചു. 1 മീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ സമീപത്തെ തീരങ്ങളിൽ ആഞ്ഞടിച്ചു. 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഫിലിപ്പീൻസിലെ സുനാമി സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പറഞ്ഞു. ഇന്തോനേഷ്യൻ, മലേഷ്യൻ അധികാരികളും തീരപ്രദേശങ്ങൾക്ക് മുന്നറിയിപ്പ് നൽകി.


നിലവിൽ സുനാമി ഭീഷണിയില്ലെന്നും എന്നാൽ സമുദ്രനിരപ്പിൽ കുറച്ച് മണിക്കൂറുകൾ കൂടി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും സുനാമി മുന്നറിയിപ്പ് കേന്ദ്രം ആവശ്യപ്പെട്ടു. ജനറൽ സാന്റോസിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറിയ കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. ഒരു പ്രധാന പാലം ഉൾപ്പെടെ നിരവധി പാലങ്ങൾക്കും റോഡുകൾക്കും വിള്ളലുകൾ ഉണ്ടായതായി സിവിൽ ഡിഫൻസ് ഓഫീസിന്റെ റീജിയണൽ ഡയറക്ടർ റോഡ് സോസ്മെന പറഞ്ഞു. ദാവോ ഓറിയന്റൽ പ്രവിശ്യയിൽ ഭൂകമ്പത്തെത്തുടർന്നുള്ള കെടുതികളിൽ ഒരാൾ കൂടി മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.


ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടെ കണക്കനുസരിച്ച്, 10 കിലോമീറ്റർ താഴ്ചയിലുള്ള കൊട്ടബാറ്റോ ട്രെഞ്ചിലെ ചലനമാണ് ഭൂകമ്പത്തിന് കാരണമായത്. പാപുവ ന്യൂ ഗിനിയയിലും പടിഞ്ഞാറൻ പസഫിക്കിലെ ചില സ്ഥലങ്ങളിലും കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home