ad
Deshabhimani

നീറ്റ് യുജി പുനഃപരീക്ഷ: 23 ലക്ഷം വിദ്യാർത്ഥികൾ, 5 ലക്ഷം സുരക്ഷാ ജീവനക്കാർ; കർശന നിയന്ത്രണങ്ങളുമായി എൻടിഎ

NEET UG LEAK
വെബ് ഡെസ്ക്

Published on Jun 08, 2026, 12:09 PM | 1 min read

ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ).


ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി രാജ്യത്തുടനീളം അഞ്ച് ലക്ഷത്തിലധികം സുരക്ഷാ ജീവനക്കാരെയും നിരീക്ഷകരെയും നിയോഗിക്കാനാണ് എൻടിഎ തീരുമാനം. ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.


മെയ് 3-ന് നടന്ന ആദ്യ പരീക്ഷയിൽ 22.7 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ക്രമക്കേടുകൾ വ്യക്തമായതിനെ തുടർന്ന് മെയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്. ഇത്തവണ പരീക്ഷ പൂർണ്ണമായും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.


മുൻ ഐഎസ്ആർഒ മേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയുടെ സുരക്ഷാ ശുപാർശകൾ പൂർണ്ണമായും പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്.


പരീക്ഷാ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സിസിടിവി ക്യാമറകൾ വഴി തത്സമയ നിരീക്ഷണം ഉറപ്പാക്കും. ചോദ്യക്കടലാസുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകളിലും ട്രാൻസ്പോർട്ട് വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത ഡിജിറ്റൽ ലോക്കറുകൾ ഉപയോഗിക്കും.


പരീക്ഷാ കേന്ദ്രങ്ങളിലെ ജാമറുകൾ 5 ജി നെറ്റ്‌വർക്കുകൾ കൂടി തടയാൻ ശേഷിയുള്ള രീതിയിലേക്ക് നവീകരിച്ചു. വിദ്യാർത്ഥികൾക്ക് ബയോമെട്രിക് വെരിഫിക്കേഷനും ഡിജിറ്റൽ ഫ്രിസ്കിംഗും കർശനമാക്കിയിട്ടുണ്ട്.


പരീക്ഷയ്ക്കുള്ള പുതുക്കിയ അഡ്മിറ്റ് കാർഡുകൾ ജൂൺ 14 മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. തടസ്സമില്ലാത്ത റീഫണ്ട് നടപടികൾക്കായി വിദ്യാർത്ഥികളിൽ നിന്ന് ബാങ്ക് വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയും നിലവിൽ പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home