ad
Deshabhimani

ഇറാനിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്തു

Attack

ഇസ്രയേൽ ഇറാനിൽ നടത്തുന്ന മിസൈൽ ആക്രമണം |Photo:Screengrab Al Jazeera

വെബ് ഡെസ്ക്

Published on Jun 08, 2026, 12:18 PM | 1 min read

വാഷിംഗ്ടൺ : ഇസ്രയേലിന് നേരെ ഇറാൻ വീണ്ടും വ്യാപകമായി ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ തിരിച്ചടി തുടർന്ന് ഇസ്രയേൽ സൈന്യം. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തന്ത്രപ്രധാനമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഇസ്രയേൽ വ്യോമസേന തകർത്തതെന്ന് യുഎസിലെ ഇസ്രായേൽ അംബാസഡർ യെഹിയേൽ മൈക്കൽ ലൈറ്റർ സ്ഥിരീകരിച്ചു. ഊർജ്ജ മേഖലയുമായി ബന്ധമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇറാനിൽ നിന്നുള്ള പുതിയ മിസൈൽ ആക്രമണങ്ങൾ ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചു. വ്യോമാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് നേരിട്ട് ജാഗ്രതാ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇസ്രയേൽ എയർഫോഴ്സിന്റെ ഓപ്പറേഷൻസ് റൂമിലിരുന്ന് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ ഇയാൽ സാമിറിന്റെ നേതൃത്വത്തിലുള്ള ഉന്നത സൈനിക കമാൻഡർമാരാണ് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ തത്സമയം നിയന്ത്രിക്കുന്നത്. ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന ആർക്കെതിരെയും ഏത് മേഖലയിലും തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്ന് ഐഡിഎഫ് അറിയിച്ചു.


ഇന്ന് മാത്രം 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരെ വർഷിച്ചത് എന്ന് അംബാസഡർ യെഹിയേൽ ലൈറ്റർ എക്സിൽ കുറിച്ചു. ഈ മിസൈലുകളിൽ ഓരോന്നിനും ഒരു പ്രദേശം മുഴുവൻ തകർക്കാനും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ശേഷിയുള്ളതാണെന്നും, ഒരു രാജ്യവും ഇത്തരം ആക്രമണങ്ങൾ സഹിക്കില്ലെന്നും ഇസ്രയേലും അത് സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനൊപ്പം ഹിസ്ബുള്ളയ്ക്കും ലെബനനും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം നടത്തിയാൽ ദഹിയയിലെ അവരുടെ കമാൻഡ് സെന്ററുകൾ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലെ ജനങ്ങൾ ഇറാന്റെ പ്രോക്സി ഗ്രൂപ്പായ ഹിസ്ബുള്ളയെ തള്ളിക്കളഞ്ഞതാണെന്നും ഇറാന്റെ ഭ്രാന്തൻ ഭരണകൂടത്തെക്കൊണ്ട് എല്ലാവരും മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിലെ വെടിനിർത്തലിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ടുണ്ടാകുന്ന ഏറ്റവും ശക്തമായ സൈനിക ഏറ്റുമുട്ടലാണിത്. ഇരുപക്ഷവും പിന്മാറാൻ തയ്യാറാകാത്തതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home