ad
Deshabhimani

വാൾസ്ട്രീറ്റ് ഭീമൻമാരും ആന്ത്രോപിക്കും കൈകോർക്കുന്നു; ഐടി തൊഴിൽ,സേവന രംഗങ്ങളിൽ വൻ ആശങ്ക

AI
avatar
എൻ എ ബക്കർ

Published on May 05, 2026, 03:38 PM | 4 min read

ഐ രംഗത്തെ പ്രമുഖ സ്ഥാപനമായ ആന്ത്രോപിക് വാൾസ്ട്രീറ്റ് ഭീമന്മാരുമായി കൈകോർത്ത് പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ആഗോള ഐടി മേഖലയിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും തുടക്കമിട്ടാണ് നീക്കം. ഇന്ത്യൻ ഐടി മേഖലയിൽ ഇത് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ ആന്ത്രോപിക്, പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളായ ബ്ലാക്ക്സ്റ്റോൺ (Blackstone), ഗോൾഡ്മാൻ സാക്സ് (Goldman Sachs), ഹെൽമാൻ ആൻഡ് ഫ്രീഡ്മാൻ (Hellman & Friedman) എന്നിവരുമായാണ് കൈകോര്‍ക്കുന്നത്.


പുതിയ എഐ സർവീസ് കമ്പനി തുടങ്ങുന്നതാണ് ഇവര്‍ ആദ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 1.5 ബില്യൺ ഡോളറിന്റെ മൂല്യമുള്ള സംരംഭമാണ്. തങ്ങളുടെ സേവനം തേടുന്ന ഇടത്തരം കമ്പനികളുടെ പ്രവർത്തനങ്ങളിൽ ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ്' (Claude) എഐ മോഡലുകളെ നേരിട്ട് സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മിത ബുദ്ധിയുടെ ഏറ്റവും മികച്ച സേവനം ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് നേരിട്ട് നൽകും.


എന്താണ് ഈ പുതിയ നീക്കം

ആര്‍ക്കാണ് ഭീഷണി


വെറുമൊരു എഐ സോഫ്റ്റ്‌വെയർ നൽകുന്നതിന് പകരം, കമ്പനികളുടെ ഉള്ളിലേക്ക് കടന്നുചെന്ന് അവരുടെ കോർ ഓപ്പറേഷൻസ് എഐ അധിഷ്ഠിതമാക്കാൻ സഹായിക്കുന്ന ഒരു 'എഐ കൺസൾട്ടിംഗ്' രീതിയാണ് ഇവര്‍ ചേര്‍ന്ന് വാഗ്ദാനം ചെയ്യുന്നത്.


പ്രധാനമായും ഇടത്തരം കമ്പനികളെയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ആന്ത്രോപ്പിക്കിലെ എഞ്ചിനീയർമാർ നേരിട്ട് ഇത്തരം കമ്പനികളിലെത്തി ക്ലോഡ് മോഡലുകൾ ഉപയോഗിച്ച് ടാക്സ് അക്കൗണ്ടിംഗ്, ലീഗൽ കോൺട്രാക്ട് റിവ്യൂ, സെയിൽസ് ഫോർകാസ്റ്റിംഗ് തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ ഓട്ടോമേറ്റ് ചെയ്യും.


ചെറിയ പദ്ധതിയല്ല, ബ്ലാക്ക്സ്റ്റോൺ, ഹെൽമാൻ ആൻഡ് ഫ്രീഡ്മാൻ എന്നിവർ 300 മില്യൺ ഡോളർ വീതവും ഗോൾഡ്മാൻ സാക്സ് 150 മില്യൺ ഡോളറും ഈ സംരംഭത്തിനായി നീക്കിവെച്ചിട്ടുണ്ട്. സമാനമായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഐടി സ്ഥാപനങ്ങൾക്ക് താങ്ങാവുന്നതിലും അധികം ഇളവുകളോടെ വമ്പൻ സാധ്യതകളാണ് കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നത്.


ഐടി തൊഴിലാളികളും പുറത്താവും


ഇന്ത്യൻ ഐടി കമ്പനികളായ TCS, Infosys, Wipro എന്നിവർ എല്ലാം ഈ മേഖലയിൽ വലിയ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നവരാണ്. സാധാരണയായി ഇടത്തരം കമ്പനികൾ അവരുടെ ഐടി ആവശ്യങ്ങൾക്കായി ടിസിഎസ്സിനെയോ വിപ്രോയെയോ സമാനമായ സ്ഥാപനങ്ങളെയോ ആണ് സമീപിക്കാറുള്ളത്. എന്നാൽ ആന്ത്രോപ്പിക്കിന്റെ പുതിയ കമ്പനി കുറഞ്ഞ സമയത്തിനുള്ളിൽ എഐ വഴി മികച്ച ഫലം വാഗ്ദാനം ചെയ്യുന്നു.


മുമ്പ് ആന്ത്രോപിക് പുറത്തിറക്കിയ 'ക്ലോഡ് കോവർക്ക്' (Claude Cowork) എന്ന ടൂൾ ഇന്ത്യൻ ഐടി ഓഹരികളിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. കുറഞ്ഞ ചെലവിൽ എഐ ടൂളുകൾ ലഭ്യമാകുമ്പോൾ, ആയിരക്കണക്കിന് ജീവനക്കാരെ ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ കമ്പനികൾക്ക് എഐക്ക് കൈമാറാൻ കഴിയും. ഇന്ത്യൻ ഐടി മേഖലയുടെ 'ബോഡി ഷോപ്പിംഗ്' ഇപ്പോഴും മനുഷ്യ പ്രയത്നത്തിൽ അധിഷ്ഠിതമാണ്. ഈ ബിസിനസ് മോഡൽ തകര്‍ക്കപ്പെടും. ഈ മേഖലിൽ ആയിരക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്നതാണ്.


ഓപ്പൺ എഐയും രംഗത്തേക്ക്


ആന്ത്രോപ്പിക്കിന്റെ പ്രധാന എതിരാളിയായ OpenAI-യും സമാനമായ ഒരു നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 'The Deployment Company' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം 10 ബില്യൺ ഡോളർ മൂല്യത്തിലാണ് വിഭാവനം ചെയ്യുന്നത്. TPG, സോഫ്റ്റ് ബാങ്ക് തുടങ്ങിയവരുടെ പിന്തുണയോടെയായിരിക്കും ഇത് പ്രവർത്തിക്കുക. ചുരുക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ എഐ കമ്പനികൾ നേരിട്ട് സർവീസ് മേഖലയിലേക്ക് ഇറങ്ങുന്നത് ഐടി വ്യവസായത്തിന്റെ ഘടന തന്നെ ചോദ്യം ചെയ്യുന്ന വ്യവസ്ഥയിലേക്ക് എത്തിക്കയാണ്.


പകരം വെക്കാനില്ലാതെ ഇന്ത്യ


ആഗോളതലത്തിൽ ആന്ത്രോപിക് (Anthropic), ഓപ്പൺ എഐ (OpenAI) തുടങ്ങിയ വമ്പന്മാർ കുതിക്കുമ്പോൾ, ഇന്ത്യ അത്തരമൊരു 'സോവറിൻ എഐ' വികസിപ്പിക്കുന്നതിൽ ഇപ്പോഴും ഉദാസീനമാണ്. വമ്പൻ പ്രചാരങ്ങൾ നൽകി കേന്ദ്ര സര്‍ക്കാര്‍ ലോക എഐ സമ്മിറ്റിന് രാജ്യത്ത് വേദി ഒരുക്കി എങ്കിലും അത് ഒരു മേളയ്ക്ക് അപ്പുറം വളര്‍ന്നില്ല.


ഒരു ലാർജ് ലാംഗ്വേജ് മോഡൽ (LLM) തുടക്കം മുതൽ വികസിപ്പിക്കാൻ ബില്യൺ കണക്കിന് ഡോളർ ആവശ്യമാണ്. ആന്ത്രോപ്പിക്കിന് വാൾസ്ട്രീറ്റ് നൽകുന്ന പിന്തുണ പോലെ വലിയൊരു മൂലധനം ഇന്ത്യയിൽ എഐ ഗവേഷണത്തിനായി ഇതുവരെ ലഭ്യമായിട്ടില്ല. എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ആവശ്യമായ എൻവിഡിയ (Nvidia) ചിപ്പുകളുടെ ദൗർലഭ്യം ആഗോളതലത്തിലുണ്ട്. എഐ ലോകത്തെ "പുതിയ സ്വർണ്ണം" എന്ന് വിളിക്കുന്നത് എൻവിഡിയയുടെ (Nvidia) H100/H200 ജിപിയു ചിപ്പുകളെയാണ്. ഇന്ത്യക്ക് സ്വന്തമായി സൂപ്പർ കമ്പ്യൂട്ടിംഗ് ഹബ്ബുകൾ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള വലിയ മോഡലുകൾക്ക് അത് തികയുന്നില്ല. ഇന്ത്യയെപ്പോലൊരു രാജ്യത്ത് വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും ഉള്ള ഡാറ്റ ക്രോഡീകരിച്ച് ഒരു മോഡൽ നിർമ്മിക്കുക ഇനിയും സങ്കല്പമായി തുടരുന്നു.


anthro


ഏകദേശം 10,000 കോടി രൂപയുടെ ഇന്ത്യ എഐ മിഷൻ (IndiaAI Mission) പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇത് എഐ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതും സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതുമായ ഘട്ടത്തിൽ നിൽക്കുന്നു.


റിലയൻസും ഐഐടികളും ചേർന്ന് ഭാരത് ജിപിടി (BharatGPT) മോഡൽ വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കാര്യക്ഷമത ക്ലോഡിനോടോ ജിപിടിയോടോ മത്സരിക്കാൻ പ്രാപ്തമാണോ എന്ന് തെളിയാനിരിക്കുന്നതേയുള്ളൂ.


വിദേശ കമ്പനികളുടെ മോഡലുകളെ മാത്രം ആശ്രയിക്കുന്നത് 'ഡിജിറ്റൽ കൊളോണിയലിസത്തിന്' വഴിവെക്കുമെന്ന വാദം ശക്തമാണ്. അതിനാൽ ഇന്ത്യയുടെ സ്വന്തം ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്ന ഒരു 'ഇന്ത്യൻ എഐ സ്റ്റാക്ക്' നിർമ്മിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇവയെല്ലാം സങ്കൽപത്തിലും വികസന അവകാശവാദങ്ങളിലും ഒതുങ്ങുന്നു. മാത്രമല്ല ലോകത്ത് പുതിയതായി ഭീമൻ കമ്പനികൾ ലയനത്തിലൂടെയും അല്ലാതെയുമായി ഭീഷണി തീര്‍ത്ത് വളരെ വേഗം ഉയര്‍ന്നു വരികയാണ്. ഏറ്റവും വേഗത്തിൽ ഏറ്റവും മത്സര ക്ഷമതയോടെ മുന്നേറേണ്ട രംഗമാണ്.



എന്തുകൊണ്ട് 'ഇന്ത്യൻ ആന്ത്രോപിക്' ഉണ്ടായില്ല


ഇന്ത്യയിലെ ഐടി കമ്പനികൾ ദശകങ്ങളായി 'സർവീസ്' മോഡലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ 'കണ്ടുപിടിക്കുന്നതിനേക്കാൾ' നിലവിലുള്ളവ നടപ്പിലാക്കുന്നതിലാണ് അവർക്ക് താൽപ്പര്യം. ഇന്ത്യയിലെ മികച്ച എഐ എഞ്ചിനീയർമാരും ഗവേഷകരും ഗൂഗിൾ, മെറ്റാ, ആന്ത്രോപിക് തുടങ്ങിയ വിദേശ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. അവർക്ക് ഇന്ത്യയിൽ മികച്ച ഗവേഷണ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നില്ല. അതിഭീമമായ ചെലവും ആസൂത്രണവും ആവശ്യമുള്ള രംഗമാണ്.

എഐ കാലത്തെ യുദ്ധം


കേന്ദ്ര സർക്കാർ ഏകദേശം 1.25 ബില്യൺ ഡോളർ (10,372 കോടി രൂപ) 'ഇന്ത്യ എഐ മിഷനായി' പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത് ആഗോള ഭീമന്മാരുടെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ്. അമേരിക്ക, ചൈന, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളാണ് മുന്നേറ്റത്തിൽ മുൻപിലുള്ളത്.


സ്വന്തമായി ഒരു എഐ ഇൻഫ്രാസ്ട്രക്ചർ ഇല്ലെങ്കിൽ, ഭാവിയിൽ നമ്മുടെ ഡാറ്റയും ഭരണസംവിധാനവും വിദേശ കമ്പനികളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. ഇത് തിരിച്ചറിഞ്ഞുള്ള "യുദ്ധകാലാടിസ്ഥാനത്തിലുള്ള" നീക്കമാണ് മറ്റ് രാജ്യങ്ങളും ആഗോള കുത്തകകളും നടത്തുന്നത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home