തമിഴ്നാട് സ്വദേശിനിക്ക് ചികിത്സാസഹായമൊരുക്കാൻ കോട്ടുവള്ളിക്കാർ

തമിഴ്നാട് സ്വദേശിനി പ്രതിഭയ്‌ക്ക് ചികിത്സാ സഹായമൊരുക്കാൻ ഡോ. സുനിൽ പി ഇളയിടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഫണ്ട് ശേഖരിക്കുന്നു
പറവൂർ
ഭാഷയും സംസ്ഥാനവും അതിർവരമ്പാകാതെ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയുടെ ചികിത്സയ്‌ക്ക് പണം കണ്ടെത്താൻ സഹായനിധി രൂപീകരിച്ച് മാതൃകയാകുകയാണ് കോട്ടുവള്ളി നിവാസികൾ. തൃക്കപുരം നികത്തൽപറമ്പിൽ മുത്തുശേഖറിന്റെ ഭാര്യ പ്രതിഭ (37) ഇരുവൃക്കയും തകരാറിലായതിനെത്തുടർന്ന് ഏറെനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാർബറായ മുത്തുശേഖർ, വൃക്ക നൽകാൻ തയ്യാറാണെങ്കിലും ശസ്‌ത്രക്രിയക്കും തുടർചികിത്സയ്‌ക്കുമായി 20 ലക്ഷം രൂപയോളം വേണ്ടിവരും. അത് കണ്ടെത്താൻ നിവർത്തിയില്ലാത്ത സാഹചര്യമാണുള്ളത്.
വിദ്യാർഥികളായ രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. തിരുനെൽവേലി സ്വദേശികളായ ഇവർ 11 വർഷംമുമ്പാണ് കോട്ടുവള്ളിയിൽ സ്ഥിരതാമസമാക്കുന്നത്. പ്രതിഭയുടെ ജീവൻ നിലനിർത്താൻ മറ്റ് വഴികളില്ലാതെ വന്നതോടെ കുടുംബം പ്രദേശത്തെ ജനപ്രതിനിധികളെ കണ്ട് വിവരം ധരിപ്പിച്ചു.
കോട്ടുവള്ളി ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി കൺവീനറും പഞ്ചായത്തംഗങ്ങളായ ജോസ് മാത്യു, കെ കെ സതീശൻ, സിന്ധു നാരായണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രതിഭ ചികിത്സാ സഹായനിധി രൂപീകരിച്ച് പണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കോട്ടുവള്ളി ഗവ. യുപി സ്കൂളിനുസമീപം വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പൊതുജനങ്ങളിൽനിന്നും വാഹനങ്ങളിൽനിന്നും പണം ശേഖരിച്ചു.
കുടുംബശ്രീപ്രവർത്തകരും സഹായവുമായി കൂടെയുണ്ട്. സുമനസ്സുകളുടെ കനിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഭയും കുടുംബവും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോട്ടുവള്ളി ബ്രാഞ്ചിൽ പ്രതിഭ ചികിത്സാ സഹായനിധിയുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 289922010001690. ഐഎഫ്എസ്-സി കോഡ് UBlN0928992.









0 comments