പൊന്ന് വാങ്ങാൻ ഇന്ന് മികച്ച ദിവസം; സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്

AI പ്രതീകാത്മക ചിത്രം / Gemini
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയിൽ സാധാരണക്കാർക്ക് വലിയ ആശ്വാസം പകർന്ന് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് പിന്നാലെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 195 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,560 രൂപയുടെ ഇടിവാണ് വിപണിയിൽ ഉണ്ടായത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,350 രൂപയും, ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ വൈകിട്ടും വില കുറഞ്ഞ് പവന് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തെ ഇടവേളയ്ക്കുള്ളിൽ മാത്രം പവന് 4,720 രൂപയോളമാണ് വിപണിയിൽ കുറഞ്ഞിരിക്കുന്നത്.
അതേസമയം സ്വർണവില കുത്തനെ താഴേക്ക് പോകുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 260 രൂപയായി ഉയർന്നു. ഇതോടെ 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വിപണിയിലെ നിരക്ക്. സ്വർണവിലയിൽ തുടർച്ചയായുണ്ടാകുന്ന ഈ ഇടിവ് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.










0 comments