പോപ്പിൻസ് - ഓർമകളിൽ പൊതിഞ്ഞ മഴവില്ലുരുചി

'എനിക്ക് ചുവപ്പ് വേണം, നിനക്ക് പച്ച തരാം'
എന്ന് വട്ടത്തിൽ പല നിറത്തിലുള്ള മിഠായികൾക്ക് വേണ്ടി വാശിപിടിച്ചത് ഓർമയില്ലേ? വെള്ളി നിറമുള്ള കടലാസിൽ പൊതിഞ്ഞ് മിഠായി ഓരോന്നും തുറക്കുമ്പോൾ ഏത് നിറമായിരിക്കും എന്ന ആകാംക്ഷയുണ്ടായിരുന്ന കുട്ടിക്കാലം. അങ്ങനെ നമ്മുടെ ഓരോരുത്തരുടെയും കുട്ടിക്കാലത്തെ വർണത്തിൽ പൊതിഞ്ഞ മധുരവിസ്മയമായിരുന്നു പാർലെയുടെ 'പോപ്പിൻസ്' (Parle Poppins).
പോപ്പിൻസിന്റെ രുചി അറിയാത്തവർ ചുരുക്കമായിരിക്കും. വലിയ കമ്പനികളുടെ മിഠായികൾ സാധാരണക്കാരുടെ മക്കൾക്ക് അന്യമായിരുന്ന ഒരു കാലത്ത്, പോക്കറ്റിലെ ചില്ലറത്തുട്ടുകൾ മതിയായിരുന്നു ഒരു പോപ്പിൻസ് വാങ്ങാൻ. എന്നിട്ടും പോപ്പിൻസ് വല്ലപ്പോഴും മാത്രം കിട്ടുന്ന ഒരു വിസ്മായമായിരുന്നു.

1929ലെ ബോംബെ നഗരം, തയ്യൽക്കാരനായി ജീവിതം തുടങ്ങി പിന്നീട് പലഹാര കച്ചവടത്തിലേക്ക് ഇറങ്ങിയ മോഹൻലാൽ ദയാൽ ചൗഹാൻ എന്ന മനുഷ്യനിൽ നിന്നാണ് പോപ്പിൻസിന്റെ കഥ തുടങ്ങുന്നത്. വിദേശ ഉല്പന്നങ്ങൾക്കെതിരെ സമരം ചെയ്യുന്നതിന് സ്വന്തം നാട്ടിൽ മിഠായി നിർമിക്കാൻ പഠിക്കണമെന്ന മോഹവുമായാണ് ദയാൽ ജർമനിയിലേക്ക് പോയത്. അവിടെ നിന്ന് വലിയൊരു കാൻഡി മെഷീനുമായി ദയാൽ തിരിച്ച് മുംബൈയിലെത്തി.
മുംബൈയുടെ പ്രാന്തപ്രദേശമായ വിലേ പാർലെയിൽ പന്ത്രണ്ട് തൊഴിലാളികളുമായി ഒരു കൊച്ചു ഫാക്ടറി തുടങ്ങി. പിന്നീട് ഇന്ത്യയുടെ അഭിമാനമായ 'പാർലെ' (Parle) എന്ന വൻകിട കമ്പനിയായി അത് മാറി. ഇംഗ്ലീഷ് ചോക്ലേറ്റ് ആയ മോർട്ടണും മക്കിന്റോഷും പോലുള്ള ബ്രാൻഡുകൾ ഇന്ത്യയിലെ സമ്പന്നരുടെ തീൻമേശകളിൽ സ്ഥാനം പിടിച്ചപ്പോൾ, സാധാരണക്കാരന് വേണ്ടി ദയാൽ ചൗഹാൻ 1939ൽ ഗ്ലൂക്കോ ബിസ്ക്കറ്റ് (Parle-G) ഉണ്ടാക്കി ചരിത്രം കുറിച്ചു.
1960കളിൽ മിഠായി വിപണിയിലേക്ക് പാർലെയിലൂടെ ദയാൽ ചൗഹാൻ കണ്ണുവച്ചപ്പോഴാണ് വലിയൊരു ചരിത്രപിറന്നത്. ഒന്നുകിൽ മഞ്ഞ നാരങ്ങാ മിഠായി, അല്ലെങ്കിൽ ഓറഞ്ച് മിഠായി മാത്രമായിരുന്നു അന്ന് കടകളിൽ കിട്ടിയിരുന്നത്. അപ്പോഴാണ് എന്തുകൊണ്ട് ഒരേസമയം പല പഴങ്ങളുടെ രുചിയും പല നിറങ്ങളും ഒന്നിച്ചു നൽകിക്കൂടാ എന്ന ചിന്ത ദയാൽ ചൗഹാനുണ്ടായത്. ആ ചിന്തയിൽ നിന്നാണ് 1966ൽ 'പോപ്പിൻസ്' എന്ന എല്ലാവരുടെയും പ്രിയപ്പെട്ട മിഠായികൾ ജനിക്കുന്നത്. ചുവപ്പിൽ സ്ട്രോബെറി, പർപ്പിളിൽ മുന്തിരി, മഞ്ഞയിൽ കൈതച്ചക്ക, പച്ചയിൽ ആപ്പിൾ, ഓറഞ്ചിൽ ഓറഞ്ച്. അങ്ങനെ ഓരോ മിഠായിയും ഓരോ നിറം, ഓരോ രുചിയുമായി ആയിരുന്നു വിപണിയിലെത്തിയത്.
എന്നാൽ, ഈ മിഠായി വിപണിയിലെത്തിക്കാൻ പാർലെ മുന്നോട്ട് വച്ച ആശയമായിരുന്നു ഏറ്റവും കൗതുകകരം. നമ്മുടെ നാട്ടിലെ കൊടുംചൂടിൽ പല നിറത്തിലുള്ള, പല രുചിയിലുള്ള പഞ്ചസാര മിഠായികൾ ഒന്നിച്ച് വെച്ചാൽ ഉരുകി ഒട്ടിപ്പിടിക്കുമെന്ന് ദയാൽ ചൗഹാന് ഉറപ്പായിരുന്നു. ആ ആശങ്കയിൽ നിന്നാണ് പോപ്പിൻസിന്റെ മിഠായികളുടെ പാക്കേജിംഗിലൂടെ ഒരു പുതിയ ചരിത്രം കൂടി പിറവിയെടുക്കുന്നത്. വായു കടക്കാത്ത സിലിണ്ടർ ട്യൂബിനുള്ളിൽ, വെള്ളി നിറത്തിലുള്ള പേപ്പറിനുള്ളിൽ നാണയത്തുട്ടുകൾ പോലെ മിഠായികൾ ഒന്നിനു പിറകെ ഒന്നായി അടുക്കിവെച്ചു. ഒരു മിഠായി പുറത്തെടുക്കാൻ തള്ളവിരൽ കൊണ്ട് അടിയിൽ അമർത്തിയാൽ മതി. അതായത് 'പോപ്പ്' ചെയ്താൽ അത് മുകളിലേക്ക് വരും. അങ്ങനെ എല്ലാക്കലത്തും കുട്ടികളിൽ കൗതുകമുണർത്തുന്ന 'പോപ്പിൻസ്' പിറന്നു.

അതൊരു ബിസിനസ് തന്ത്രം മാത്രമായിരുന്നില്ല. മിഠായി വാങ്ങി പോക്കറ്റിലിട്ട് ഒറ്റയടിക്ക് തിന്നുന്ന ശീലത്തിൽ നിന്ന് പലരും മാറി. കുട്ടികൾക്കിടയിലെ പങ്കുവക്കലുകളെ പോപ്പിൻസ് വിശാലമാക്കി. "എനിക്ക് പച്ച ഇഷ്ടമല്ല, നീ മഞ്ഞ തന്നാൽ ഞാൻ ചുവപ്പ് തരാം" എന്ന് പറഞ്ഞു കുട്ടികൾ പോപ്പിൻസുകൾ പങ്കുവക്കാൻ തുടങ്ങി. എന്നാൽ ഇതിലൂടെ പാർലെ വലിയൊരു ബിസിനസ് തന്ത്രം കൂടി മുന്നോട്ട്‌വച്ചു. അടുത്തത് ഏത് നിറമാണ് വരാൻ പോകുന്നതെന്ന് അറിയാത്ത ആ ഒരു 'സർപ്രൈസ് ഫാക്ടർ' പോപ്പിൻസിലേക്ക് കുട്ടികളെ വീണ്ടും ആകർഷിച്ചു. അതും കാലങ്ങളോളം, തലമുറകളോളം.
പിന്നീട് എൺപതുകളിലും തൊണ്ണൂറുകളിലും ഡയറി മിൽക്കും, കിറ്റ്കാറ്റുമൊക്കെ കയറി വന്നെങ്കിലും പരസ്യങ്ങളിലൂടെ പാർലെ പോപ്പിൻസിനെ തരംഗമാക്കി നിലനിർത്തി. സിനിമ കാണുമ്പോഴും ബസ് യാത്രകളിലും മുതിർന്നവർ പോലും കൗതുകത്തോടെ രുചിച്ചിരുന്ന എല്ലാവർക്കും ഇഷ്ടമുള്ള മിഠായിയായി പോപ്പിൻസ് മാറി. ഡയറി മിൽക്കിനും, കിറ്റ്കാറ്റിനും മുന്നിൽ തോറ്റുകൊടുക്കാതെ, നമ്മുടെ നാവിൻ തുമ്പിലേക്ക് പലരുചിയുടെ ഒരു മഴവില്ല് തീർത്ത മോഹൻലാൽ ചൗഹാന്റെ ദീർഘവീക്ഷണമാണ് പോപ്പിൻസ്. ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിൽ പോപ്പിൻസ് എക്കാലവും മധുരമൂറുന്ന ഒരു അനുഭവമായി നിൽനിൽക്കും.









0 comments