കേരള ബാങ്കിനെ ആർക്കും തകർക്കാൻ സാധിക്കില്ല: പിണറായി വിജയൻ

തിരുവനന്തപുരം: കേരളം സഹകരണ മേഖലയ്ക്ക് നൽകിയ ഏറ്റവും വലിയ പദ്ധതിയായ കേരള ബാങ്കിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള ബാങ്കിനെയും സഹകരണ മേഖലയെയും തകർക്കുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർക്കാൻ പറ്റാത്ത രീതിയിലുള്ള വളർച്ച കേരള ബാങ്ക് നേടി കഴിഞ്ഞെന്നും കേരള ബാങ്കിൻറെ വിജയം ആർക്കും മറച്ചു പിടിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കേരള സഹകരണ മേഖല ത്രിതലത്തിൽ നിന്ന് ദ്വിതലത്തിലേക്ക് മാറ്റിയ എൽഡിഎഫ് സർക്കാരിന്റെ നിലപാട് മാറ്റി ത്രിതലത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ നിലപാട് വ്യക്തമാക്കിയ യുഡിഎഫ് സർക്കാർ കേരളത്തിലെ സഹകരണ മേഖല നേടിയ നേട്ടങ്ങൾ തകർക്കാൻ ശ്രമിക്കുകയാണ്. സഹകരണ മേഖല മാത്രമല്ല എല്ലാ മേഖലയിലും തകർക്കൽ നയമാണ് യുഡിഎഫ് സർക്കാർ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ സഹകരണ വകുപ്പ് മന്ത്രിയും ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്‍റുമായ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പെൻഷൻ കേരള ബാങ്കിന് കൈമാറിയ സർക്കാർ ഉത്തരവ് നടപ്പിലാക്കുക, റിട്ടയർ ചെയ്ത ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിൽ ഉണ്ടായ പെൻഷൻ ബോർഡിൻറെ വീഴ്ചകൾ പരിഹരിക്കുക, പെൻഷൻ പ്രായം 60 വയസ്സാക്കുക, ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങുകളിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കുക, എ ജി എമ്മിന് അർഹമായ ഡിജിഎം പ്രമോഷൻ നൽകുന്നതിന് ഉണ്ടായിട്ടുള്ള തടസ്സം നീക്കി സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.
ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ടി ആർ രമേഷ്, ജനറൽ സെക്രട്ടറി കെ. പി. ഷാ, ബെഫി അഖിലേന്ത്യ പ്രസിഡൻറ് എസ് എസ് അനിൽ, ബെഫി അഖിലേന്ത്യാ കമ്മറ്റി അംഗം കെ ടി അനിൽകുമാർ, ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് കെ ഹരികുമാർ എന്നിവർ സംസാരിച്ചു.








0 comments