എസ്ടിപിഐയുടെ സൈബർ സുരക്ഷാ പരിശീലനവുമായി ഐസിടി അക്കാദമി ഓഫ് കേരള

തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‍വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (STPI)യോട് സഹകരിച്ച് കേരള സർക്കാരിന്റെ ഐടി നൈപുണ്യ വികസന ഏജൻസിയായ ഐസിടി അക്കാദമി ഓഫ് കേരളയുടെ (ICTAK) സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്ടിപിഐ ദേശീയതലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയാണ് ‘STPI Skill Up’.
പരിശീലന പങ്കാളികളായ SAHAYAKs മുഖേന ആറു മുതൽ 24 ആഴ്ച വരെ ദൈർഘ്യമുള്ള വിവിധ പരിശീലന പരിപാടികൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടാണ് ‘Certified Cyber Security Analyst’ എന്ന പരിശീലന പരിപാടിക്ക് തുടക്കമിടുത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എസ്ടിപിഐ കേന്ദ്രത്തിലാണ് കോഴ്സിന്റെ ഓഫ്‌ലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.
സൈബർ സുരക്ഷയുടെയും നെറ്റ്‌വർക്കിങ്ങിന്റെയും അടിസ്ഥാനതത്ത്വങ്ങൾ മുതൽ പ്രായോഗിക സുരക്ഷാ പരിശോധനകൾ വരെ ഉൾക്കൊള്ളുന്നതാണ് കോഴ്സ്. ലിനക്സ്, ക്രിപ്റ്റോഗ്രഫി, പെനട്രേഷൻ ടെസ്റ്റിംഗ്, വെബ് ആപ്ലിക്കേഷൻ സുരക്ഷ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. എഞ്ചിനീയറിങ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എഞ്ചിനീയറിങ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
പൂർണമായും ഓഫ്‌ലൈൻ രീതിയിൽ നടത്തുന്ന പരിശീലന പരിപാടിക്ക് 500 മണിക്കൂർ ദൈർഘ്യമുണ്ട്. നാലു മാസത്തെ പരിശീലനത്തിനൊപ്പം ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന Nmap, Wireshark, Metasploit തുടങ്ങിയ സൈബർ സുരക്ഷാ ഉപകരണങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനൊപ്പം, Vulnerability Assessment and Penetration Testing (VAPT) അടിസ്ഥാനമാക്കിയുള്ള ക്യാപ്‌സ്റ്റോൺ പ്രോജക്ടും കോഴ്സിന്റെ സവിശേഷതയാണ്. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നേടുന്നതിനുള്ള അവസരമുണ്ടാകും. കൂടാതെ, LinkedIn Learning, Unstop എന്നീ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രീമിയം ആക്സസ്, വ്യവസായ മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകൾ, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നേടുന്നതിനുള്ള പ്ലേസ്മെന്റ് പിന്തുണ എന്നിവയും ലഭ്യമാക്കും. താൽപര്യമുള്ള വിദ്യാർഥികളും ഉദ്യോഗാർത്ഥികളും ഒക്ടോബർ 30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 9400063499, [email protected], [email protected]. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും- https://ictkerala.org/op/stpi-csa or https://skillup.stpi.in/.









0 comments