Deshabhimani

ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം; വിവാദമായി പുതിയ ​ഗവർ‌ണറുടെ നിർദേശം

lokbhavan non veg food
വെബ് ഡെസ്ക്

Published on Oct 23, 2026, 06:19 PM | 1 min read

തിരുവനന്തപുരം : ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന തീരുമാനം വിവാദമാകുന്നു. രാജേന്ദ്ര ആർലേക്കറിന് പകരം നിയമിതനായ ഓം പ്രകാശ് മാഥുറാണ് ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിർദേശിച്ചത്. ഓം പ്രകാശ് മാഥുർ സസ്യാഹാരിയായതിനാലാണ് ലോക്ഭവൻ അടുക്കളയിൽ നിന്ന് മത്സ്യമാംസാദികൾ പൂർണമായി ഒഴിവാക്കിയത്. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്.


സസ്യാഹാരം മാത്രം കഴിക്കുന്ന ഗവർണറുടെ വ്യക്തിപരമായ ഭക്ഷണശീലത്തിന്റെ ഭാഗമായി ലോക്ഭവനിലുള്ള ജീവനക്കാരടക്കം എല്ലാവരുടെയും ഭക്ഷണശീലങ്ങൾ മാറ്റണമെന്ന പുതിയ നിർദേശം വിവാദമായി. വ്യക്തിപരമായ ഭക്ഷണരീതി ഔദ്യോഗിക വസതിയിലെ പൊതുനിയമമാക്കുന്നതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.


മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് മത്സ്യവിഭവങ്ങൾ ഉൾപ്പെടെ ലോക്ഭവനിൽ നോൺ വെജ് ഭക്ഷണം നൽകിയിരുന്നു. ലോക്ഭവനിലെ ജീവനക്കാർ സ്വന്തം വീടുകളിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിന് നിയന്ത്രണമില്ലെന്നാണ് ലോക്ഭവൻ വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും ​വ്യക്തിപരമായ ശീലങ്ങൾ മറ്റുള്ളവരുടേ മേൽ അടിച്ചേൽപ്പിക്കുന്ന പുതിയ തീരുമാനങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണസംസ്കാരത്തിനും വ്യക്തികളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനും എതിരായ നടപടിയാണിതെന്നാണ് വിമർശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home