സൈബർ സുരക്ഷാവീഴ്ചകൾ ലോകത്തെ വീഴ്ത്താൻ പോന്ന വെല്ലുവിളി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോരുന്നതും വെബ്സൈറ്റുകൾ പ്രവർത്തനരഹിതമാകുന്നതും മുതൽ വ്യക്തിഗത വിവരങ്ങളുടെ മോഷണം വരെ. ആഗോളതലത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന സൈബർ സുരക്ഷാവീഴ്ചകൾ മുഴുവൻ ജനങ്ങളുടെയും ജീവിതത്തിനു കനത്ത ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം എസ്ബിഐയിലെ ഉപഭോക്തൃ വിവരങ്ങൾ ചോർന്ന റിപ്പോർട്ടിനൊപ്പം, ലോകത്തെ 70 ശതമാനം വെബ്സൈറ്റുകളെയും ബാധിക്കാനിടയുള്ള സോഫ്റ്റ്വെയർ പിഴവുകളും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളിലെ സുരക്ഷാവീഴ്ചകളും ക്ലൗഡ് പ്ലാറ്റ്ഫോമുകളിലെ വിവരച്ചോർച്ചയും പുറത്തുവന്നത് വലിയ ആശങ്കയാണ്.
ഇന്ത്യയിലും വിദേശത്തുമായി ഒരേ സമയം പുറത്തുവന്ന സംഭവങ്ങൾ ഡിജിറ്റൽ സേവനം ഉപയോഗിക്കുന്നവർ നേരിടൻ സാധ്യതയുള്ള വലിയ പ്രതിസന്ധികളിലേക്കാണ് വിരൽചൂണ്ടുന്നത്. നെറ്റ് ബാങ്കിങ്, ഇ കോമേഴ്സ്, ഫുഡ് ഡെലിവറി, ഉത്പന്നങ്ങൾ വാങ്ങൽ, ഓൺലൈൻ ടാക്സി തുടങ്ങി എന്ത് സേവനത്തിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരിൽ ഈ ചോർച്ച വലിയ ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളിലെ ചെറിയ സുരക്ഷാ വീഴ്ച പോലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം.
ഓരോ ഡിജിറ്റൽ പിഴവുകളുടെയും ആഘാതവും പരിഹാരവും വളരെ സങ്കീർണവും വ്യത്യസ്തവുമാണ്. ഇതുമൂലം ജനങ്ങൾ ഉപയോഗിക്കുന്ന ഓൺലൈൻ സേവനങ്ങൾ നിലയ്ക്കുകയോ ഭാഗികമായി തടസപ്പെടുകയോ ചെയ്യുന്നു. ഡാറ്റകളും സ്വകാര്യവിവരങ്ങളും ചോരുമോ, പണം നഷ്ടമാകുമോ ,തട്ടിപ്പിൽ പെടുമോ എന്നെല്ലാമുള്ള ഭയം ജനങ്ങൾക്കുണ്ട്. എന്നാൽ, ഇതിനിടയിലും വിവരങ്ങൾ സുരക്ഷിതമാണെന്നാണ് ഓൺലൈൻ സർവീസ് ദാതാക്കളുടെ അവകാശവാദം.
ബാങ്ക് വിവരങ്ങൾ ചോർന്നാൽ പ്രശ്നം പലവിധം
എസ്ബിഐയുടെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തി. ബ്രാഞ്ച് വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കാനും കെവൈസി പുതുക്കൽ, അക്കൗണ്ട് ബ്ലോക്ക് ചെയ്യൽ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഒടിപിയും പാസ്വേഡും തട്ടിയെടുക്കാനും സാധ്യതയുണ്ട്. വായ്പാ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളെ ഫിഷിങ് ലിങ്കുകളിൽ എത്തിക്കാനും തട്ടിപ്പുകാർ ശ്രമിച്ചേക്കാം.
എസ്ബിഐയിലെ ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ഇത്തരം ദുരുപയോഗങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഉപഭോക്താക്കളുടെ പണവും നിക്ഷേപവും സുരക്ഷിതമാണെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി വിവരം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കുന്നു.
വെബ്സൈറ്റുകൾക്കും ഭീഷണി; അടിയന്തര സുരക്ഷാ അപ്ഡേറ്റുകൾ
ലോകത്തെ വെബ്സൈറ്റുകളിൽ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന പിഎച്ച്പി പ്രോഗ്രാമിങ് ഭാഷയിൽ കണ്ടെത്തിയ രണ്ട് ഗുരുതര സുരക്ഷാപിഴവുകൾ വെബ്സെർവറുകളുടെ നിയന്ത്രണം ഹാക്കർമാർക്ക് ഏറ്റെടുക്കാൻ അവസരമൊരുക്കുന്നതാണ്. പിഴവുകൾ പരിഹരിക്കാൻ പിഎച്പി സുരക്ഷാ അപ്ഡേറ്റുകൾ പുറത്തിറക്കി.
പിഎച്പി സുരക്ഷാപിഴവുകൾ ഓൺലൈൻ ഇടപാടുകളെ ബാധിച്ചേക്കാം. ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർ വെബ്സെർവറുകളുടെ നിയന്ത്രണം ഏറ്റെടുത്താൽ വെബ്സൈറ്റുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ചോരാനും ഓൺലൈൻ സേവനങ്ങൾ തടസപ്പെടാനും സാധ്യതയുണ്ട്. സർക്കാർ വെബ്സൈറ്റുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാകുന്നത് സർട്ടിഫിക്കറ്റുകൾ, അപേക്ഷകൾ, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവ വേണ്ടവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും തട്ടിപ്പുകൾക്ക് സാധ്യതയുണ്ട്. എന്നാൽ, ഏതെല്ലാം വെബ്സൈറ്റുകളെ ബാധിച്ചുവെന്നോ എത്ര ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്നോ സ്ഥിരീകരിച്ചിട്ടില്ല.
ഇ- മുദ്രയിലെ വീഴ്ച; ഡിജിറ്റൽ വിശ്വാസ്യതയ്ക്ക് വെല്ലുവിളി
ഇന്ത്യൻ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കമ്പനിയായ ഇ- മുദ്രയുടെ എട്ട് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സ്വകാര്യ സുരക്ഷാ കീകൾ അതീവ ദുർബലമായിരുന്നുവെന്ന് കണ്ടെത്തി.
ഈ കീകൾ ദുരുപയോഗം ചെയ്താൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വിശ്വസനീയമായ വെബ്സൈറ്റുകളായി തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുവഴി വ്യക്തിഗത വിവരങ്ങളും ലോഗിൻ വിവരങ്ങളും അപകടത്തിലാകാം.
എന്നാൽ, ഇങ്ങനെ നടന്നതായി തെളിവില്ലെന്നാണ് ഇ -മുദ്ര പറയുന്നത്. ഗൂഗിൾ, ആപ്പിൾ, മൊസില തുടങ്ങിയ കമ്പനികൾ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപയോക്താക്കൾ ബ്രൗസറും ഓപ്പറേറ്റിങ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുകയും സംശയാസ്പദമായ വെബ്സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുകയും വേണം.
എഐ സോഫ്റ്റ്വെയറിലും ക്ലൗഡ് സേവനങ്ങളിലും ആശങ്ക
എഐ മോഡലുകളുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലൈറ്റ് എൽഎൽഎം സോഫ്റ്റ്വെയറിന്റെ ചില പതിപ്പുകളിൽ മാൽവെയർ ഉൾപ്പെടുത്തിയതായി കണ്ടെത്തി. ഇത് ഇൻസ്റ്റാൾ ചെയ്ത സംവിധാനങ്ങളിൽനിന്ന് ക്ലൗഡ് ക്രെഡൻഷ്യലുകൾ, ഡെവലപ്പർമാരുടെ രഹസ്യവിവരങ്ങൾ, മറ്റ് ആധികാരികതാ വിവരങ്ങൾ എന്നിവ മോഷ്ടിക്കാൻ സാധ്യതയുണ്ടായിരുന്നു. ബാധിക്കപ്പെട്ട പതിപ്പുകൾ നീക്കം ചെയ്തതായി കമ്പനി അറിയിച്ചു.
അതേസമയം, ക്ലൗഡ് പ്ലാറ്റ്ഫോമായ റെയിൽവേയിലെ ചില ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോർന്നിരിക്കാമെന്ന സംശയവും ഉയർന്നു. ഇത്തരം വിവരങ്ങളിൽ എപിഐ കീകളും ഡാറ്റാബേസ് പ്രവേശനവിവരങ്ങളും ഉൾപ്പെടാം. സുരക്ഷ ഉറപ്പാക്കാൻ രഹസ്യ കീകൾ മാറ്റാനും ലോഗുകൾ പരിശോധിക്കാനും ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ പരിശോധിക്കുക, രഹസ്യ പ്രവേശന കീകൾ മാറ്റുക തുടങ്ങിയ നടപടികൾ ഇത്തരം പ്രശ്നസാധ്യത കുറയ്ക്കാൻ സഹായിക്കും.
ജാഗ്രതയാണ് പ്രധാന പ്രതിരോധം
സൈബർ തട്ടിപ്പുകളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ ഉപയോക്താക്കൾ നല്ല ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. ഒടിപി, പിൻ, പാസ്വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വിശ്വാസ്യതയില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കണം. മൊബൈൽ ഫോണുകൾ, ബ്രൗസറുകൾ, മറ്റ് സോഫ്റ്റ്വെയറുകൾ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ബാങ്ക് ഇടപാടുകൾ പതിവായി പരിശോധിക്കുകയും വേണം.
അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, രഹസ്യവിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക, സോഫ്റ്റ്വെയറുകൾ അപ്ഡേറ്റ് ചെയ്യുക, സംശയകരമായ ഇടപാടുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക . ഈ നാല് ശീലങ്ങൾ ഡിജിറ്റൽ സുരക്ഷയ്ക്ക് വലിയ സഹായമാകും.
സാങ്കേതിക സ്ഥാപനങ്ങൾ സുരക്ഷാ പിഴവുകൾ സമയബന്ധിതമായി പരിഹരിക്കുകയും ഉപയോക്താക്കൾ അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ പാലിക്കുകയും വേണം.







0 comments