വർക്കലയിൽ നിരപരാധിയായ 17 കാരനെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു; കാലിന്റെ എല്ലൊടിഞ്ഞു

പൊലീസ് മര്‍ദനത്തില്‍ യുവാവിന്‍റെ കാല്‍ ഒടിഞ്ഞ നിലയില്‍
വർക്കല: വർക്കല നഗരത്തിൽ നിരപരാധിയായ 17 കാരനെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. പൊലീസ് അതിക്രമത്തിനു ഇരയായ വർക്കല ചാരുവിള സ്വദേശിയായ യുവാവിന്റെ കാലിന്റെ എല്ല് പൊട്ടി. വർക്കല എസ്‌ഐയും സംഘവും മർദിച്ചതായാണ് വിവരം. സ്‌റ്റേഷനിൽവെച്ച് ചോര ഛർദിച്ച കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങി. ശരീരമാസകലം ഗുരുതര പരിക്കുകളെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വർക്കല ആയുർവേദ ആശുപത്രിക്കടുത്ത് മാസാ മന്തി എന്ന കടയിലെ തൊഴിലാളിയാണ് 17 കാരൻ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ മറ്റൊരു തൊഴിലാളിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്. അയാളെ കിട്ടാതായപ്പോൾ അവിടെ ഉണ്ടായിരുന്ന പതിനേഴുകാരനു നേരെ തിരിയുകയായിരുന്നു. ഷൂവെച്ച് കാലിൽ ചവിട്ടി, കഴുത്തിനു മുട്ടുകൈ വെച്ച് ഇടിച്ചു. മറ്റൊരു പൊലീസുകാരൻ വണ്ടിയിലേയ്ക്ക് എടുത്തെറിഞ്ഞു. ബിപിയുടെ ബുദ്ധിമുട്ടും സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയുമുണ്ടെന്നും 17 വയസ് മാത്രമാണ് പ്രായമെന്നും പറഞ്ഞപ്പോൾ ഒരു പൊലീസുകാരൻ കരണത്തടിച്ചതായും കൗമാരക്കാരൻ പറഞ്ഞു. കഴുത്തിനും സാരമായ പരിക്കുണ്ട്. ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകളാണ്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ രക്തം ഛർദിച്ചതായും പറയുന്നു. മാതാപിതാക്കൾ എത്തിയാണ് 17കാരനെ ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസത്തെ അടിപിടി കേസിൽ ഒന്നാം പ്രതിയാക്കുമെന്നും മാതാപിതാക്കളെയും പ്രതി ചേർക്കുമെന്നുമാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതായും കൗമാരക്കാരൻ പറഞ്ഞു. അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല.
വർക്കല ചാരുവിള സ്വദേശിയാണെങ്കിലും നിലവിൽ അമ്മയ്ക്കൊപ്പം ചെമ്മരുതിയിൽ വാടകയ്ക്കാണ് താമസം. 20 ദിവസം മുൻപാണ് ഹോട്ടലിൽ ജോലിക്കു കയറിയത്. കുടുംബത്തിന്റെ പരാധീനതകൾ കാരണം പഠനം ഉപേക്ഷിച്ചതാണ്. സംഭവത്തിൽ വർക്കല സിഎച്ച്ഒ ഉൾപ്പടെ നാലു പൊലീസുകാർക്കെതിരെ വർക്കല ഡിവൈഎസ്പിക്കും ചൈൽഡ് ലൈനിനും കുടുംബം പരാതി നൽകി.









0 comments