നവകിരണം അണയുമോ? കിഫ്ബി കരുതൽ പിൻവലിച്ചാൽ പുനരധിവാസത്തിന് ഇരുട്ട്

നിലമ്പൂർ : മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനത്തിനുള്ളിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൈലറ്റ് പ്രൊജ്ക്ട് നവകിരണം പദ്ധതി കിഫ്ബിയുടെ സാമ്പത്തിക പിന്തുണ നിലച്ചാൽ പ്രതിസന്ധിയിലാകും. പദ്ധതിയിൽ പങ്കാളികളായ 1169 കുടുംബങ്ങളിൽ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 1026 കുടുംബങ്ങളെ പൂർണമായും പുനരധിവസിപ്പിച്ചു. ഒന്നാം ഗഡു ലഭിച്ച 143 കുടുംബങ്ങൾക്ക് രണ്ടാം ഗഡു വിതരണം ചെയ്യാനുണ്ട്.
എന്നാൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കിയില്ലെങ്കിൽ കൂടുതൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ നിലയ്ക്കുമെന്ന ആശങ്ക ശക്തമാണ്. വനത്തിനുള്ളിലെ പട്ടയഭൂമി സർക്കാരിന് കൈമാറി ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറിത്താമസിക്കാൻ ആദിവാസികളല്ലാത്ത കുടുംബങ്ങൾക്ക് അവസരമൊരുക്കുന്നതാണ് നവകിരണം പദ്ധതി. വന്യമൃഗങ്ങളുടെ ആക്രമണഭീഷണിയും പ്രകൃതിദുരന്തങ്ങളും നേരിടുന്ന മേഖലകളിൽനിന്ന് കുടുംബങ്ങളെ മാറ്റി സുരക്ഷിതമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ സൗകര്യങ്ങൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
164.625 കോടി രൂപയുടെ സഹായം
റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോജക്ടിന്റെയും (ആർകെഡിപി) കിഫ്ബിയുടെയും സാമ്പത്തിക പിന്തുണയോടെ നടപ്പാക്കിയ പദ്ധതിക്കായി ആകെ 164.625 കോടി രൂപ ചെലവഴിച്ചു. 200.19 ഹെക്ടർ വനത്തിനുള്ളിലെ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഓരോ കുടുംബത്തിനും (യൂണിറ്റ് കണക്കാക്കി) 15 ലക്ഷം രൂപയാണ് ധനസഹായം. ആദ്യ ഗഡുവായി 7.5 ലക്ഷം രൂപയും തുടർനടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ബാക്കി തുകയും നൽകുന്നു. രണ്ടാം ഗഡു ലഭിക്കുന്നതോടെ ശേഷിക്കുന്ന 143 കുടുംബങ്ങളുടെയും ധനസഹായ വിതരണം പൂർത്തിയാകും.
കൂടുതൽ കുടുംബങ്ങൾക്ക് അവസരം നഷ്ടമാകുമോ
റീബിൽഡ് കേരള പദ്ധതിയുടെ പിന്തുണയോടെ ആരംഭിച്ച നവകിരണം പിന്നീട് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് മുന്നോട്ടുപോയത്. കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുകയോ ആവശ്യമായ ഫണ്ട് ലഭിക്കാതാകുകയോ ചെയ്താൽ പുതിയ കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നതിനെ ബാധിക്കും. ഇതോടെ വനത്തിനുള്ളിൽ നിന്ന് സുരക്ഷിതമായ താമസസ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന കൂടുതൽ കുടുംബങ്ങൾക്ക് അവസരം നഷ്ടമാകുമെന്ന ആശങ്കയുണ്ട്. വനത്തിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും വന്യജീവി ആക്രമണഭീഷണി നേരിടുന്നവർക്കും സുരക്ഷിതമായ ജീവിതം തെരഞ്ഞെടുക്കാൻ നവകിരണം അവസരമൊരുക്കിയിട്ടുണ്ട്. പദ്ധതി കൂടുതൽ കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കിൽ തുടർച്ചയായ സാമ്പത്തിക പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.
ഉപജീവനത്തിനും പരിശീലനം
പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് പുതിയ താമസസ്ഥലത്ത് ഉപജീവനമാർഗം കണ്ടെത്താനും പദ്ധതി സഹായം നൽകുന്നു. തയ്യൽ, ഡ്രൈവിങ്, ഇലക്ട്രിക്കൽ ജോലി, ഹോം നഴ്സിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ഒരു കുടുംബത്തിന് പരമാവധി 25,000 രൂപവരെ പരിശീലനത്തിനായി വിനിയോഗിക്കാനാണ് പദ്ധതി. പുതിയ സാഹചര്യത്തിൽ തൊഴിൽ കണ്ടെത്താനും വരുമാനം ഉറപ്പാക്കാനും കുടുംബങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
വനത്തിനുള്ളിലെ ജീവിതത്തിൽ നിന്ന് സുരക്ഷിതമായ താമസസ്ഥലങ്ങളിലേക്ക് മാറാൻ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിലൂടെ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനൊപ്പം അവരുടെ സാമൂഹ്യസുരക്ഷയും ഉറപ്പാക്കുകയാണ് നവകിരണം ലക്ഷ്യമിടുന്നത്. ഇതിനകം 1026 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കിയ പദ്ധതിയുടെ തുടർഘട്ടം മുടങ്ങാതിരിക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.
പദ്ധതിയിൽ പങ്കാളികളായ കുടുംബങ്ങളുടെ കണക്ക്
തിരുവനന്തപുരം 83
ശെന്തുരുണി 200
പുനലൂർ 71
കോന്നി 41
മലയാറ്റൂർ 50
മറയൂർ 7
കോതമംഗലം 92
പാലക്കാട് 104
തൃശൂർ 13
നിലമ്പൂർ നോർത്ത് 105
നിലമ്പൂർ സൗത്ത് 39
കോഴിക്കോട് 40
വയനാട് സൗത്ത് 103
വയനാട് നോർത്ത് 126
കാസർകോട് 52
കണ്ണൂർ 43
ആകെ 1169









0 comments