ഇറാനിലേക്ക് മരുന്ന് കയറ്റി അയക്കാൻ ഇറാൻ എയറിന് അനുമതി നിഷേധിച്ചെന്ന വാർത്ത; കേന്ദ്രത്തിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ഇറാനിലേക്ക് മരുന്നുകൾ എത്തിക്കുന്നതിനായി ഇറാൻ എയർ കാർഗോ വിമാന സർവീസുകൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചെന്ന മാധ്യമവാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി ഡോ. ജോൺ ബ്രിട്ടാസ് എംപി. വിഷയത്തിൽ ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് അദ്ദേഹം കത്തയച്ചു.
അമേരിക്കൻ ഉപരോധങ്ങളുടെ സമ്മർദമാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് 'ഇറാൻവയർ' റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചോദിച്ചു. മാനുഷിക പരിഗണനകളെക്കാൾ അമേരിക്കയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിന് തിരിച്ചടിയാകുമെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചു.
മറ്റൊരു രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി മാനുഷിക പരിഗണനകൾ മാറ്റിവെച്ചുകൊണ്ട് ഇന്ത്യയ്ക്ക് സ്വതന്ത്ര വിദേശനയം തുടരാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. അനുമതി നിഷേധിച്ചതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കണമെന്നും, ഇറാനിലേക്ക് അവശ്യ മരുന്നുകൾ എത്തിക്കാനുള്ള തടസ്സങ്ങൾ അടിയന്തരമായി നീക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.









0 comments