Deshabhimani

സ്വകാര്യ വൈദ്യുതി വിതരണ ലൈസൻസിനെതിരെ ഹരിയാനയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരം ശക്തമാകുന്നു

gurugram eletricity staff strike

ഹരിയാനയിലുടനീളം ഏകദേശം 40,000 ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതായാണ് യൂണിയനുകളുടെ കണക്ക്

വെബ് ഡെസ്ക്

Published on Oct 23, 2026, 04:21 PM | 1 min read

ഗുരുഗ്രാം: ഹരിയാനയിൽ ബിജെപി ഗവർമെന്റ് സ്വകാര്യ കമ്പനിക്ക് സമാന്തര വൈദ്യുതി വിതരണ ലൈസൻസ് അനുവദിച്ചതിനെതിരെയുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരം ശക്തമാകുന്നു.


ഗുരുഗ്രാമിലും നൂഹിലും ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് 25 വർഷത്തേക്ക് വൈദ്യുതി വിതരണം നടത്താൻ അനുമതി നൽകിയ ഹരിയാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണം.


ഒക്ടോബർ 19 നാണ് കമ്മീഷൻ ലൈസൻസ് അനുവദിച്ചത്. തീരുമാനം പൊതുമേഖലാ വൈദ്യുതി വിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും ജീവനക്കാരുടെ തൊഴിൽ സുരക്ഷയെയും ഉപഭോക്താക്കളുടെ താൽപര്യങ്ങളെയും ബാധിക്കുമെന്നും സമരക്കാർ പറഞ്ഞു.


ഹരിയാനയിലുടനീളം ഏകദേശം 40,000 ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതായാണ് യൂണിയനുകളുടെ കണക്ക്. ജീവനക്കാരുടെ അഭാവം വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനെ ബാധിക്കുന്നതായി ഡിഎച്ച്ബിവിഎൻ അധികൃതരും വ്യക്തമാക്കി.


എച്ച്ഇആർസിയുടെ തീരുമാനത്തിനെതിരെ അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സൈനി അറിയിച്ചു.


എന്നാൽ, നിയമനടപടിയിൽ മാത്രം ഒതുങ്ങാതെ ലൈസൻസ് പിൻവലിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ഹരിയാനയിൽ സമാന്തര വൈദ്യുതി വിതരണ ലൈസൻസുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന നയം സർക്കാർ പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.


സമരം നീളുമോ?


ഒക്ടോബർ 24 നുശേഷവും സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വൈദ്യുതി വിതരണം സാധാരണ നിലയിലാകുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.


ഒരു വശത്ത് ലൈസൻസ് അനുവദിച്ച തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിന് സർക്കാർ തയ്യാറെടുക്കുമ്പോൾ, മറുവശത്ത് തീരുമാനം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജീവനക്കാർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home