print edition ഇത് വനാമി വസന്തം

തൃശൂർ പൊയ്യ അഡാക്കിലെ കുളത്തിൽ വനാമി ചെമ്മീൻ കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്ന തൊഴിലാളികൾ / ഫോട്ടോ: എം എ ശിവപ്രസാദ്
ജിബിന സാഗരന്‍
Published on Dec 04, 2025, 02:49 AM | 1 min read
തൃശൂര്‍
വനാമി ചെമ്മീനുകള്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ തൃശൂര്‍ അഡാക്ക് ഫാം. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 2023ലാണ് കയറ്റുമതിക്ക് പ്രിയമേറിയ വനാമി ചെമ്മീന്‍ ഫാമിൽ ഉല്‍പ്പാദിപ്പിച്ചുത്തുടങ്ങിയത്. ബി ബ്ലോക്കിലെ അഞ്ച് കുളങ്ങളിലായി ഈ സാമ്പത്തിക വര്‍ഷംമാത്രം 10 ടണ്‍ വനാമി ചെമ്മീന്‍ ഉല്‍പ്പാദിപ്പിച്ചു. വരുമാനമായി 84 ലക്ഷം ലഭിച്ചു. വൈറസ് ബാധയുണ്ടാവാതിരിക്കാന്‍ അതീവ സുരക്ഷയോടെയാണ് പരിപാലനം. വര്‍ഷത്തില്‍ രണ്ടുതവണയാണ് വിളവെടുപ്പ്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാൽ സി ബ്ലോക്കില്‍ ബയോഫ്ലോക്ക് രീതിയിൽ വനാമി ചെമ്മീന്‍ ഉല്‍പ്പാദനം ആരംഭിക്കും. ഇൗ രീതിയിലൂടെ ഉല്‍പ്പാദനം കൂട്ടാനാകുമെന്നാണ് പ്രതീക്ഷ.
ഫിഷറീസ് വകുപ്പിന് കീഴില്‍ 1984ലാണ് പൊയ്യ അഡാക്ക് പ്രവര്‍ത്തനമാരംഭിച്ചത്. 49.24 ഹെക്ടറാണ് ഫാം വിസ്തൃതി. 43.2 ഹെക്ടറാണ് ജലവിസ്തൃതി. കുള വിസ്തൃതി 39.15 ഹെക്ടര്‍. അഞ്ച് ബ്ലോക്കുകളിലായി 28 കുളങ്ങളുണ്ട്. കരിമീന്‍, പൂമീന്‍, തിരുത, കാളാഞ്ചി, കല്ലുമ്മക്കായ എന്നിവയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 100 കൂടുകളിലായി കരിമീന്‍, തിരുത, കാളാഞ്ചി, പൂമീന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മാസം 35,000ത്തോളം കരിമീന്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ഹാച്ചറിയുമുണ്ട്.









0 comments