print edition കോൺഗ്രസിൽ മാഫിയ സംഘം ശക്തിപ്പെടുന്നു : ബിനോയ് വിശ്വം

കോട്ടയം
കോൺഗ്രസിൽ മാഫിയ സംഘം ശക്തിപ്പെടുന്നുവെന്ന് കാണിക്കുന്നതാണ് രമേശ് ചെന്നിത്തലക്കെതിരെ ഒരുവിഭാഗം കോൺഗ്രസുകാർ നടത്തിയ കൈയാങ്കളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മാധ്യമപ്രവർത്തകരെ കാണുന്പോഴാണ് പാലക്കാട് ഒരുവിഭാഗം കോൺഗ്രസുകാർ പ്രവർത്തകസമിതി അംഗമായ രമേശ് ചെന്നിത്തലക്കെതിരെ തിരിഞ്ഞത്. അദ്ദേഹം സംസാരിക്കുന്നത് അലങ്കോലമാക്കി. തങ്ങൾക്കെതിരെ പറഞ്ഞാൽ വിടില്ലെന്ന സന്ദേശമാണ് അവർ നൽകുന്നത്. കോൺഗ്രസിൽ മാഫിയ സംസ്‌കാരം ശക്തിപ്പെടുന്പോൾ നേതൃത്വത്തിന് എങ്ങനെ മൗനം നടിക്കാനാകും. കോട്ടയം പ്രസ്‌ക്ലബ്ബിൽ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീ പീഡനക്കേസിൽ അഭിപ്രായം പറഞ്ഞാൽ കുറ്റം. മിണ്ടിയാൽ കൂവി തോൽപ്പിക്കും. ആരാണ് ഇവരെ പോറ്റുന്നതും പണം കൊടുക്കുന്നതും. പുകഞ്ഞ കൊള്ളിയെയും അതിനെ പിന്തുണക്കുന്നവരെയും പുറത്താക്കണമെന്നാണ് കെ മുരളീധരൻ പറയുന്നത്. അങ്ങനെയെങ്കിൽ എത്രപേരെ പുറത്താക്കണം.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 2020 നേക്കാളും ഉജ്വല വിജയം നേടും. പലയിടത്തും കോൺഗ്രസ്, ബിജെപി ബന്ധമുണ്ട്. ശബരിമല അയ്യപ്പന്റെ സ്വത്ത് കെെയടക്കിയവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐയെ യുഡിഎഫിലേക്ക് വിളിക്കുന്പോൾ വീണ്ടും വീണ്ടും ചിരിക്കാനേ കഴിയൂ– ബിനോയ് വിശ്വം പറഞ്ഞു.









0 comments