print edition മുനമ്പത്ത് റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു

ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ പോക്കുവരവിനുള്ള അപേക്ഷ വില്ലേജ് ഓഫീസിൽ സമർപ്പിക്കുന്നു
കൊച്ചി
മുനമ്പം ഭൂമിയിലെ എല്ലാ റവന്യു അവകാശങ്ങളും പുനഃസ്ഥാപിച്ച് കലക്ടർ ജി പ്രിയങ്ക ഉത്തരവിട്ടു. വില്ലേജ് ഓഫീസർ നല്‍കിയ അപേക്ഷയിലാണ് നടപടി. പ്രദേശത്തെ താമസക്കാർക്ക് വസ്‌തുനികുതി അടയ്‌ക്കാമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന് പിന്നാലെ ഭൂനികുതി സ്വീകരിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, ആര്‍ഒആര്‍ മുതലായ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ എത്തിയതോടെയാണ് വില്ലേജ് ഓഫീസർ കലക്ടർക്ക് കത്തുനല്‍കിയത്. കോടതി ഉത്തരവ് പരിശോധിച്ചാണ് മുഴുവൻ റവന്യു അവകാശങ്ങളും സ്ഥാപിക്കാൻ അനുവദിച്ച് കലക്ടർ ഉത്തരവിട്ടത്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഇതുസംബന്ധിച്ച കേസിലെ അന്തിമവിധിക്ക് വിധേയമായിരിക്കും തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്. പോക്കുവരവിനുള്ള അപേക്ഷകളടക്കം വില്ലേജ് ഓഫീസിൽ സ്വീകരിച്ചുതുടങ്ങി. ഉത്തരവിന്റെ പകര്‍പ്പ് ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ക്കും കൈമാറി.
മുനമ്പം ഭൂസംരക്ഷണസമിതി 413 ദിവസമായി നടത്തിവന്ന സമരം ഞായറാഴ്‌ച അവസാനിപ്പിച്ചിരുന്നു. മുനന്പത്തെ ജനങ്ങൾക്ക് വസ്‌തുകരം അടയ്‌ക്കാമെന്ന നവംബർ 26ലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഒക്ടോബർ 10നാണ് മുനന്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാനവിധി വന്നത്. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലായിരുന്നു വിധി. മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
തുടർന്ന് ജനതയുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് സാധ്യമാകുന്നതെന്തെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റിട്ട. ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻനായരെ ജുഡീഷ്യൽ കമീഷനായി നിയമിച്ചതടക്കമുള്ള നടപടികൾ സ്വീകരിച്ചു. കമീഷന്റെ ആധികാരികത ഹൈക്കോടതി സിംഗിൾബെഞ്ച് ചോദ്യംചെയ്‌തു. സർക്കാർ സമർപ്പിച്ച അപ്പീലിലാണ് മുനന്പത്തേത് വഖഫ് ഭൂമിയില്ലെന്ന സുപ്രധാനവിധി ഒക്ടോബർ 10ന് ഡിവിഷൻബെഞ്ചിൽനിന്നുണ്ടായത്. എല്ലാ റവന്യു അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെട്ടതോടെ തീരദേശ ജനതയ്ക്ക് സർക്കാർ നൽകിയ ഉറപ്പുപാലിച്ചെന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു.
ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി തുടങ്ങിയവർ വില്ലേജ് ഓഫീസിൽ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്കുവരവിനുള്ള അപേക്ഷ സമർപ്പിച്ചു.








0 comments