ബുധനാഴ്‌ച ഇരുസഭയിലും ചോദ്യോത്തരവേളയ്‌ക്കും ശൂന്യവേളയ്‌ക്കും തടസ്സമുണ്ടായില്ല
print edition സഭാ നടപടി തടസ്സപ്പെട്ടില്ല ; എക്‌സൈസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷന്റെ ഏകപക്ഷീയമായ എസ്‌ഐആർ നടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ രണ്ടുദിവസം തടസ്സപ്പെട്ട പാർലമെന്റിൽ ബുധനാഴ്‌ച നടപടികൾക്ക് തടസ്സമുണ്ടായില്ല. എസ്‌ഐആർ വിഷയത്തിൽ ചൊവ്വാഴ്‌ച ചർച്ചയാകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതോടെയാണ് പ്രതിപക്ഷം വഴങ്ങിയത്. എസ്‌ഐആർ ചർച്ചയ്‌ക്ക് മുമ്പ് തിങ്കളാഴ്‌ച വന്ദേമാതരത്തിന്റെ 150–ാം വാർഷികം മുൻനിർത്തിയുളള പ്രത്യേക ചർച്ചയുണ്ടാകും.
ബുധനാഴ്‌ച രാവിലെ ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ സഭാനടപടികളുമായി സഹകരിക്കാൻ ധാരണയായി. വന്ദേമാതരം ചർച്ചയിലും എസ്‌ഐആർ ചർച്ചയിലും സജീവമായി പങ്കെടുത്ത് സർക്കാരിനെ തുറന്നുകാട്ടാനാകും പ്രതിപക്ഷ ശ്രമം. ബുധനാഴ്‌ച ഇരുസഭയിലും ചോദ്യോത്തരവേളയ്‌ക്കും ശൂന്യവേളയ്‌ക്കും തടസ്സമുണ്ടായില്ല.
പുകയില, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് മേൽ എക്‌സൈസ് തീരുവ ചുമത്താൻ വഴിയൊരുക്കുന്ന എക്‌സൈസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പുകയില ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തുന്ന നഷ്‌ടപരിഹാര സെസ് ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് പകരം ബിൽ.
ബില്ലിൽ പുകയിലയുടെ തീരുവ 64ൽനിന്ന് 70 ശതമാനമാക്കി. ആയിരം സിഗരറ്റുകൾക്ക് 200 മുതൽ 735 രൂപ വരെയായിരുന്ന തീരുവ 2700 മുതൽ 11000 രൂപ വരെയാക്കി. ചവയ്‌ക്കുന്ന പുകയിലയുടെ തീരുവ 25ൽ നിന്നും 100 ശതമാനമായും ഹുക്കാ പുകയിലയുടെ തീരുവ 25ൽ നിന്നും 40 ശതമാനമായും ഉയർത്തി. പൈപ്പുകൾക്കും സിഗരറ്റുകൾക്കുമുള്ള പുകവലി മിശ്രിതങ്ങളുടെ തീരുവ 60 ശതമാനത്തിൽ നിന്ന് 325 ശതമാനമാക്കി.








0 comments