ഉത്തരവാദിത്വം സംസ്ഥാന പൊലീസിനെ പിന്തുണയ്‌ക്കുക മാത്രമെന്ന് കേന്ദ്രമന്ത്രി
print edition ട്രെയിനിലെ സ്‌ത്രീസുരക്ഷ ; കൈകഴുകി കേന്ദ്രം

ന്യൂഡൽഹി
ട്രെയിനിൽ സ്‌ത്രീകൾ ആക്രമണങ്ങൾക്ക് ഇരയാകുന്നതിലെ സുരക്ഷാവീഴ്‌ചയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകൾക്കാണ് ഉത്തരവാദിത്തമെന്നാണ് നിലപാട്. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സി (ആർപിഎഫ്) ന്റെ ഉത്തരവാദിത്തം സംസ്ഥാന പൊലീസിനെ പിന്തുണയ്‌ക്കുക മാത്രമാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പാർലമെന്റിൽ പറഞ്ഞു.
ട്രെയിനുകളിൽ സ്‌ത്രീകൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള സിപിഐ എം ലോക്‌സഭാ കക്ഷി നേതാവ് കെ രാധാകൃഷ്‌ണന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പ്രാഥമികമായ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റം. വർക്കലയിൽ ഓടുന്ന ട്രെയിനിൽനിന്ന് യാത്രക്കാരിയെ തള്ളിയിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.
ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള 19-കാരി ശ്രീക്കുട്ടിക്ക് നഷ്‌ടപരിഹാരം നൽകുന്നതിനെക്കുറിച്ചും മന്ത്രി മിണ്ടിയില്ല. അടിയന്തര സഹായം ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന നിസ്സംഗത യാത്രക്കാരോടുള്ള ഗുരുതര അനാസ്ഥയാണെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു.
മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കേരള എക്‌സ്‌പ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിൽ അതിക്രമം നടത്താൻ സാധിച്ചത് സുരക്ഷാ വീഴ്‌ചയുടെ ഏറ്റവും വലിയ തെളിവാണ്. തെരഞ്ഞെടുത്ത റൂട്ടുകളിൽ ആർപിഎഫ് എസ്‌കോർട്ട് ഉണ്ടെന്ന് പറയുമ്പോഴും, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ എണ്ണം തീരെ കുറവാണ്. വർഷങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും നിയമനം.
2-011 ല്‍ ട്രെയിനില്‍ സൗമ്യയെന്ന യുവതി ആക്രമത്തിനിരയായി കൊല്ലപ്പെട്ടതിന് സമാനമായി ആക്രമണം ഉണ്ടാകുന്ന നിലയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ തകർന്നടിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് വർക്കലയിലെ സംഭവം. കംപാർട്ട്മെന്റുകളിൽ ഓട്ടോമാറ്റിക് ഡോറുകൾ സ്ഥാപിക്കണമെന്നും ആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും കെ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.









0 comments