ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പര
print edition ഹാർദിക് തിരിച്ചെത്തി

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തിനിടെ പ്രകാശിച്ചപ്പോൾ
റായ്‌പുർ
ദക്ഷിണാഫ്രിക്കയുമായുള്ള അഞ്ച് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി. മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ സ്ഥാനം നിലനിർത്തിയപ്പോൾ പരിക്ക് പൂർണമായും മാറാത്ത ശുഭ്‌മാൻ ഗില്ലും 15 അംഗ ടീമിന്റെ ഭാഗമായി. ശാരീരികക്ഷമത തെളിയിച്ചാൽ മാത്രമേ ഗില്ലിന് കളിക്കാൻ കഴിയുകയുള്ളൂ. ഓസ്‌ട്രേലിയൻ പര്യടനത്തിലുണ്ടായിരുന്ന റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ഒഴിവാക്കി. ഒന്പതിന് കട്ടക്കിലാണ് ആദ്യ കളി. സൂര്യകുമാർ യാദവാണ് ക്യാപ്‌റ്റൻ.
അടുത്ത വർഷമാദ്യം നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം. അതിനാൽ സഞ്‌ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് നിർണായകമാണ് ഇൗ പരന്പര.
ഏഷ്യാ കപ്പിലാണ് ഹാർദിക് അവസാനമായി കളിച്ചത്. സെപ്‌തംബറിൽ ശ്രീലങ്കയ്‌ക്കെതിരെ. പരിക്കുമാറിയ ഓൾ റൗണ്ടർ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനമാണ് ബറോഡയ്‌ക്കായി പുറത്തെടുത്തത്.
അതേസമയം, ഗിൽ കളിച്ചില്ലെങ്കിൽ അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്‌ജു ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തേക്കും. മുഷ്‌താഖ് അലിയിൽ കേരളത്തിന്റെ ക്യാപ്‌റ്റനാണ് സഞ്‌ജു.
ഏഷ്യാ കപ്പ് ഫൈനലിൽ വിജയറൺ കുറിച്ചശേഷം ഒരു തവണ പോലും ബാറ്റ് ചെയ്യാൻ കിട്ടാതെയാണ് റിങ്കു ടീമിൽനിന്ന് പുറത്താകുന്നത്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്‌മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, സഞ്‌ജു സാംസൺ, ജസ്‌പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്‌ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്‌ടൺ സുന്ദർ.








0 comments