ആണവോർജ സഹകരണം: ധാരണപത്രത്തിന് റഷ്യയുടെ അംഗീകാരം
print edition പുടിൻ ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്‌ച ഡൽഹിയിലെത്തും. 23–ാം ഇന്ത്യ– റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. സംയുക്ത പ്രസ്‌താവനയ്‌ക്ക് പുറമെ ഒട്ടനവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്‌ക്കും.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം പ്രതികാരത്തീരുവ കയറ്റുമതി മേഖലയ്‌ക്ക് ആഘാതമായ സാഹചര്യത്തിൽ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും സർക്കാർ ശ്രമിക്കുക.
യുഎസ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മോദി സർക്കാർ വെട്ടിചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതൽ യന്ത്രഭാഗങ്ങൾ, രാസവസ്‌തുക്കൾ, ഭക്ഷ്യവസ്‌തുക്കൾ, മരുന്നുകൾ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താൽപ്പര്യപ്പെടുന്നത്. ആണവോർജ മേഖലയ്‌ക്ക് ആവശ്യമായ സാങ്കേതിക സഹായം ഇന്ത്യയ്ക്ക് നൽകാൻ റഷ്യ ഒരുക്കമാണ്. ചെറുകിട റിയാക്ടറുകളുടെ നിർമാണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ഇതിന് പുറമെ അത്യാധുനിക എസ്‌യു 57 യുദ്ധവിമാനം, എസ് 500 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇന്ത്യക്ക് കൈമാറാനും റഷ്യ താൽപ്പര്യപ്പെടുന്നു.
ആണവോർജ സഹകരണം: ധാരണപത്രത്തിന് റഷ്യയുടെ അംഗീകാരം
ഇന്ത്യയുമായുള്ള ആണവോർജ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ധാരണപത്രത്തിന് റഷ്യൻ മന്ത്രിസഭ അംഗീകാരം നൽകി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്‌ക്കാനുള്ള കരാറിനാണ് അംഗീകാരം നൽകിയത്.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽ റിയാക്‌ടറുകൾ നിർമിച്ചത് റഷ്യയുടെ റൊസാറ്റം ആണവ കോർപറേഷനാണ്. ഇവിടെ തുടർ പദ്ധതികൾക്കും സഹകരണത്തിനും റൊസാറ്റം ആണവ കോർപറേഷന് മന്ത്രിസഭ അനുമതി നൽകി. റിയാക്‌ടറുകൾ തദ്ദേശീയമായി വികസിപ്പിക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും പരിശീലനവും റഷ്യ നൽകും. ഇന്ത്യയുമായുള്ള സൈനിക കരാറിന് റഷ്യൻ പാർലമെന്റിലെ അധോസഭയായ ഡ്യൂമ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.









0 comments