ചാരപ്പണി നടത്താനുള്ള നീക്കമെന്ന് വിമർശം, പൗരാവകാശം ഹനിക്കുമെന്ന് പരാതി
print edition ആപ്പില്‍ ആപ്പിലായി ; സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ നിർദേശം കേന്ദ്രം പിൻവലിച്ചു


AKSHAY K P
Published on Dec 04, 2025, 03:44 AM | 1 min read
ന്യൂഡൽഹി
കനത്ത എതിർപ്പ് ഉയർന്നതോടെ,ജനങ്ങളെയാകെ നിരീക്ഷണ പരിധിയിൽ കൊണ്ടുവരാനുള്ള ദുരൂഹനീക്കത്തില്‍നിന്ന് മോദി സർക്കാർ പിന്മാറി. എല്ലാ മൊബൈല്‍ ഫോണുകളിലും "സഞ്ചാർ സാഥി ആപ്പ്’ നിര്‍ബന്ധമാക്കിയ ഉത്തരവാണ് സഭയ്‌ക്കകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതെ പിന്‍വലി ച്ചത്.
എല്ലാ പുതിയ സ്‌മാര്‍ട് ഫോണിലും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനും നിലവിലുള്ള മൊബൈലുകളില്‍ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ഉള്‍പ്പെടുത്താനുമാണ് കഴിഞ്ഞമാസം 28ന് അതീവരഹസ്യമായി ടെലികോം മന്ത്രാലയം ഉത്തരവിട്ടത്. ഡിലീറ്റ് ചെയ്യാനോ ഉപയോഗിക്കാതിരിക്കാനോ കഴിയാത്തവിധം ആപ്പ് ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള മൊബൈല്‍ നിര്‍മാണ കന്പനികൾ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ വഴിയാണ് രഹസ്യനീക്കം പുറത്തുവന്നത്.
നിയമയുദ്ധത്തിന് മടിക്കില്ലെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. ജനങ്ങളില്‍ ചാരപ്പണി നടത്താനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റൽ അവകാശ പ്രവർത്തകരും ഐടി സുരക്ഷാ വിദഗ്ധരും പ്രതിപക്ഷവും എതിർപ്പുയര്‍ത്തി. നീക്കം ചെയ്യാനാവാത്തവിധം ആപ്പ് നിർബന്ധിതമാക്കൽ പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യയ്‌ക്ക് കത്തയച്ചു. ഡോ. വി ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകി. ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയടക്കം നിരീക്ഷിക്കാൻ കേന്ദ്രം ശ്രമിച്ചെന്ന ആരോപണം നിലനിൽക്കെ, പുതിയ നീക്കം സാമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശം ഏറ്റുവാങ്ങി.
ആപ്പ് വഴി "ചാരവൃത്തി’ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് "മാറ്റാൻ സാധ്യതയുണ്ട്’ എന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് മൊബൈൽ നിർമാതാക്കൾ ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചത്.
സ്വീകാര്യതയേറിയ ആപ്പ് വൻതോതിൽ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ മൊബൈൽ നിർമാതാക്കൾ നിർബന്ധമായ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു എന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
ഉത്തരവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്നും ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവന്നാല്‍ മാത്രമേ, സൈബര്‍ സുരക്ഷാ നിയമപ്രകാരം പുതുതായി എന്തെങ്കിലും നിബന്ധനകള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്‌സിൽ കുറിച്ചു.








0 comments