കെപിസിസിക്ക് കിട്ടിയ 9 പരാതികളും നേതാക്കൾ മുക്കി , കർണാടകത്തിൽ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് കോൺഗ്രസ് നേതാക്കൾ
print edition രാഹുലിന് കോൺഗ്രസിന്റെ സംരക്ഷണം ; മുതിർന്ന നേതാക്കൾക്ക് പുല്ലുവില

തിരുവനന്തപുരം
യുഡിഎഫിനെ ഉൗരാക്കുടുക്കിലാക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചും സംരക്ഷണം നൽകാൻ കോൺഗ്രസ് നേതൃത്വം. രണ്ടാമത്തെ യുവതിയുടെ പരാതി കൂടി കിട്ടിയതോടെ രാഹുലിനെതിരെ കൂടുതൽ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടുവെങ്കിലും നേതൃത്വം അവരെ തള്ളി.
കർണാടകയിൽ ഒളിവിൽ കഴിയാൻ അവിടുത്തെ കോൺഗ്രസ് നേതാക്കളാണ് സഹായിക്കുന്നതെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. സംസ്ഥാനത്തെ ഒരു നേതാവാണ് ഇതിനെ ഏകോപിപ്പിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഇത്രയേറെ പരാതി വന്നിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നതെന്ന് വിമർശനം ഉയർന്നു.
വിട്ടുവീഴ്‌ചയില്ലാതെ നടപടി എടുക്കുമെന്നാണ് വിശ്വാസമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞപ്പോൾ, ബ്രഹ്മാസ്‌ത്രം പ്രയോഗിക്കേണ്ട സമയമായി എന്നാണ് കെ മുരളീധരൻ രാവിലെ പ്രതികരിച്ചത്. ശക്തമായ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽനിന്ന് പുറത്തുവരാൻ ഷമ മുഹമ്മദ് വെല്ലുവിളിച്ചു. പുറത്താക്കണമെന്ന് ഷാനിമോൾ ഉസ്‌മാനും ആവശ്യപ്പെട്ടു. എന്നാൽ പരാതികളില്ലാതെതന്നെ നേരത്തെ നടപടിയെടുത്തെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഉറ്റകൂട്ടുകാരൻ ഷാഫി പറന്പിലും ചെയ്‌തത്. നിയമസഭാംഗത്വം രാജിവയ്‌ക്കുന്നതിൽ ആ വ്യക്തിയാണ് തീരുമാനമെടുക്കേണ്ടതെന്നും ആലപ്പുഴയിൽ സണ്ണി ജോസഫ് ന്യായീകരിച്ചു.
നേരത്തെ ക്രൂരപീഡനം സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയെന്ന് കാണിച്ചാണ് ഇരുപത്തിമൂന്നുകാരി കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. ഇൗ സാഹചര്യത്തിൽ തൊടുന്യായം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് അപകടമാകുമെന്ന് മറ്റു നേതാക്കളും അറിയിച്ചിരുന്നു. കെപിസിസിക്ക് കിട്ടിയ ഒന്പത് പരാതികളാണ് നേതാക്കൾ മുക്കിയതും ചർച്ചയായി.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചതിന്റെ ഡിജിറ്റൽ തെളിവുസഹിതം യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽപ്പോയത്. നിരവധി പീഡന പരാതികളുണ്ടെന്ന് വ്യക്തമായിട്ടും പുറത്താക്കാനും നിയമസഭാംഗത്വം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടാനും വൈകുന്നതിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ക്ഷുഭിതരാണ്.
വീണ്ടും ബലാത്സംഗക്കേസ്
ബലാത്സംഗം, നിർബന്ധിതവും അശാസ്‌ത്രീയവുമായ ഗർഭഛിദ്രം കേസുകളിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ചയും വാദം തുടരും. ബുധനാഴ്‌ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂറായിരുന്നു വാദം.
അതിനിടെ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള സ്‌ത്രീ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിലുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘംതന്നെ അന്വേഷിക്കും.
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. കൂടാതെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്. കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കും. യുവതിയെ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.








0 comments