കോൺഗ്രസ് നേതാവിന്റെ മകളോടും ലൈംഗികാതിക്രമം
print edition പരാതിയില്ലാതെ നടപടിയെടുത്തു എന്നതും ‘വ്യാജം’

ഒ വി സുരേഷ്
Published on Dec 04, 2025, 03:29 AM | 2 min read
തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരമായ ലൈംഗികപീഡന വിനോദങ്ങൾ നേരത്തെ അറിഞ്ഞിട്ടും സംരക്ഷിച്ചവർ, സമൂഹത്തിന്റെ വിമർശനത്തിൽനിന്ന് രക്ഷപ്പെടാൻ പുതിയ വ്യാഖ്യാനവുമായി രംഗത്ത്. മൂന്നുവർഷത്തിനുള്ളിൽ ലഭിച്ച പരാതികളെല്ലാം ഒതുക്കി, ഒടുവിൽ തെളിവുകൾ പുറത്തുവന്നപ്പോഴാണ് ഗത്യന്തരമില്ലാതെ സസ്‌പെൻഡ്‌ചെയ്‌തത്. അതിനെ ‘പരാതിയില്ലാതിരുന്നിട്ടും നടപടിയെടുത്തു’ എന്നാണ് കോൺഗ്രസിന്റെ മഹാനീതിയായി വ്യാഖ്യാനിക്കുന്നത്.
ഒരു മുതിർന്ന കോൺഗ്രസ് നേതാവ് രണ്ടുവർഷംമുമ്പ് മരിക്കുംവരേയും രാഹുലിനെ അടുപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മകൻ രാഹുലിന്റെ പ്രചാരണത്തിനുപോലും പോയില്ല. കാരണം നേതാക്കൾക്ക് കൃത്യമായി അറിയാം. മുൻ കോൺഗ്രസ് എംപിയുടെ മകളെ വിവാഹവാഗ്‌ദാനംചെയ്‌ത് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതും പരാതിയായി എഐസിസി വരെ എത്തിയതാണ്. യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളുടെ നിരവധി പരാതികളുണ്ട്. മുന്നുവർഷം മുമ്പ് വി ഡി സതീശനോട് പരാതിപ്പെട്ടിരുന്നതായി യുവനടി വെളിപ്പെടുത്തി. ഇത്രയും പരാതികൾ നിലനിൽക്കെയാണ് 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കാൻ ഷാഫി പറമ്പിൽ ചരടുവലിച്ചത്. അതിന് വി ഡി സതീശന്റെയും ചാണ്ടി ഉമ്മൻ ഒഴികെയുള്ള എ ഗ്രൂപ്പിന്റെയും പിന്തുണയുണ്ടായി.
രാഹുലിനെ ‘പ്രസിഡന്റാക്കാൻ പൊക്കിയെടുത്ത് കൊണ്ടുവരുമ്പോൾ’ ഷാഫി പറന്പിലിന് മുന്നറിയിപ്പുനൽകിയിരുന്നതായി മുൻ യൂത്ത് കോൺഗ്രസ് നേതാവും സംസ്‌കാരസാഹിതി ജനറൽ സെക്രട്ടറിയുമായ എഴുത്തുകാരി എം എ ഷഹനാസ് സമൂഹമാധ്യമത്തിലെ കുറിപ്പിലും പറയുന്നു. നേരത്തെതന്നെ പരാതികളുണ്ടായിരുന്നതായി രമേശ് ചെന്നിത്തലയും രാജ്‌മോഹൻ ഉണ്ണിത്താനും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ അറിയാമായിരുന്നിട്ടും പാലക്കാട് ഡിസിസിയുടെ എതിർപ്പുകൾ അവഗണിച്ച് പാലക്കാട്ട് സ്ഥാനാർഥിയാക്കി. അതിനും ചരടുവലിച്ചത് ഷാഫി പറമ്പിലായിരുന്നെങ്കിലും വി ഡി സതീശനും കെ സി വേണുഗോപാലും സഹായിച്ചു. സ്‌ത്രീകളോടുള്ള ക്രൂരവിനോദങ്ങളുടെ പരാതികൾ ലഭിച്ചിട്ടും അതിലൊന്നുപോലും പൊലീസിന് കൈമാറാനോ, പാർടിക്കുള്ളിൽ ശാസിക്കാനോ നേതൃത്വം തയ്യാറായിരുന്നില്ല. പകരം ‘നല്ല കഴിവുള്ള ചെറുപ്പക്കാരൻ’ എന്ന വാഴ്‌ത്തുപാട്ടുകളായിരുന്നു.

രാഹുലിനെതിരായ പരാതി കോൺഗ്രസ് നേതൃത്വം ഒതുക്കി
കോൺഗ്രസ് നേതാവിന്റെ മകളോടും ലൈംഗികാതിക്രമം
തൃശൂരിലെ കോൺഗ്രസ് നേതാവിന്റെ മകളോടും രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി വിവരം. പ്രണയം നടിച്ച് വിവാഹവാഗ്‌ദാനം നൽകിയ ശേഷമായിരുന്നു ഇത്. യുവതിയും അച്ഛനും കോൺഗ്രസ് നേതാക്കളോട് പരാതിപ്പെട്ടെങ്കിലും നേതൃത്വം പൊലീസിൽ പരാതിനൽകുന്നത് തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസുകൾ അന്വേഷിക്കുന്ന പൊലീസ് സംഘം കോൺഗ്രസ് നേതാവിൽ നിന്നും മകളിൽ നിന്നും മൊഴിയെടുത്തേക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് രാഹുൽ ഇൗ നേതാവുമായി അടുത്ത സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വീട്ടിലെത്തി മകളുമായി പരിചയപ്പെട്ട് സ്‌നേഹം നടിച്ചു. രാഹുലിന്റെ പീഡന കേസുകൾ പുറത്തുവന്നതോടെ ഇൗ സംഭവവും കോൺഗ്രസ് ഗ്രൂപ്പുകളിൽ ചർച്ചയായി. ഇതോടെ യുവതിയുടെ അമ്മയുടെ സഹോദരർ കഴിഞ്ഞദിവസം നേതാവിന്റെ വീട്ടിലെത്തി പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. നേതാവ് വിസമ്മതിച്ചതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. പാർടിയും കെെവിട്ടതോടെ നേതാവും കുടുംബവും മാനസികമായി തകർന്ന നിലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമല്ല.
മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീണ്ടും ഷാഫി
ലൈംഗികപീഡനക്കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും ന്യായീകരിച്ച് ഷാഫി പറന്പിൽ എംപി. കോടതിയിൽ ഇക്കാര്യങ്ങൾ എങ്ങനെ നിൽക്കുമെന്ന് നോക്കിയശേഷം രാഹുലിനെതിരെ പാർടി നടപടി സ്വീകരിക്കുമെന്ന് ഷാഫി പറഞ്ഞു. പൊലീസ് നടപടിയും നോക്കട്ടെ. ശേഷം പാർടി പ്രതികരിക്കേണ്ടതുണ്ടെങ്കിൽ പ്രതികരിക്കും. നിയമപരമായ കാര്യങ്ങളാണ് പറഞ്ഞത്. മാങ്കൂട്ടത്തിൽ രാജിവയ്‌ക്കണോ എന്നതിൽ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.








0 comments