print edition പൂരനഗരിയിൽ തുടരും വികസനമേളം

തൃശൂർ കോർപറേഷൻ നിർമിച്ച ശീതീകരിച്ച ആകാശപ്പാത
സി എ പ്രേമചന്ദ്രൻ
Published on Dec 04, 2025, 03:04 AM | 2 min read
തൃശൂർ
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിൽ പത്തുവർഷത്തിനിടെ നടപ്പാക്കിയ വികസനക്കുതിപ്പ് ആകാശപ്പാതയോളം ഉയർന്നു. ലേണിങ് സിറ്റിയായി യുനെസ്‌കോ പ്രഖ്യാപിച്ച പൂരനഗരി മെട്രോപൊളിറ്റൻ സിറ്റിയിലേക്കുള്ള വളർച്ചയിലാണ്. കോർപറേഷനിലെ എൽഡിഎഫ് ഭരണത്തിൻ കീഴിൽ പതിറ്റാണ്ടിനിടെ 1200 കോടിയുടെ വികസനമാണ് നടപ്പാക്കിയത്. കുടിവെള്ളക്ഷാമത്തിന് പരിഹാരമേകാൻമാത്രം 200 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. ശക്തൻ സ്‌റ്റാൻഡിലാവട്ടെ ശീതീകരിച്ച ആകാശപ്പാതയും. മാലിന്യമലയായിരുന്ന ലാലൂരിൽ ഐ എം വിജയൻ സ്‌പോർട്‌സ് കോപ്ലക്‌സ് ഉയർന്നു. പോസ്റ്റോഫീസ് സ്ഥലം ഏറ്റെടുത്ത് പതിറ്റാണ്ടുകളായുള്ള പട്ടാളംറോഡ് കുരുക്കു മാറ്റി.
ഇന്ത്യയിലാദ്യമായി കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് ദിവാൻജിമൂലയിൽ റെയിൽവെ മേൽപ്പാലം നിർമിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിൽ വടക്കേ ബസ്‌സ്റ്റാൻഡ് നിർമിച്ചു. സംസ്ഥാനത്തെ ആദ്യ മൃഗ ക്രിമിറ്റോറിയം, 64 എംസിഎഫ് ഉൾപ്പെടെ മാലിന്യ സംസ്‌കരണത്തിന് മാതൃകാപദ്ധതികൾ നടപ്പാക്കി. തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഗോൾഡൻഫ്‌ളീ മാർക്കറ്റ് സ്ഥാപിച്ചു. 2010–15 കാലത്ത് യുഡിഎഫ് ഭരണത്തിൽ കേവലം 58 കോടിയുടെ വികസനമാണ് നടപ്പാക്കിയത്.
കോർപറേഷനിൽ എൽഡിഎ-ഫ് ഡിവിഷൻ, ബൂത്ത് കൺവൻഷനുകൾ പൂർത്തിയാക്കി. സ്ഥാനാർഥികളും പ്രവർത്തകരും വീടുകൾ കയറിയിറങ്ങുകയാണ്. നേതൃനിരയും പുതുമുഖങ്ങളുമടങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയ്ക്ക് കഥാകൃത്ത് ലിസി, ഇന്ത്യൻ വെയ്‌റ്റ്‌ലിഫ്‌റ്റിങ് താരം ചിത്ര ചന്ദ്രമോഹൻ തുടങ്ങി കലാകായിക പ്രതിഭകളും മികവേകുന്നു. എൽഡിഎഫിലെ ഘടകകക്ഷികളും ഏകമനസായി രംഗത്തുണ്ട്.
യുഡിഎഫിൽ സ്ഥാനാർഥിനിർണയത്തിൽ ആരംഭിച്ച കലഹം തുടരുകയാണ്. പണംവാങ്ങി സീറ്റുകൾ വിറ്റതിൽ പ്രതിഷേധിച്ച് നാലു മുൻ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പ്രവർത്തകരും നേതാക്കളും കോൺഗ്രസിൽനിന്ന് രാജിവച്ചു. ഡിവിഷനിലെ മുൻ കൗൺസിലർമാരായ ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയുംഷോമി ഫ്രാൻസിസ്‍, തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോർജ് ചാണ്ടി, മഹിളാ കോൺഗ്രസ് നേതാവ് ജയ മുത്തിപ്പിടീക എന്നിവർ മത്സരിക്കുന്നു. കൗൺസിലർ നിമ്മി റപ്പായി രാജിവച്ച് എൻസിപിയിൽ ചേർന്നു. ഒല്ലൂർ ഡിവിഷനിൽ സ്ഥാനാർഥിയാണ്. ബിജെപിയിലെ തമ്മിലടി മൂലം കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റേണ്ടിവന്നു. നിലവിൽ കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ വി ആതിരയ്-ക്കാണ് ഗതികെട്ട് പിന്മാറേണ്ടിവന്നത്.
വടൂക്കരയിൽ മണ്ഡലം വൈസ് പ്രസിഡന്റ് സി ആർ സുജിത് വിമതസ്ഥാനാർഥിയായുണ്ട്.
കോർപറേഷനിൽ ആകെ 56 ഡിവിഷനാണുള്ളത്. സിപിഐ എം 38 സീറ്റിൽ മത്സരിക്കുന്നു. സിപിഐ 8, ആർജെഡി 3, ജെഡിഎസ് 2, കേരള കോൺഗ്രസ് എം 2, എൻസിപി 1, കോൺഗ്രസ് എസ് 1, എൽഡിഎഫ് സ്വതന്ത്ര 1 എന്നിങ്ങനെയാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്.
കക്ഷിനില
ആകെ: 55
• എൽഡിഎഫ് സ്വതന്ത്രനുൾപ്പെടെ: 25
• യുഡിഎഫ്: 24
• എൻഡിഎ: 6










0 comments